ഒട്ടാവ അന്താരാഷ്ട്ര വിമാനത്താവളത്തിന് പടിഞ്ഞാറ് ഭാഗത്തായി മൂന്ന് പേരുമായി പറന്ന ചെറിയ വിമാനം തകർന്നു വീണു. റിവർസൈഡ് ഡ്രൈവ്, വെസ്റ്റ് ഹണ്ട് ക്ലബ് റോഡ് എന്നിവിടങ്ങൾക്ക് സമീപം വ്യാഴാഴ്ച വൈകുന്നേരം ആറ് മണിയോടെയാണ് അപകടമുണ്ടായത്. വിമാനം മരങ്ങൾക്കിടയിൽ കുടുങ്ങിയ നിലയിലുള്ള ചിത്രം ഒരു പ്രദേശവാസി പുറത്തുവിട്ടിട്ടുണ്ട്. ഒട്ടാവ പാരാമെഡിക് സർവീസിന്റെ കണക്കനുസരിച്ച് വൈകുന്നേരമാണ് അടിയന്തര സേവനങ്ങൾ സ്ഥലത്തെത്തിയത്.
വിമാനത്തിൽ ഉണ്ടായിരുന്ന ഒരു സ്ത്രീയെയും പുരുഷനെയും രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി. ഇവർ അപകടനില തരണം ചെയ്തതായും നിസാര പരിക്കുകളോടെ സുഖം പ്രാപിച്ചു വരുന്നതായും അധികൃതർ അറിയിച്ചു. വിമാനത്തിൽ കുടുങ്ങിയ രണ്ട് പേരെയും രക്ഷപ്പെടുത്താൻ വലിയ ശ്രമം വേണ്ടിവന്നുവെന്ന് പാരാമെഡിക് സർവീസ് വക്താവ് മാർക്ക് അന്റോയിൻ ഡെഷാംപ്‌സ് പറഞ്ഞു. വിമാനത്തിൽ ഉണ്ടായിരുന്ന മൂന്നാമത്തെയാളുടെ നില എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.
കാനഡയിലെ ട്രാൻസ്‌പോർട്ടേഷൻ സേഫ്റ്റി ബോർഡ് (TSB) അപകടസ്ഥലത്ത് രണ്ട് അന്വേഷകരെ നിയോഗിച്ചിട്ടുണ്ട്. അപകടത്തിൽപ്പെട്ടത് സ്വകാര്യ രജിസ്‌ട്രേഷനുള്ള ഗ്രുമ്മൻ എഎ-5എ വിമാനമാണെന്ന് ഏജൻസി സ്ഥിരീകരിച്ചു. ഒട്ടാവ വിമാനത്താവളത്തിലെ ഫയർ സർവീസും സ്ഥലത്തെത്തി. വിമാനത്താവളത്തിലെ പ്രവർത്തനങ്ങൾ സാധാരണ നിലയിൽ തുടരുന്നതായും അധികൃതർ വ്യക്തമാക്കി. റിവർസൈഡ് ഡ്രൈവിൽ താമസിക്കുന്ന പാബ്ലോ കോൾസ് എന്നയാൾ വിമാനം താഴ്ന്നു പറക്കുന്നത് കണ്ടതായി പറയുന്നു.
വലിയ ശബ്ദം കേട്ടപ്പോൾ വിമാനം ഒരുപക്ഷേ അയൽവാസിയുടെ വീട്ടിൽ ഇടിച്ചതാവാം എന്ന് ഭയന്ന് ഉടൻതന്നെ 911-ൽ വിളിച്ചു. എന്നാൽ, ഓടി പുറത്തിറങ്ങിയപ്പോഴാണ് വിമാനം മരങ്ങളിലും വൈദ്യുതി കമ്പികളിലും കുടുങ്ങിക്കിടക്കുന്നത് കണ്ടതെന്നും കോൾസ് പറഞ്ഞു. വിമാനത്തിൽ നിന്നും ഇന്ധനം ചോർന്നതായും ഫയർഫോഴ്‌സ് വിഭാഗം റൈഡോ നദിയിലേക്ക് ഇന്ധനം ഒഴുകുന്നത് തടയാനുള്ള ശ്രമങ്ങൾ നടത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



