ഒരു വീടിനെ തകർത്ത് ബാരിയിൽ ഉഗ്ര സ്ഫോടനം. മാർഷൽ സ്ട്രീറ്റിലെ ഒരു വീട് ശക്തമായ സ്ഫോടനത്തിൽ പൂർണമായും തകർന്നു. ഈ സ്ഫോടനത്തിൽ തീപിടുത്തവും ഉണ്ടായി. ശനിയാഴ്ച ഉച്ചയോടെയാണ് തൊട്ടടുത്തുള്ള തോൺക്രസ്റ്റ് റോഡിനെ പോലും നടുക്കിയ സ്ഫോടനമുണ്ടായത്. ഞായറാഴ്ചയും ഒന്റാറിയോ ഫയർ മാർഷൽ ഓഫീസിലെയും ബാരി പോലീസ് സർവീസിലെയും അന്വേഷണ ഉദ്യോഗസ്ഥർ സ്ഥലത്ത് പരിശോധന നടത്തിയിരുന്നു.
അന്വേഷണ ഉദ്യോഗസ്ഥർ സ്ഫോടനത്തിന്റെ കാരണം കണ്ടെത്താൻ ശ്രമിക്കുകയാണെന്ന് ബാരി പോലീസ് കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻസ് കോർഡിനേറ്റർ പീറ്റർ ലിയോൺ സിടിവി ന്യൂസിനോട് പറഞ്ഞു. ഈ സ്ഫോടനത്തിന് പിന്നിലെ കാരണം കണ്ടെത്താൻ ആവശ്യമായ പരിശീലനവും വൈദഗ്ധ്യവും ഫയർ മാർഷലിനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്ഫോടനത്തിൽ പരിക്കേറ്റ ഒരാളെ ടൊറന്റോയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ നില അതീവ ഗുരുതരമായി തുടരുകയാണെന്ന് പോലീസ് അറിയിച്ചു. സമീപവാസിയുടെ സുരക്ഷാ ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങളിൽ വലിയ ശബ്ദത്തോടെയുള്ള സ്ഫോടനവും തീയും കാണാം. ബാരി ഫയർ ക്രൂ, ബാരി പോലീസ്, കൗണ്ടി ഓഫ് സിംകോ പാരാമെഡിക്സ് എന്നിവരടങ്ങിയ വലിയൊരു സംഘം ഉടൻ തന്നെ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.
മാധ്യമങ്ങൾ സ്ഥലത്തെത്തുമ്പോഴേക്കും വീട് പൂർണമായി നശിച്ചിരുന്നു. തീ അണയ്ക്കാനുള്ള ശ്രമത്തിലായിരുന്നു അഗ്നിശമന സേനാംഗങ്ങൾ. സ്ഫോടനത്തിന്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. നാശനഷ്ടങ്ങൾ എത്രയാണെന്ന് കണക്കാക്കിവരുന്നതായും പോലീസ് അറിയിച്ചു.
A violent explosion shook Bari; House completely destroyed, one seriously injured, investigation intensifies



