ഷാർജയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച കൊല്ലം തേവലക്കര സ്വദേശിനി അതുല്യയുടെ മരണവുമായി ബന്ധപ്പെട്ട് ഭർത്താവ് സതീഷ് പിടിയിൽ. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ച് എമിഗ്രേഷൻ വിഭാഗമാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഷാർജയിൽ നിന്ന് ഇന്ന് രാവിലെ വിമാനമിറങ്ങിയ സതീഷിനെ വലിയതുറ പോലീസിന് കൈമാറി. അതുല്യയുടെ കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സതീഷിനെതിരെ കൊലക്കുറ്റം ചുമത്തി ചവറ തെക്കുംഭാഗം പോലീസ് കേസെടുത്തിരുന്നു.
അതുല്യയുടെ മരണവുമായി ബന്ധപ്പെട്ട കേസ് കഴിഞ്ഞ ദിവസമാണ് സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറിയത്. നിലവിൽ കരുനാഗപ്പള്ളി എഎസ്പി അഞ്ജലി ഭാവനയുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. ജൂലൈ 19-നാണ് അതുല്യയെ ഭർത്താവ് സതീഷിനൊപ്പം താമസിച്ചിരുന്ന ഷാർജയിലെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ഷാർജയിൽ നടത്തിയ ഫൊറൻസിക് പരിശോധനയിൽ മരണത്തിൽ അസ്വാഭാവികത ഇല്ലെന്നാണ് കണ്ടെത്തിയിരുന്നത്. എന്നാൽ മൃതദേഹം നാട്ടിലെത്തിച്ച് നടത്തിയ റീ-പോസ്റ്റ്‌മോർട്ടത്തിന്റെ ഫലം വരാനിരിക്കുകയാണ്. സതീഷിനെ കണ്ടെത്താൻ പോലീസ് ലുക്കൗട്ട് സർക്കുലർ പുറപ്പെടുവിച്ചിരുന്നു. മറ്റൊരു രാജ്യത്ത് അന്വേഷിക്കേണ്ട കേസായതുകൊണ്ടാണ് ലോക്കൽ പോലീസിൽ നിന്ന് കേസ് ക്രൈം ബ്രാഞ്ചിന് കൈമാറിയത്.
ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി പോലീസ് അന്വേഷണം ഊർജിതമാക്കുന്നതിനിടെയാണ് സതീഷ് വിമാനത്താവളത്തിൽ വെച്ച് പിടിയിലാകുന്നത്. അതുല്യയുടെ കുടുംബത്തിന്റെ പരാതിയിൽ സതീഷിനെതിരെ കൊലക്കുറ്റം ചുമത്തി കേസെടുത്തത് മുതൽ പോലീസ് ഇയാൾക്കായി തിരച്ചിൽ തുടങ്ങിയിരുന്നു.
ഷാർജയിലെ അതുല്യയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് കുടുംബം ആരോപിച്ചിരുന്നു. സതീഷിന്റെ ക്രൂരതകൾ ചിത്രീകരിച്ച മൊബൈൽ ഫോൺ കണ്ടെടുക്കാൻ പോലീസ് പ്രത്യേക എട്ടംഗ സംഘത്തെ രൂപീകരിച്ചിരുന്നു. കൂടുതൽ വിവരങ്ങൾ സതീഷിനെ ചോദ്യം ചെയ്യുന്നതിലൂടെ ലഭ്യമാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ.



