യു.എസ്. സൈനിക താവളമായ ജോർജിയയിലെ ഫോർട്ട് സ്റ്റുവർട്ടിൽ വെടിവെപ്പ്. സംഭവത്തിൽ അഞ്ച് സൈനികർക്ക് പരിക്കേറ്റു. വെടിവെച്ചയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. അതിനാൽ, ഇപ്പോൾ അവിടെ ഭീഷണിയില്ലെന്ന് സൈനിക അധികൃതർ അറിയിച്ചു. പരിക്കേറ്റ സൈനികർക്ക് ആദ്യം സംഭവസ്ഥലത്തുവെച്ചുതന്നെ വൈദ്യസഹായം നൽകി. പിന്നീട് അവരെ കൂടുതൽ ചികിത്സയ്ക്കായി വിൻ ആർമി കമ്മ്യൂണിറ്റി ആശുപത്രിയിലേക്ക് മാറ്റി.
പരിക്കേറ്റവരുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്ന് ഫോർട്ട് സ്റ്റുവർട്ട് ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. രാവിലെ 10:56-നാണ് വെടിവെപ്പിനെക്കുറിച്ച് പോലീസിന് വിവരം ലഭിക്കുന്നത്. ഉടൻതന്നെ പോലീസ് സ്ഥലത്തെത്തി, 11:04-ഓടെ സൈനിക താവളം പൂർണ്ണമായും അടച്ചു.
11:35-ഓടെ സംശയിക്കുന്നയാളെ പിടികൂടുകയും ചെയ്തു. അക്രമി ഒരു സൈനികനാണോ എന്നതുൾപ്പെടെയുള്ള വിവരങ്ങൾ സൈന്യം പുറത്തുവിട്ടിട്ടില്ല. സംഭവത്തിൽ ജോർജിയ ഗവർണർ ബ്രയാൻ കെംപ് ദുഃഖം രേഖപ്പെടുത്തി. “ഈ ദുരന്തത്തിൽ താനും കുടുംബവും അതീവ ദുഃഖിതരാണ്. പരിക്കേറ്റവർക്കും അവരുടെ കുടുംബങ്ങൾക്കും വേണ്ടി തങ്ങൾ പ്രാർത്ഥിക്കുന്നുവെന്ന് അദ്ദേഹം എക്സിൽ കുറിച്ചു.
പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെയും സംഭവവിവരങ്ങൾ ധരിപ്പിച്ചിട്ടുണ്ട്. അദ്ദേഹം സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് അറിയിച്ചു.



