സാസ്‌കച്ചെവനിലെ വാഹനമോടിക്കുന്നവർ ഓരോ തവണ പെട്രോൾ അടിക്കുമ്പോഴും ഒരു ലിറ്ററിന് 31 സെൻ്റ് നികുതിയായി നൽകേണ്ടിവരുന്നുണ്ടെന്ന് പുതിയ റിപ്പോർട്ട്. കനേഡിയൻ ടാക്സ്പേയേഴ്സ് ഫെഡറേഷൻ (CTF) പുറത്തുവിട്ട 27-ാമത് വാർഷിക ഗ്യാസ് ടാക്സ് ഓണസ്റ്റി റിപ്പോർട്ടിലാണ് ഈ വിവരങ്ങൾ. ഒരു ലിറ്റർ ഇന്ധനത്തിന്റെ വിലയുടെ ഏകദേശം 24 ശതമാനം നികുതിയായി ഈടാക്കുന്നുണ്ട്. കുടുംബത്തിൻ്റെ ഒരു മിനിവാൻ ഫുൾ ടാങ്ക് അടിച്ചാൽ ഏകദേശം 23 ഡോളർ നികുതി ഇനത്തിൽ മാത്രം ചിലവാകുമെന്നും റിപ്പോർട്ടിൽ പറയുന്നു.
ഈ റിപ്പോർട്ട് പ്രകാരം സാസ്‌കച്ചെവൻ നിവാസികൾക്ക് മൂന്ന് വ്യത്യസ്ത നികുതികളാണ് പെട്രോളിൽ ഈടാക്കുന്നത്. ഫെഡറൽ ഗ്യാസ് ടാക്സ് ഒരു ലിറ്ററിന് 10 സെൻ്റും, ജിഎസ്ടി 6.3 സെൻ്റും, പ്രൊവിൻഷ്യൽ ഗ്യാസ് ടാക്സ് 15 സെൻ്റുമാണ്. എന്നാൽ പെട്രോൾ ബില്ലുകളിൽ സാധാരണയായി രേഖപ്പെടുത്താത്ത ഏഴ് വ്യത്യസ്ത നികുതികൾ വരെ രാജ്യത്ത് ഈടാക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. പ്രൊവിൻഷ്യൽ എക്സൈസ് ടാക്സ്, കാർബൺ ടാക്സ്, ട്രാൻസിറ്റ് ടാക്സ്, പ്രൊവിൻഷ്യൽ സെയിൽസ് ടാക്സ്, ഫെഡറൽ എക്സൈസ് ടാക്സ്, ഫെഡറൽ സെയിൽസ് ടാക്സ്, ടാക്സ്-ഓൺ-ടാക്സ് എന്നിവ ഇതിൽ ഉൾപ്പെടുന്നു. നികുതിയിനത്തിൽ ജനങ്ങൾ കനത്ത ഭാരം വഹിക്കുമ്പോഴും ഫെഡറൽ സർക്കാരും പ്രവിശ്യാ സർക്കാരും ഇന്ധനനികുതി വെട്ടിക്കുറയ്ക്കാൻ നടപടിയെടുക്കണമെന്ന് സിടിഎഫ് പ്രേരി ഡയറക്ടർ ഗേജ് ഹൗബ്രിച്ച് അഭിപ്രായപ്പെട്ടു.
നികുതി ഏറ്റവും കൂടുതൽ ഈടാക്കുന്നത് വാൻകൂവറിൽ നിന്നാണ്. ഒരു ലിറ്ററിന് 63 സെൻ്റാണ് നികുതി. മോൺട്രിയൽ 62 സെൻ്റുമായി രണ്ടാം സ്ഥാനത്തുണ്ട്. രാജ്യത്ത് ഏറ്റവും കുറഞ്ഞ നികുതി ഈടാക്കുന്നത് മാനിറ്റോബയിലാണ്. ഒരു ലിറ്ററിന് 29 സെൻ്റാണ് ഇവിടെ നികുതി. ആൽബർട്ടയാണ് രണ്ടാം സ്ഥാനത്ത്. അതേസമയം, രാജ്യത്ത് പെട്രോളിന് ഏറ്റവും കൂടുതൽ വില വിക്ടോറിയ, ബി.സി. യിലാണ്. ഒരു ലിറ്ററിന് 1.62 ഡോളറാണ് വില. അതിൽ 56 സെൻ്റും നികുതിയാണ്. ഏറ്റവും കുറഞ്ഞ വില ആൽബർട്ടയിലാണ്. ഒരു ലിറ്ററിന് 1.27 ഡോളറാണ് ഇവിടുത്തെ വില. സാസ്‌കച്ചെവൻ മൂന്നാമത്തെ കുറഞ്ഞ വിലയുള്ള പ്രവിശ്യയാണ്, ഒരു ലിറ്ററിന് 1.33 ഡോളറാണ് ഇവിടുത്തെ വില. കനേഡിയൻ സർക്കാർ ഏപ്രിൽ 1 മുതൽ ഉപഭോക്തൃ കാർബൺ ടാക്സ് ഒഴിവാക്കിയതിനാൽ 64 ലിറ്റർ ഫുൾ ടാങ്ക് അടിക്കുമ്പോൾ 11.26 ഡോളർ ലാഭിക്കാമെന്നും റിപ്പോർട്ടിൽ പറയുന്നു.
More costs for motorists: 31 cents per litre tax in Saskatchewan



