ന്യൂയോർക്ക് സിറ്റിയിലെ മിഡ്ടൗൺ മാൻഹാട്ടനിലെ ഒരു ഓഫീസ് കെട്ടിടത്തിലുണ്ടായ വെടിവെപ്പിൽ നാല് പേർ മരിച്ചതായി നഗരത്തിലെ ഉദ്യോഗസ്ഥർ അറിയിച്ചു. കൊല്ലപ്പെട്ടവരിൽ 36 വയസ്സുള്ള ഒരു ന്യൂയോർക്ക് പോലീസ് ഡിപ്പാർട്ട്മെൻ്റ് (NYPD) ഉദ്യോഗസ്ഥനും മൂന്ന് സാധാരണക്കാരും ഉൾപ്പെടുന്നു. NFL ആസ്ഥാനവും ബ്ലാക്ക്സ്റ്റോൺ ഉൾപ്പെടെയുള്ള നിരവധി ധനകാര്യ സ്ഥാപനങ്ങളുടെ ഓഫീസുകളും പ്രവർത്തിക്കുന്ന കെട്ടിടത്തിലാണ് സംഭവം.
വെടിവെപ്പ് നടത്തിയ ആൾ ലാസ് വെഗാസ് സ്വദേശിയാണെന്നും കഴിഞ്ഞ ദിവസങ്ങളിൽ അമേരിക്കയുടെ കിഴക്കൻ തീരത്തേക്ക് വാഹനമോടിച്ച് എത്തുകയായിരുന്നു എന്നും ന്യൂയോർക്ക് പോലീസ് കമ്മീഷണർ ജെസ്സിക്ക ടിഷ് അറിയിച്ചു. വെടിവെപ്പിന് ശേഷം അക്രമി സ്വയം വെടിയുതിർത്ത് മരിക്കുകയായിരുന്നു. അക്രമി ഒറ്റയ്ക്കാണ് കൃത്യം നടത്തിയതെന്നും, വെടിവെപ്പിന്റെ കാരണം വ്യക്തമല്ലെന്നും അന്വേഷണം നടന്നുവരികയാണെന്നും കമ്മീഷണർ കൂട്ടിച്ചേർത്തു.
പോലീസ് പങ്കുവെച്ചതെന്ന് സിഎൻഎൻ റിപ്പോർട്ട് ചെയ്ത, റൈഫിളുമായി കെട്ടിടത്തിലേക്ക് പ്രവേശിക്കുന്ന അക്രമിയുടെ ചിത്രം പ്രധാന വാർത്താ മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അക്രമിയുടെ മുൻകാല ക്രിമിനൽ പശ്ചാത്തലം സംബന്ധിച്ച് കാര്യമായ വിവരങ്ങളൊന്നും ലഭ്യമല്ലെന്ന് പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയതായും റിപ്പോർട്ടിൽ പറയുന്നു.
345 പാർക്ക് അവന്യൂവിലുള്ള കെട്ടിടത്തിൽ ബ്ലാക്ക്സ്റ്റോൺ, കെപിഎംജി തുടങ്ങിയ നിരവധി ധനകാര്യ സ്ഥാപനങ്ങളുടെയും NFL ൻ്റെയും ഓഫീസുകൾ സ്ഥിതി ചെയ്യുന്നുണ്ട്.
സംഭവസ്ഥലത്ത് വലിയ പോലീസ് സന്നാഹം നിലയുറപ്പിച്ചതായി റോയിട്ടേഴ്സ് മാധ്യമപ്രവർത്തകർ റിപ്പോർട്ട് ചെയ്തു. കെട്ടിടത്തോട് ചേർന്നുള്ള ഒരു ജിമ്മിൽ വ്യായാമം ചെയ്യുകയായിരുന്ന 31 വയസ്സുകാരനായ റസ് മക്കീ റോയിട്ടേഴ്സിനോട് പറഞ്ഞത്, “ഒരുപാട് ബഹളങ്ങളും പോലീസുകാരെയും ആളുകൾ നിലവിളിക്കുന്നതും ഞാൻ കണ്ടു” എന്നാണ്. എഫ്ബിഐ ഏജൻ്റുമാരും സംഭവസ്ഥലത്ത് സഹായത്തിനായി എത്തിച്ചേർന്നിട്ടുണ്ടെന്ന് എഫ്ബിഐ അറിയിച്ചു.



