ബിഗ് ബോസ് മലയാളം സീസൺ 7-ൽ ആദ്യ എലിമിനേഷൻ വീക്കെൻഡ് എപ്പിസോഡിന് തുടക്കമായി. ആകാംഷയുടെയും ഭയത്തിൻ്റെയും നിമിഷങ്ങളുമായി മത്സരാർത്ഥികളും പ്രേക്ഷകരും കാത്തിരിക്കുകയാണ്. ഇത്തവണ 8 പേരാണ് എലിമിനേഷൻ ലിസ്റ്റിൽ ഇടംപിടിച്ചത്.
ശൈത്യ സന്തോഷ്, മുൻഷി രഞ്ജിത്, ജിസേൽ തക്രാൽ, രേണു സുധി, നെവിൻ ജോർജ്, ആര്യൻ കദൂരിയ, സരിക കെബി, അനുമോൾ ആർഎസ് എന്നിവരാണ് ആദ്യ വീക്കിലെ എലിമിനേഷനിലുള്ളത്. ഇവരിൽ, ശൈത്യ സന്തോഷിനാണ് നോമിനേഷൻ വോട്ടിങ്ങിൽ ഏറ്റവും കൂടുതൽ വോട്ടുകൾ ലഭിച്ചത്. മുൻഷി രഞ്ജിത്ത് അഞ്ച് വോട്ടുകളോടെ രണ്ടാമതെത്തി. രേണു, നെവിൻ, ജിസേൽ എന്നിവർക്ക് നാല് വോട്ടുകളും, ആര്യന് മൂന്ന് വോട്ടുകളും, അനുമോൾക്കും സരികയ്ക്കും രണ്ട് വോട്ടുകളും ലഭിച്ചു.
പ്രേക്ഷകരുടെ വിലയിരുത്തലിൽ മുൻഷി രഞ്ജിത്തും ശൈത്യയുമാണ് പുറത്തുപോകാൻ സാധ്യതയുള്ളവർ. ഇവർ രണ്ടുപേരും വീടിനകത്ത് അത്ര സജീവമല്ലെന്നാണ് പൊതുവെയുള്ള അഭിപ്രായം. മുൻഷി രഞ്ജിത്ത് ഇതുവരെ കളിയുടെ ട്രാക്കിൽ എത്തിയിട്ടില്ലെന്ന് മത്സരാർത്ഥികളും പ്രേക്ഷകരും പറയുന്നു. ഒരു വക്കീൽ ആയിട്ടുപോലും തൻ്റെ നിലപാടുകൾ വ്യക്തമാക്കാൻ ശൈത്യക്ക് കഴിയുന്നില്ലെന്നും പ്രേക്ഷകർ വിലയിരുത്തുന്നു.
കഴിഞ്ഞ ദിവസം മോഹൻലാൽ ഹൗസിൽ എത്തിയിരുന്നു. ഓമനപ്പേര് ടാസ്ക് മോശമായി അവതരിപ്പിച്ചതിന് അക്ബറിനും, നോമിനേഷനെക്കുറിച്ചുള്ള വീഡിയോ നേരത്തേ എടുത്തതിന് രേണുവിനും മോഹൻലാൽ താക്കീത് നൽകി. കൂടാതെ, ടാസ്കുകളിൽ മികച്ച പ്രകടനം കാഴ്ചവെക്കാത്ത മറ്റു മത്സരാർത്ഥികളെയും ലാലേട്ടൻ വിമർശിച്ചു.
ഇന്നത്തെ എപ്പിസോഡിലാണ് ബിഗ് ബോസ് വീട്ടിൽ നിന്ന് ആരാണ് പുറത്തുപോകുക എന്നറിയാൻ കഴിയുക. ആദ്യ എലിമിനേഷൻ ആരുടെ പുറത്തേക്കുള്ള വഴി തുറക്കുമെന്ന് കണ്ടുതന്നെ അറിയാം.
The first elimination for Bigg Boss Malayalam Season 7 is happening this weekend



