പ്രവിശ്യയുടെ ആരോഗ്യമേഖലയെ ശക്തിപ്പെടുത്തുന്നതിനുള്ള ചരിത്രപരമായ നീക്കവുമായി ഒന്റാറിയോ സർക്കാർ.നഴ്സിംഗ് വിദ്യാഭ്യാസത്തിനായി 56.8 മില്യൺ ഡോളർ നിക്ഷേപിക്കാൻ സർക്കാർ തീരുമാനിച്ചു. 2029-ഓടെ പ്രവിശ്യയിലെ കോളേജുകളിലും സർവ്വകലാശാലകളിലുമായി 2,200 പുതിയ നഴ്സിംഗ് സീറ്റുകൾ സൃഷ്ടിക്കാനാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്. ആശുപത്രികൾ, ദീർഘകാല പരിചരണ കേന്ദ്രങ്ങൾ, കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററുകൾ എന്നിവിടങ്ങളിലെ ജീവനക്കാരുടെ ക്ഷാമം പരിഹരിക്കാനും മികച്ച ചികിത്സ ഉറപ്പാക്കാനും ഈ പദ്ധതി സഹായിക്കുമെന്ന് അധികൃതർ അറിയിച്ചു.
പുതിയ പദ്ധതിക്ക് കീഴിൽ, നഴ്‌സുമാർക്ക് കൂടുതൽ പഠന സാധ്യതകൾ ഒരുക്കുന്നതിനായി നേരിട്ടുള്ള ക്ലാസുകളും, ഓൺലൈൻ ക്ലാസുകളും ആരംഭിക്കും. പേഴ്‌സണൽ സപ്പോർട്ട് വർക്കേഴ്‌സ് (PSWs), രജിസ്റ്റേർഡ് പ്രാക്ടിക്കൽ നഴ്‌സുമാർ (RPNs) എന്നിവർക്ക് അവരുടെ കരിയറിൽ വളർച്ച നേടാനും ഉയർന്ന നഴ്സിംഗ് റോളുകളിലേക്ക് മാറാനും ഇത് സഹായകമാകും. പ്രത്യേകിച്ച്, വിദൂര ഗ്രാമപ്രദേശങ്ങളിലും പിന്നോക്കം നിൽക്കുന്ന സമൂഹങ്ങളിലും നഴ്സുമാരുടെ ക്ഷാമം പരിഹരിക്കാൻ ഈ നടപടി സഹായിക്കുമെന്നാണ് പ്രതീക്ഷ.
അതോടൊപ്പം, സർവ്വകലാശാലകളിലെ ലബോറട്ടറികളും പരിശീലന സൗകര്യങ്ങളും നവീകരിക്കുന്നതിനായി 75 ലക്ഷം ഡോളർ അധികമായി നിക്ഷേപിക്കാനും സർക്കാർ തീരുമാനിച്ചു. പുതിയ സാങ്കേതികവിദ്യകളും ഉപകരണങ്ങളും ഉപയോഗിച്ച് വിദ്യാർത്ഥികൾക്ക് കൂടുതൽ പ്രായോഗിക പരിശീലനം നൽകാൻ ഈ നീക്കം സഹായിക്കും, ഇതിലൂടെ അവർക്ക് ആശുപത്രികളിലെ തൊഴിൽ സാഹചര്യങ്ങൾ മുൻകൂട്ടി മനസ്സിലാക്കാനും മികച്ച രീതിയിൽ പ്രവർത്തിക്കാനും കഴിയും.
കഴിഞ്ഞ കുറച്ചുവർഷങ്ങളായി ഒന്റാറിയോയുടെ ആരോഗ്യമേഖലയിൽ വലിയ വളർച്ചയാണ് ഉണ്ടായിട്ടുള്ളത്. 2018 മുതൽ ഏകദേശം 100,000 പുതിയ നഴ്‌സുമാർ സേവന രംഗത്തേക്ക് എത്തിയിട്ടുണ്ട്, കൂടാതെ 30,000 പേർ ഇപ്പോൾ പരിശീലനത്തിലാണ്. പുതിയ നിക്ഷേപം ഈ വളർച്ചയെ കൂടുതൽ ശക്തിപ്പെടുത്തുമെന്നും, പ്രായമായ ജനസംഖ്യ വർദ്ധിക്കുന്നതുമൂലം ആരോഗ്യ സേവനങ്ങൾക്കുള്ള ആവശ്യം ഉയരുന്ന സാഹചര്യത്തിൽ ഇത് വളരെ നിർണ്ണായകമാണെന്നും സർക്കാർ ഉദ്യോഗസ്ഥർ പറഞ്ഞു.
പുതിയ നഴ്‌സുമാരെ പരിശീലിപ്പിക്കുക മാത്രമല്ല, അവരെ പ്രവിശ്യയിലെ ആരോഗ്യസംരക്ഷണ സംവിധാനത്തിൽ നിലനിർത്താനും ഈ നിക്ഷേപം സഹായിക്കുമെന്ന് സർക്കാർ വ്യക്തമാക്കി. വിദ്യാഭ്യാസത്തിലും അടിസ്ഥാന സൗകര്യങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ഭാവിയിലെ വെല്ലുവിളികൾ നേരിടാൻ പ്രാപ്തിയുള്ള ഒരു ആരോഗ്യ സേനയെ കെട്ടിപ്പടുക്കുന്നതിനുള്ള ഒരു നിർണ്ണായക ചുവടുവെപ്പാണ്.
The Ontario government has made a historic move to strengthen the province’s health sector. The government has decided to invest $56.8 million in nursing education.



