ബെംഗളൂരുവിൽ മോചനദ്രവ്യം ആവശ്യപ്പെട്ട് തട്ടിക്കൊണ്ടുപോയ 13-കാരന്റെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി. ബുധനാഴ്ച കാണാതായ ക്രൈസ്റ്റ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥി നിശ്ചിത് എ.യുടെ മൃതദേഹമാണ് കാഗലിപുര റോഡിലുള്ള വിജനമായ സ്ഥലത്ത് നിന്ന് കണ്ടെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച വൈകീട്ട് അഞ്ച് മണിക്ക് ട്യൂഷൻ ക്ലാസിലേക്ക് പോയ നിശ്ചിത് രാത്രി 7:30 വരെ വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് മാതാപിതാക്കൾ നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ കാണാനില്ലെന്ന് തിരിച്ചറിഞ്ഞത്.
ആരെക്കരെ ഫാമിലി പാർക്കിന് സമീപത്ത് നിന്ന് കുട്ടിയുടെ സൈക്കിൾ കണ്ടെത്തി. ഇതിന് പിന്നാലെ 5 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് അജ്ഞാത നമ്പറിൽ നിന്ന് ഫോൺകോൾ വന്നതോടെ മാതാപിതാക്കൾ ഹുളിമാവ് പോലീസ് സ്റ്റേഷനിൽ പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയുടെ കത്തിക്കരിഞ്ഞ മൃതദേഹം വ്യാഴാഴ്ച കണ്ടെത്തിയത്. ഇതിന് പിന്നാലെ പ്രതികൾക്കായി പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കി. പ്രതികളായ ഗുരുമൂർത്തി, ഗോപാൽ കൃഷ്ണ എന്നിവരെ വ്യാഴാഴ്ച രാത്രി കാഗലിപുര റോഡിന് സമീപത്ത് വെച്ച് പോലീസ് ഏറ്റുമുട്ടലിലൂടെയാണ് പിടികൂടിയത്. അറസ്റ്റിനിടെ പ്രതികൾ പോലീസിനെ ആക്രമിക്കാൻ ശ്രമിച്ചതോടെയാണ് വെടിവെപ്പുണ്ടായത്.
പ്രതികളിലൊരാളായ ഗുരുമൂർത്തിയുടെ രണ്ട് കാലുകളിലും ഗോപാൽ കൃഷ്ണയുടെ ഒരു കാലിലുമാണ് വെടിയേറ്റത്. ആത്മരക്ഷാർത്ഥം ആറ് റൗണ്ട് വെടിയുതിർത്തെന്നാണ് പോലീസ് പറയുന്നത്. കുട്ടിയുടെ വീട്ടിലെ മുൻ ഡ്രൈവറാണ് പിടിയിലായ ഗുരുമൂർത്തി. കുട്ടിയുടെ കുടുംബവുമായി ഇയാൾക്ക് അടുത്ത ബന്ധമുണ്ടായിരുന്നതായും ഈ കൊലപാതകത്തിന് പിന്നിലെ സൂത്രധാരൻ ഇയാളാണെന്നും പോലീസ് സംശയിക്കുന്നു.
കൊലപാതകത്തിന് പിന്നിലെ യഥാർത്ഥ കാരണം കണ്ടെത്താനും കുറ്റകൃത്യത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നും കണ്ടെത്താൻ പോലീസ് അന്വേഷണം തുടരുകയാണ്. കൊല്ലപ്പെട്ട നിശ്ചിത്തിന്റെ പിതാവ് ജെ.സി. അച്ചിത്ത് ഒരു സ്വകാര്യ കോളേജിലെ അസിസ്റ്റന്റ് പ്രൊഫസറാണ്.



