വടക്കൻ ഒൻ്റാറിയോയിലെ പല പ്രദേശങ്ങളിലും കടുത്ത ചൂടും ഈർപ്പവുമുള്ള കാലാവസ്ഥ തുടരുന്നതിനാൽ എൻവിറോണ്മെന്റ് കാനഡ ഉഷ്ണതരംഗ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ഗ്രേറ്റർ സഡ്ബറി, മാനിറ്റൗലിൻ ദ്വീപ്, നോർത്ത് ബേ, പാരി സൗണ്ട്, സോൾട്ട് സെന്റ്. മാരി, ടിമ്മിൻസ് എന്നിവയും ഇവയോട് ചേർന്നുള്ള ചെറു പട്ടണങ്ങളുമാണ് മുന്നറിയിപ്പുള്ള പ്രധാന സ്ഥലങ്ങൾ. പകൽ സമയങ്ങളിൽ താപനില 29 മുതൽ 33 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാം.
ഈർപ്പം കൂടിയതിനാൽ ചൂട് 35 മുതൽ 45 ഡിഗ്രി സെൽഷ്യസ് വരെ അനുഭവപ്പെടാൻ സാധ്യതയുണ്ട്. രാത്രിയിലും ചൂടിന് കാര്യമായ കുറവുണ്ടാകില്ല; താപനില 20 ഡിഗ്രി സെൽഷ്യസിന് അടുത്തായിരിക്കും. ഗ്രേറ്റർ സഡ്ബറിയിലും നോർത്ത് ബേയിലും തിങ്കളാഴ്ച വരെ ചൂട് തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. മാനിറ്റൗലിൻ ദ്വീപിലും ടിമ്മിൻസിലും ഞായറാഴ്ച വൈകുന്നേരത്തോടെ ചൂടിന് ശമനമുണ്ടാകും. സോൾട്ട് സെന്റ്. മാരിയിൽ ശനിയാഴ്ച വൈകുന്നേരം വരെയാണ് മുന്നറിയിപ്പ്.
ആരോഗ്യപ്രശ്നങ്ങളും സുരക്ഷാ മുൻകരുതലുകളും
അമിത ചൂട് ഹീറ്റ് എക്സ്ഹോഷൻ, ഹീറ്റ് സ്ട്രോക്ക് തുടങ്ങിയ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. തലവേദന, മനംപുരട്ടൽ, തലകറക്കം, അതിയായ ദാഹം, മൂത്രത്തിന് കടുത്ത നിറം, കഠിനമായ ക്ഷീണം എന്നിവ ഹീറ്റ് എക്സ്ഹോഷന്റെ ലക്ഷണങ്ങളാണ്. ചർമ്മം ചുവന്ന് ചൂടാകുക, ആശയക്കുഴപ്പം, ബോധക്ഷയം എന്നിവ ഹീറ്റ് സ്ട്രോക്കിന്റെ ലക്ഷണങ്ങളാണ്. ഇത് ഒരു മെഡിക്കൽ എമർജൻസിയാണ്.
പ്രായമായവർ, കുട്ടികൾ, വിട്ടുമാറാത്ത രോഗങ്ങളുള്ളവർ, പുറത്ത് ജോലി ചെയ്യുന്നവർ, ഭവനരഹിതർ എന്നിവരാണ് ചൂടുകാറണം കൂടുതൽ അപകടസാധ്യത നേരിടുന്നത്. എല്ലാവരും ഈ വിഷയത്തിൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് അധികൃതർ നിർദ്ദേശിക്കുന്നു. ഉയർന്ന അപകടസാധ്യതയുള്ളവരെ ഇടയ്ക്കിടെ വിളിച്ച് വിവരങ്ങൾ അന്വേഷിക്കാനും, നന്നായി വെള്ളം കുടിക്കാനും, തണുപ്പുള്ള സ്ഥലങ്ങളിൽ കഴിയാനും, പുറത്തെ ജോലികൾ പകൽ തണുപ്പുള്ള സമയങ്ങളിലേക്ക് മാറ്റാനും അധികൃതർ ഉപദേശിക്കുന്നു.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ഈ ചൂടുള്ള കാലാവസ്ഥയിൽ എല്ലാവരും പാലിക്കേണ്ട ചില കാര്യങ്ങൾ എൻവിറോണ്മെന്റ് കാനഡ വകുപ്പും പൊതുജനാരോഗ്യ അധികാരികളും ശുപാർശ ചെയ്യുന്നു:
- ദാഹം തോന്നുന്നതിനു മുൻപേ തന്നെ ധാരാളം വെള്ളം കുടിക്കുക.
- ഇളം നിറത്തിലുള്ളതും അയഞ്ഞതുമായ വസ്ത്രങ്ങൾ ധരിക്കുക. വീതിയുള്ള തൊപ്പി ഉപയോഗിക്കുക.
- ഫാനുകൾ, എയർ കണ്ടീഷനിങ് എന്നിവ ഉപയോഗിക്കുക
- കുട്ടികളെയോ വളർത്തുമൃഗങ്ങളെയോ കാറിനുള്ളിൽ ഒറ്റയ്ക്ക് ഇരുത്തരുത്.
- ഭക്ഷണം പാകം ചെയ്യാൻ അടുപ്പ് ഉപയോഗിക്കുന്നത് ഒഴിവാക്കുക. ജനലുകൾക്ക് കർട്ടനുകൾ ഇട്ട് വെയിൽ അകത്തേക്ക് കടക്കാതെ ശ്രദ്ധിക്കുക.
വരും ദിവസങ്ങളിൽ തണുത്ത കാലാവസ്ഥ എത്തുമെന്നാണ് പ്രതീക്ഷ. സോൾട്ട് സെന്റ്. മാരിയിൽ ശനിയാഴ്ച വൈകുന്നേരവും, മാനിറ്റൗലിൻ ദ്വീപിലും ടിമ്മിൻസിലും ഞായറാഴ്ച വൈകുന്നേരവും, ഗ്രേറ്റർ സഡ്ബറിയിലും നോർത്ത് ബേയിലും തിങ്കളാഴ്ച വൈകുന്നേരവും ചൂടിന് ആശ്വാസമുണ്ടാകും. ഈ സമയങ്ങളിൽ എൻവിറോണ്മെന്റ് കാനഡ വകുപ്പിന്റെ അറിയിപ്പുകൾ ശ്രദ്ധിക്കാൻ എല്ലാവരോടും അധികൃതർ ആവശ്യപ്പെടുന്നു.
Northern Ontario is sweltering in the heat: Temperatures could reach 45 degrees: If you're not careful, you'll get burned! Warning!



