റെക്കോർഡ് താപനിലയിൽ തിളച്ച് മറിയുന്ന തെക്കൻ യൂറോപ്പിനെ ചുട്ടുപൊള്ളിച്ച് കാട്ടുതീ. ഗ്രീസ്, സ്പെയിൻ, തുർക്കി, അൽബേനിയ തുടങ്ങിയ രാജ്യങ്ങളിൽ കാട്ടുതീ അതിരൂക്ഷമായി തുടരുകയാണ്. 42 ഡിഗ്രി സെൽഷ്യസിലേക്ക് താപനില ഉയർന്നതോടെ പലയിടത്തും കാട്ടുതീ നിയന്ത്രണാതീതമായി പടർന്നു. ഗ്രീസിലെ പാത്രസിൽ നിന്ന് മാത്രം രണ്ട് ലക്ഷത്തിലധികം ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു.
യൂറോപ്പിൽ സ്ഥിതി അതീവ ഗുരുതരമായിക്കൊണ്ടിരിക്കുകയാണ്. ഇറ്റലിയിലെ 16 നഗരങ്ങളിൽ അത്യുഷ്ണ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
വരുന്ന ദിവസങ്ങളിലും കാട്ടുതീ കൂടുതൽ രൂക്ഷമാകാൻ സാധ്യതയുണ്ടെന്നാണ് അധികൃതർ നൽകുന്ന മുന്നറിയിപ്പ്. ഗ്രീസിൽ മാത്രം ബുധനാഴ്ച രാവിലെ വരെ 82 തീപിടിത്തങ്ങളാണ് രേഖപ്പെടുത്തിയത്. തീ അണയ്ക്കുന്നതിനായി 4,850 അഗ്നിശമന സേനാംഗങ്ങളെയും 33 വിമാനങ്ങളെയും വിന്യസിച്ചിട്ടുണ്ട്. കാട്ടുതീ നിയന്ത്രണവിധേയമാക്കുന്നതിനിടെ സൈനികർ ഉൾപ്പെടെ ഒന്നിലധികം പേർക്ക് ജീവൻ നഷ്ടപ്പെട്ടു. പതിനഞ്ചിലധികം ആളുകൾക്ക് പരിക്കേറ്റതായും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യ്തിട്ടുണ്ട്.
സ്പെയിൻ, പോർച്ചുഗൽ, ഫ്രാൻസ്, ഇറ്റലി, ബാൾക്കൺസ്, ബ്രിട്ടൻ തുടങ്ങിയ നഗരങ്ങളിലും ഈ ആഴ്ച അത്യുഷ്ണം ഉണ്ടാകുമെന്നാണ് അധികൃതർ മുന്നറിയിപ്പ് നൽകുന്നത്.
അത്യുഷ്ണ തരംഗമായ ‘ജൂലിയ’ തെക്കുപടിഞ്ഞാറൻ ജർമനിയിലും എത്തിയിട്ടുണ്ട്. ഇവിടെ പകൽ താപനില 33 ഡിഗ്രി സെൽഷ്യസാണ്. താപനില ഏകദേശം 40 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു.
അതേസമയം, കാട്ടുതീ തടയാനുള്ള അടിയന്തര പ്രതികരണ പ്രവർത്തനങ്ങളെ സഹായിക്കാൻ യുഎഇ പ്രത്യേക സംഘങ്ങളെ അൽബേനിയയുടെ തലസ്ഥാനമായ ടിറാനയിലേക്ക് അയച്ചിട്ടുണ്ട്. പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ നിർദ്ദേശപ്രകാരമാണ് യുഎഇയുടെ ഈ നീക്കം. അഗ്നിശമന വിമാനങ്ങളും മറ്റ് ആവശ്യമായ ഉപകരണങ്ങളും യുഎഇ സംഭാവന ചെയ്യും.



