എയർ കാനഡ ഫ്ലൈറ്റ് അറ്റൻഡൻ്റുമാർ പണിമുടക്ക് പ്രഖ്യാപിക്കാനുള്ള സാധ്യതകൾ വർധിക്കുന്നു. പണിമുടക്കിനുള്ള യൂണിയൻ്റെ നിർദേശങ്ങൾ അംഗീകരിക്കണമോ എന്ന വിഷയത്തിൽ കഴിഞ്ഞ ഒരാഴ്ചയായി നടന്ന വോട്ടെടുപ്പ് ഇന്ന് അവസാനിക്കും. ദി കനേഡിയൻ യൂണിയൻ ഓഫ് പബ്ലിക് എംപ്ലോയീസ് (CUPE) ആണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. 10,000-ൽ അധികം വരുന്ന ഫ്ലൈറ്റ് അറ്റൻഡൻ്റുമാരെ പ്രതിനിധീകരിക്കുന്ന യൂണിയൻ്റെ പണിമുടക്ക് പ്രഖ്യാപനത്തിനുള്ള നീക്കങ്ങൾ ഈ വർഷം ആദ്യം മുതലേ ആരംഭിച്ചിരുന്നു.
എന്നാൽ യൂണിയനും എയർ കാനഡയും തമ്മിലുള്ള പ്രശ്നങ്ങളിൽ ഫെഡറൽ ഗവൺമെൻ്റ് മധ്യസ്ഥത വഹിച്ചിരുന്നു. എന്നാൽ ഇരുകൂട്ടരും തമ്മിൽ യാതൊരു ധാരണയിലുമെത്താൻ സാധിക്കാതെ വന്നതോടെയാണ് യൂണിയൻ വോട്ടെടുപ്പിലേക്ക് നീങ്ങിയത്.
ശമ്പളം, പെൻഷൻ, ശമ്പളമില്ലാത്ത അവധി തുടങ്ങിയ പ്രധാന വിഷയങ്ങളിൽ ധാരണയിലെത്താൻ സാധിക്കാത്തതാണ് യൂണിയൻ്റെ നീക്കത്തിന് പിന്നിൽ.
യൂണിയനുമായി ചർച്ചകൾക്ക് ഇപ്പോഴും തയ്യാറാണെന്ന് എയർ കാനഡ അറിയിച്ചിട്ടുണ്ട്. ജീവനക്കാരുടെ സംഭാവനകളെ അംഗീകരിക്കുകയും കമ്പനിയുടെ ദീർഘകാല വളർച്ചയെ പിന്തുണയ്ക്കുകയും ചെയ്യുന്ന ഒരു കൂട്ടായ കരാറിലേക്ക് എത്തുമെന്നും എയർലൈൻ പ്രസ്താവനയിൽ പറഞ്ഞു. വോട്ടെടുപ്പ് കഴിഞ്ഞാൽ ഉടൻ പണിമുടക്ക് ഉണ്ടാകില്ലെന്നും എയർ കാനഡ വ്യക്തമാക്കി. 60 ദിവസത്തെ അനുരഞ്ജന കാലയളവിനു ശേഷം 21 ദിവസത്തെ കൂളിംഗ് ഓഫ് പിരീഡ് ഉണ്ട്.
അതിനു ശേഷം മാത്രമേ പണിമുടക്ക് നടക്കുകയുള്ളൂ എന്നും എയർലൈൻ മുന്നറിയിപ്പ് നൽകി. എയർ കാനഡയിലെ ഈ നീക്കം യാത്രക്കാരെ വലിയ രീതിയിൽ ബാധിക്കാൻ സാധ്യതയുണ്ടെന്നാണ് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്. യൂണിയൻ വോട്ടെടുപ്പിൽ എന്ത് തീരുമാനമെടുക്കുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. അതിനു ശേഷം മാത്രമേ അടുത്ത നീക്കങ്ങൾ വ്യക്തമാവുകയുള്ളൂ.



