നഗരത്തിലെ ഭവനരഹിതർക്കായി പ്രവർത്തിക്കുന്ന ഹോംലെസ്സ് ആൻഡ് ഹൗസിങ് ഹെൽപ്പ് ഹബ്ബിന്റെ (H4) നവീകരണത്തിനായി 7.5 മില്യൺ ഡോളർ വരെ ചിലവഴിക്കാൻ വിൻഡ്‌സർ നഗരസഭ തീരുമാനിച്ചു. നിലവിൽ താത്കാലികമായി പ്രവർത്തിക്കുന്ന ഈ കേന്ദ്രം 75 കിടക്കകളുള്ള ഒരു അടിയന്തര അഭയകേന്ദ്രമായി മാറ്റാനാണ് പദ്ധതി. മുൻപ് വാട്ടർ വേൾഡ് ആയിരുന്ന കെട്ടിടത്തിലാണ് ഇപ്പോൾ ഈ കേന്ദ്രം പ്രവർത്തിക്കുന്നത്. ഭവനരഹിതരുടെ എണ്ണത്തിൽ വലിയ വർധനവ് ഉണ്ടായ സാഹചര്യത്തിലാണ് നഗരസഭയുടെ ഈ നീക്കം. കഴിഞ്ഞ മാസത്തെ യോഗത്തിലാണ് നഗരസഭ ഈ സുപ്രധാന തീരുമാനം കൈക്കൊണ്ടത്.
2020-ൽ കോവിഡ് മഹാമാരിയുടെ സമയത്താണ് Wyandotte സ്ട്രീറ്റിലെയും Glengarry അവന്യുവിലെയും പഴയ വാട്ടർ വേൾഡ് കെട്ടിടം പകൽ സമയങ്ങളിൽ പ്രവർത്തിക്കുന്ന ഒരു അടിയന്തര കേന്ദ്രമാക്കി മാറ്റിയത്. വൈദ്യസഹായം, ഭക്ഷണം, ശുചിമുറികൾ, വസ്ത്രങ്ങൾ എന്നിവ ഇവിടെ ഭവനരഹിതർക്ക് ലഭ്യമാണ്. ഈ കേന്ദ്രത്തിന് പകരം ഒരു സ്ഥിരം കെട്ടിടം കണ്ടെത്താനുള്ള ശ്രമങ്ങൾ മുമ്പ് നടന്നിരുന്നെങ്കിലും, നഗരസഭയുടെ ചില സാങ്കേതിക പ്രശ്നങ്ങളെ തുടർന്ന് ഇത് തടസ്സപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് H4 കേന്ദ്രം അഞ്ച് വർഷത്തേക്ക് കൂടി പ്രവർത്തിപ്പിക്കാനും, അത്യാധുനിക സൗകര്യങ്ങളോടെ നവീകരിക്കാനും നഗരസഭ തീരുമാനമെടുത്തത്.
നവീകരണ പ്രവർത്തനങ്ങൾ നടക്കുമ്പോഴും കേന്ദ്രം പൂർണ്ണമായി പ്രവർത്തിക്കും. പഴയ നീന്തൽക്കുളം നികത്തി അവിടെയായിരിക്കും 75 പേർക്ക് താമസിക്കാനുള്ള സൗകര്യങ്ങൾ ഒരുക്കുക. കൂടാതെ, പുതുക്കിയ ശുചിമുറികൾ, വ്യക്തിഗത ലോക്കറുകൾ, പുറത്ത് വേലി കെട്ടിയ സ്ഥലങ്ങൾ എന്നിവയും ഒരുക്കും. 2026-ഓടെ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാനാണ് നഗരസഭ ലക്ഷ്യമിടുന്നത്. വിൻഡ്‌സറിൽ നിലവിൽ 672 ഭവനരഹിതരുണ്ടെന്നാണ് കണക്കുകൾ. എന്നാൽ സാധാരണ രാത്രികളിൽ 165 പേർക്ക് മാത്രമാണ് ഷെൽട്ടറുകളിൽ സൗകര്യമുള്ളത്. കഴിഞ്ഞ ശൈത്യകാലത്ത്, താൽക്കാലികമായി 35 കിടക്കകൾ ഇവിടെ ഒരുക്കേണ്ടി വന്നിരുന്നു.
സ്ഥിരം അഭയകേന്ദ്രം കണ്ടെത്താനുള്ള നടപടികളും സജീവമായി തുടരും. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇതിനായുള്ള സ്ഥലങ്ങൾ പരിശോധിക്കും. പൊതുഗതാഗത സൗകര്യങ്ങളുള്ളതും നഗര കേന്ദ്രത്തിന് അടുത്തുള്ളതുമായ സ്ഥലങ്ങൾക്കാണ് മുൻഗണന നൽകുന്നത്. നഗരസഭാ കൗൺസിൽ അടച്ചിട്ട മുറിയിൽ ഈ വിഷയം ചർച്ച ചെയ്തതിനെക്കുറിച്ച് മാധ്യമങ്ങൾ ചോദ്യങ്ങൾ ഉന്നയിച്ചെങ്കിലും, ഇത് സംബന്ധിച്ച് പ്രതികരിക്കാൻ മേയർ തയ്യാറായില്ല. ഭൂമി സംബന്ധമായ കാര്യങ്ങളും ചർച്ചകളും രഹസ്യമായി വെക്കാനുള്ള നിയമങ്ങൾ ചൂണ്ടിക്കാട്ടിയാണ് നഗരസഭാ അധികൃതർ ഇതിൽ നിന്നും ഒഴിഞ്ഞുമാറിയത്.
Windsor allocates up to $7.5 million for homeless shelter



