അമേരിക്കയിൽ നിർമ്മിക്കുന്ന ഉൽപ്പന്നങ്ങൾക്ക് ഇളവ് നൽകിക്കൊണ്ട്, ഇറക്കുമതി ചെയ്യുന്ന കമ്പ്യൂട്ടർ ചിപ്പുകൾക്ക് 100% താരിഫ് ഏർപ്പെടുത്തുമെന്ന ഡൊണാൾഡ് ട്രംപിന്റെ പുതിയ നയം ആഗോള ഇലക്ട്രോണിക്സ് വിപണിയെ ആശങ്കയിലാഴ്ത്തുന്നു. ഇത് മൊബൈൽ ഫോണുകൾ, വാഹനങ്ങൾ, ഗാർഹിക ഉപകരണങ്ങൾ എന്നിവയുൾപ്പെടെ കമ്പ്യൂട്ടർ ചിപ്പുകളെ ആശ്രയിക്കുന്ന എല്ലാ ഉൽപ്പന്നങ്ങളുടെയും വില ഗണ്യമായി വർധിക്കാൻ കാരണമാകും. യു.എസിലെ ഉത്പാദനം വർധിപ്പിക്കുകയും വിദേശ ചിപ്പ് നിർമ്മാതാക്കളെ ആശ്രയിക്കുന്നത് കുറയ്ക്കുകയുമാണ് ഈ നീക്കത്തിലൂടെ ട്രംപ് ലക്ഷ്യമിടുന്നത്.
പുതിയ നയം പ്രഖ്യാപിച്ചത് ആഗോള ടെക് ഭീമനായ ആപ്പിളിന്റെ സിഇഒ ടിം കുക്കുമായി വൈറ്റ് ഹൗസിൽ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ്. അമേരിക്കയിൽ ചിപ്പുകൾ നിർമ്മിക്കുന്ന കമ്പനികൾക്ക് ഈ താരിഫ് ബാധകമല്ലെന്നും ട്രംപ് വ്യക്തമാക്കി. കോവിഡ്-19 മഹാമാരിയുടെ സമയത്ത് ചിപ്പുകളുടെ ലഭ്യതക്കുറവ് ഓട്ടോമൊബൈൽ വ്യവസായത്തെ സാരമായി ബാധിച്ചിരുന്നു. ഇതോടെ ഉയർന്നുവന്ന ചിപ്പ് ക്ഷാമം ഉപഭോക്തൃ ഉൽപ്പന്നങ്ങളുടെ വില വർധിക്കുന്നതിനും നാണ്യപ്പെരുപ്പത്തിനും കാരണമായി. ഈ സാഹചര്യത്തിലാണ് ട്രംപിന്റെ പുതിയ നീക്കം.
യു.എസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനികൾക്ക് ഇത് ഒരു പരിധി വരെ സഹായകമാകുമെന്നാണ് സൂചന. ആഗോളതലത്തിൽ വൻതോതിൽ ചിപ്പുകൾ ഇറക്കുമതി ചെയ്യുന്ന ആപ്പിൾ പോലുള്ള കമ്പനികൾ, അവരുടെ ഉത്പാദനം യു.എസിലേക്ക് മാറ്റാൻ നിർബന്ധിതരാകും. നിലവിൽ ചൈനയിലും ഇന്ത്യയിലുമായി നിർമ്മിക്കുന്ന ലക്ഷക്കണക്കിന് ഐഫോണുകളെ ഈ താരിഫ് എങ്ങനെ ബാധിക്കുമെന്നതാണ് പ്രധാന ചോദ്യം.
ട്രംപിന്റെ ഈ നയം മുൻ പ്രസിഡന്റ് ജോ ബൈഡൻ്റെ ചിപ്പ്സ് ആൻഡ് സയൻസ് ആക്ടിന് വിരുദ്ധമാണ്. ചിപ്പ് നിർമ്മാതാക്കൾക്ക് 50 ബില്യൺ ഡോളറിലധികം ധനസഹായം നൽകി യു.എസിൽ ഉത്പാദനം പ്രോത്സാഹിപ്പിക്കുക എന്നതായിരുന്നു ബൈഡൻ ഭരണകൂടത്തിന്റെ ലക്ഷ്യം. എന്നാൽ, ധനസഹായങ്ങൾ നൽകുന്നതിന് പകരം ഇറക്കുമതി താരിഫ് വർധിപ്പിച്ച് കമ്പനികളെ സ്വന്തം രാജ്യത്തേക്ക് ആകർഷിക്കാനാണ് ട്രംപ് ശ്രമിക്കുന്നത്. ഇത് ഒരു വശത്ത് കോർപ്പറേറ്റ് ലാഭത്തെ ബാധിക്കുമെങ്കിലും, മറുവശത്ത് മൊബൈൽ ഫോണുകൾ, ടിവികൾ, മറ്റ് ഗാർഹിക ഉപകരണങ്ങൾ എന്നിവയുടെ വില ഉയർത്താൻ സാധ്യതയുണ്ട്.
Content Highlights : US imposes 100% tariff on chips; Tech, auto prices may rise



