ടെസ്‌ലയുടെ CEO ഇലോൺ മസ്കിന് ഏകദേശം 29 ബില്യൺ യു.എസ്. ഡോളർ മൂല്യമുള്ള 9.6 കോടി ഓഹരികൾ (restricted stock) അനുവദിച്ചതായി റിപ്പോർട്ട്. മസ്കിന്റെ ശമ്പള പാക്കേജ് റദ്ദാക്കാൻ കോടതി ഉത്തരവിട്ട് ആറുമാസത്തിന് ശേഷമാണ് കമ്പനിയുടെ ഈ നീക്കം. കോടതി റദ്ദാക്കിയ 2018-ലെ ശമ്പള പാക്കേജിന് തുല്യമായ വിലയിൽ, ഒരു ഓഹരിക്ക് 23.34 ഡോളർ വീതം ടെസ്‌ലയ്ക്ക് നൽകണം എന്ന വ്യവസ്ഥയിലാണ് ഓഹരികൾ അനുവദിച്ചത്.
ഡെലവെയർ ചാൻസലർ കതലീൻ എസ്.ടി. ജൂഡ് മക്കോർമിക് കഴിഞ്ഞ ഡിസംബറിൽ മസ്കിന്റെ ശമ്പള പാക്കേജ് റദ്ദാക്കാൻ ഉത്തരവിട്ടിരുന്നു. മസ്കും സ്വതന്ത്രരല്ലാത്ത ഡയറക്ടർമാരും തമ്മിൽ നടത്തിയ ചർച്ചകൾക്ക് ശേഷമാണ് ഈ പാക്കേജ് രൂപീകരിച്ചതെന്ന് കണ്ടെത്തിയതിനെ തുടർന്നായിരുന്നു ഇത്. ഈ വർഷം ടെസ്‌ലയുടെ ഓഹരി വില 25% ഇടിഞ്ഞു. മാസ്കിന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായുള്ള ബന്ധം, കൂടാതെ മറ്റു വാഹന നിർമാതാക്കളിൽ നിന്നുള്ള കടുത്ത മത്സരം എന്നിവയാണ് ഈ ഇടിവിന് പ്രധാന കാരണമായി വിലയിരുത്തപ്പെടുന്നത്.
ഏറ്റവും പുതിയ പാദത്തിൽ കമ്പനിയുടെ ലാഭം 1.39 ബില്യൺ ഡോളറിൽ നിന്ന് 409 മില്യൺ ഡോളറായി കുറഞ്ഞു. അതേസമയം, ടെസ്‌ലയുടെ ഓഹരികൾ കുത്തനെ ഇടിഞ്ഞതോടെ, നിക്ഷേപകർ കമ്പനിയുടെ പ്രവർത്തനങ്ങളെക്കുറിച്ച് ആശങ്കയിലാണ്. ട്രംപിന്റെ ഭരണത്തിൽ മസ്ക് വാഷിംഗ്ടണിൽ കൂടുതൽ സമയം ചെലവഴിക്കുന്നതും നിക്ഷേപകരെ ആശങ്കയിലാക്കുന്നുണ്ട്. ഇതിനിടെ, ഓഹരിയുടമകളുടെ സമ്മർദ്ദത്തെ തുടർന്ന് നവംബറിൽ വാർഷിക പൊതുയോഗം നടത്താൻ ടെസ്‌ല തീരുമാനിച്ചിട്ടുണ്ട്.



