ഗാസയിലെ സൈനിക നടപടിയെ ന്യായീകരിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഗാസയിലെ സൈനിക നടപടി പൂർത്തിയാക്കാൻ ഇസ്രയേലിന് മറ്റ് മാർഗ്ഗങ്ങളില്ലെന്നും ഹമാസിനെ പൂർണ്ണമായും പരാജയപ്പെടുത്തുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും നെതന്യാഹു പറഞ്ഞു. രാജ്യത്തിനകത്തു നിന്നും പുറത്തുനിന്നും വർദ്ധിച്ചുവരുന്ന വിമർശനങ്ങൾക്കിടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ലോകരാജ്യങ്ങൾ തങ്ങൾക്കെതിരെ നുണപ്രചാരണം നടത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഗാസയിലെ കാര്യങ്ങൾ ചർച്ച ചെയ്യാൻ ഐക്യരാഷ്ട്രസഭാ രക്ഷാസമിതി അടിയന്തര യോഗം ചേരാനിരിക്കെയാണ് നെതന്യാഹുവിന്റെ പ്രസ്താവന.
മാസങ്ങളായി തുടരുന്ന യുദ്ധത്തിൽ ആദ്യമായി കൂടുതൽ വിദേശ മാധ്യമപ്രവർത്തകരെ ഗാസയിലേക്ക് പ്രവേശിപ്പിക്കാൻ സൈന്യത്തിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഗാസ പിടിച്ചടക്കുകയല്ല, മറിച്ച് അതിനെ സ്വതന്ത്രമാക്കുകയാണ് തങ്ങളുടെ ലക്ഷ്യം. ഇസ്രയേലിന്റെ ശക്തമായ പിന്തുണക്കാരായ ജർമ്മൻ ചാൻസലർ ഫ്രീഡ്രിക്ക് മെർസ് ഗാസയിൽ ഉപയോഗിക്കാവുന്ന സൈനിക ഉപകരണങ്ങൾക്കുള്ള കയറ്റുമതി അനുമതി താൽക്കാലികമായി റദ്ദാക്കിയതിനെയും നെതന്യാഹു വിമർശിച്ചു.
ഗാസയിൽ പട്ടണിയില്ലെന്നും പട്ടിണികൊണ്ട് ആരും മരിക്കുന്നില്ലെന്നും ആവർത്തിച്ച നെതന്യാഹു, ഗാസയിൽ പോഷകാഹാരക്കുറവിൻ്റെ പ്രശ്നമുണ്ടെന്ന് സമ്മതിച്ചു.
ഗാസയുടെ പ്രശ്നങ്ങൾക്ക് പ്രധാന കാരണം ഹമാസാണെന്നും ആയിരക്കണക്കിന് ഹമാസ് തീവ്രവാദികൾ ഇപ്പോഴും അവിടെയുണ്ടെന്നും അദ്ദേഹം ആരോപിച്ചു. അതേസമയം, നെതന്യാഹുവിന്റെ ഗാസയിലെ സൈനിക നീക്കത്തിനെതിരെ ജർമ്മനി, കാനഡ, ഓസ്ട്രിയ, ഓസ്‌ട്രേലിയ, ഇറ്റലി, ന്യൂസിലാൻഡ്, നോർവേ, യു.കെ. തുടങ്ങിയ രാജ്യങ്ങൾ രംഗത്തെത്തി. ഈ നീക്കം അവിടെ ദുരിതങ്ങൾ വർദ്ധിപ്പിക്കുമെന്നും ബന്ദികളുടെ ജീവൻ അപകടത്തിലാക്കുമെന്നും സാധാരണക്കാരായ ജനങ്ങളുടെ പലായനത്തിന് കാരണമാകുമെന്നും രാജ്യങ്ങൾ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.
ഗാസയിൽ സഹായം തേടി കാത്തുനിന്ന 26 പലസ്തീനികൾ കൊല്ലപ്പെട്ടതായി ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. പുതുതായി നിർമ്മിച്ച മൊറാഗ് ഇടനാഴിക്ക് സമീപവും വടക്കൻ ഗാസയിലുമായിരുന്നു സംഭവം. ഭക്ഷണസാധനങ്ങൾ നിറച്ച വാഹനവ്യൂഹത്തെ കാത്തുനിന്നവർക്ക് നേരെയാണ് വെടിവെപ്പുണ്ടായത്. ആരാണ് വെടിയുതിർത്തതെന്ന് വ്യക്തമല്ല. അതേസമയം, ഹമാസ് തീവ്രവാദികൾ സാധാരണ ജനങ്ങൾ താമസിക്കുന്ന സ്ഥലങ്ങളിൽനിന്നും പ്രവർത്തിക്കുന്നതായി ഇസ്രയേൽ ആരോപിച്ചു. നിലവിലെ യുദ്ധത്തിൽ 61,400 പലസ്തീനികൾ കൊല്ലപ്പെട്ടതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്. ഇതിൽ, 100 കുട്ടികളും 117 മുതിർന്നവരും പട്ടിണികൊണ്ട് മരിച്ചവരാണ്.
ഗാസയിലെ സൈനിക നീക്കത്തിനെതിരെ ഇസ്രയേലിലും പ്രതിഷേധം ശക്തമാവുകയാണ്. ഗാസയിലെ യുദ്ധം വികസിപ്പിക്കാനുള്ള നെതന്യാഹുവിന്റെ നീക്കം ബന്ദികളുടെ ജീവന് ഭീഷണിയാണെന്ന് അവരുടെ കുടുംബാംഗങ്ങൾ ആരോപിച്ചു. ബന്ദികളെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് പതിനായിരക്കണക്കിന് ആളുകളാണ് ടെൽ അവീവിൽ ഒത്തുകൂടിയത്. ഹമാസ് തട്ടിക്കൊണ്ടുപോയ 50 ബന്ദികളാണ് ഇപ്പോഴും ഗാസയിലുള്ളത്. ഇവരിൽ 20 പേർ ജീവിച്ചിരിപ്പുണ്ടെന്നാണ് കരുതുന്നത്.
'This is a propaganda lie'; Netanyahu justifies military action in Gaza, what's behind it?



