യെമൻ തീരത്ത് കുടിയേറ്റക്കാരുമായി പോയ ബോട്ട് മുങ്ങി 60-ൽ അധികം പേർ മരിച്ചു. മോശം കാലാവസ്ഥയെ തുടർന്നാണ് ബോട്ട് അപകടത്തിൽപ്പെട്ടത്. 150-ൽ അധികം പേരുമായി പോയ ബോട്ട് യെമനിലെ അബ്യാൻ പ്രവിശ്യക്ക് സമീപം ഏദൻ ഉൾക്കടലിൽ മുങ്ങിയതായി ഇന്റർനാഷണൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷൻ (ഐ.ഒ.എം) അറിയിച്ചു. സംഭവത്തിൽ 68 മൃതദേഹങ്ങൾ കണ്ടെടുത്തതായി ഐ.ഒ.എം യെമൻ മേധാവി അബ്ദുസത്തർ ഈസോവ് അറിയിച്ചു. 12 പേരെ മാത്രമാണ് രക്ഷിക്കാൻ സാധിച്ചത്. നിരവധി പേരെ ഇനിയും കണ്ടെത്താനുണ്ട്.
മരിച്ചവരിൽ അധികവും എത്യോപ്യൻ പൗരന്മാരാണെന്നാണ് സൂചന. മെച്ചപ്പെട്ട ജോലി തേടി ഹോൺ ഓഫ് ആഫ്രിക്കൻ രാജ്യങ്ങളിൽനിന്ന് ഗൾഫ് രാജ്യങ്ങളിലേക്ക് കുടിയേറുന്നവർക്ക് യെമൻ പ്രധാന യാത്രാമാർഗമാണ്. ഈ വർഷം മാത്രം ആയിരക്കണക്കിന് കുടിയേറ്റക്കാർക്ക് ഈ യാത്രാമധ്യേ ജീവൻ നഷ്ടമായെന്ന് ഐ.ഒ.എം കണക്കുകൾ വ്യക്തമാക്കുന്നു.
രക്ഷാപ്രവർത്തനത്തിനായി യെമൻ സുരക്ഷാ സേനയും സന്നദ്ധപ്രവർത്തകരും സംയുക്തമായി വലിയ തിരച്ചിൽ നടത്തുന്നുണ്ട്. 54 മൃതദേഹങ്ങൾ ഖാൻഫാർ ജില്ലയുടെ തീരത്തും 14 മൃതദേഹങ്ങൾ അബ്യാൻ പ്രവിശ്യാ തലസ്ഥാനമായ സിൻജിബാറിലെ ആശുപത്രി മോർച്ചറിയിലുമാണ് എത്തിച്ചതെന്ന് അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു.
കുടിയേറ്റക്കാരെ അനധികൃതമായി കടത്തുന്ന സംഘങ്ങളാണ് ഇത്തരം അപകടകരമായ യാത്രകൾക്ക് പിന്നിലെന്ന് ഐ.ഒ.എം പറഞ്ഞു. ഇത്തരം യാത്രകൾ ഒഴിവാക്കാൻ കുടിയേറ്റക്കാർക്ക് നിയമപരമായ യാത്രാമാർഗങ്ങൾ ഒരുക്കണമെന്നും, അതിലൂടെ മനുഷ്യക്കടത്തുകാരുടെ ചൂഷണത്തിൽ നിന്ന് അവരെ രക്ഷിക്കാൻ കഴിയുമെന്നും അബ്ദുസത്തർ ഈസോവ് ആവശ്യപ്പെട്ടു.



