ദേശീയ ചലച്ചിത്ര പുരസ്കാര നിർണയത്തിനെതിരെ വിമർശനവുമായി നടി ഉർവശി. വിജയരാഘവനെ സഹനടനായും തന്നെ സഹനടിയായും തെരഞ്ഞെടുത്തതിൻറെ മാനദണ്ഡമെന്തെന്ന് ജൂറി വ്യക്തമാക്കണം. നമ്മുടെ ഭാഷക്ക് അർഹിച്ചത് എന്തുകൊണ്ട് കിട്ടിയില്ലെന്നും ഉർവശി ചോദിച്ചു.
പുരസ്കാരത്തിന് തെരഞ്ഞെടുക്കാനുള്ള പ്രോട്ടോകോൾ എന്താണ്?. അഭിനയത്തിന് എന്തെങ്കിലും അളവുകോലുണ്ടോ? ഈ പ്രായം കഴിഞ്ഞാൽ ഇങ്ങനെ കൊടുത്താൽ മതിയെന്നാണോ തീരുമാനമെന്നും ഉർവശി ചോദിച്ചു. തനിക്കും വിജയരാഘവനും ഉളള പുരസ്കാരം എങ്ങനെ തീരുമാനിച്ചെന്ന് അറിയിക്കണം?. എന്തുകൊണ്ട് മികച്ച നടിക്കുള്ള പുരസ്കാരം പങ്കിട്ടില്ലെന്നും ഉർവശി ചോദിച്ചു.
പ്രോഗ്രസ് റിപ്പോർട്ടിൽ മാർക്ക് കിട്ടുന്നതുപോലെയാണ് അവാർഡിനെ കാണുന്നതെന്നും ചില സമയങ്ങളിൽ അതിലെ മാർക്ക് ബോധപൂർവം കുറച്ചതാണോ എന്ന് ആലോചിച്ചിട്ടുണ്ടെന്നും ഉർവശി പറയുന്നു. മികച്ച നടിക്കും സഹനടിക്കും അവാർഡ് എങ്ങനെയാണ് നിർണയിക്കുന്നതെന്ന് ഉർവശി ചോദിച്ചു. അതേപ്പറ്റി ആരെങ്കിലും പറഞ്ഞുനൽകണം. സംസ്ഥാന സർക്കാരാണെങ്കിലും അതേപ്പറ്റി പറയാൻ ബാധ്യസ്ഥരാണെന്നും ഉർവശി പറഞ്ഞു. അത് ഇനിയെങ്കിലും പുറത്തറിയണം. അല്ലെങ്കിൽ പുതിയ ഒരു തലമുറ അതേപ്പറ്റി ചോദിക്കുമെന്നും ഉർവശി പറയുന്നു.
അവാർഡ് വാങ്ങുന്ന കാര്യത്തിൽ തോന്നുന്നത് പോലെ ചെയ്യും. വാങ്ങി പൊക്കോണമെന്നത് അംഗീകരിക്കാനാകില്ലെന്നും തരുന്നത് സന്തോഷത്തോടെ വാങ്ങിപ്പോകാൻ പെൻഷൻ കാശല്ലെന്നും ഉർവശി പറഞ്ഞു. നമ്മുടെ ഭാഷക്ക് എന്തുകൊണ്ട് അർഹിച്ചത് കിട്ടിയില്ലെന്ന് സുരേഷ് ഗോപി അന്വേഷിച്ച് പറയട്ടേയെന്നും ഉർവശി പറഞ്ഞു. ഉള്ളൊഴുക്കിലെ അഭിനയത്തിനാണ് മികച്ച സഹനടിക്കുള്ള അവാർഡ് ഉർവശിക്ക് ലഭിച്ചത്. പൂക്കാലത്തിലെ പ്രകടനമാണ് വിജയരാഘവനെ മികച്ച സഹനടനാക്കിയത്.
മിസിസ് ചാറ്റർജി ഢട നോർവേ എന്ന ചിത്രത്തിലെ അഭിനയത്തിന് ബോളിവുഡ് താരം റാണി മുഖർജിയാണ് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം നേടിയത്. മികച്ച നടനായി ഷാരൂഖ് ഖാനും വിക്രാന്ത് മാസിയുമാണ് തെരഞ്ഞെടുക്കപ്പെട്ടത്. ആടുജീവിതം എന്ന ചിത്രത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച പൃഥ്വിരാജ് സുകുമാരൻ പൂർണമായും തഴയപ്പെട്ടു. ഒരു വിഭാഗത്തിലേക്ക് പോലും ചിത്രം പരിഗണിക്കപ്പെട്ടില്ല എന്നതിൽ ജൂറിക്കെതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു.
“Clarify the Criteria for a Supporting Actress, It’s Not Pension Money to Just Take and Leave”: Urvashi Lashes Out



