ഓസ്ട്രേലിയയിൽ വീണ്ടും ഇന്ത്യക്കാരന് നേരെ വംശീയ ആക്രമണം. മെൽബണിലെ ഫാർമസിയിൽ നിന്നും മരുന്ന് വാങ്ങി മടങ്ങുന്നതിനിടെ സൗരഭ് ആനന്ദ്(33) എന്ന ഇന്ത്യൻ വംശജനാണ് ക്രൂരമായി ആക്രമിക്കപ്പെട്ടത്. ജൂലൈ 19നായിരുന്നു ആക്രമണം നടന്നത്. ആക്രമണത്തിൽ സൗരഭിന്റെ കൈ ഏറെക്കുറെ അറുത്ത നിലയിലാണ് ഉള്ളത്. അഞ്ചോളം വരുന്ന കൗമാരക്കാർ സൗരഭിൻറെ കൈ, ശസ്ത്രക്രിയയ്ക്ക് ഉപയോഗിക്കുന്നതരം മൂർച്ചയേറിയ ബ്ലേഡ് കൊണ്ട് ആക്രമിക്കുകയായിരുന്നു.
സുഹൃത്തിനോട് ഫോണിൽ സംസാരിച്ച് നടക്കുന്നതിനിടെ അഞ്ച് കൗമാരക്കാർ വളഞ്ഞു. കൂട്ടത്തിലൊരാൾ സൗരഭിൻറെ പാൻറ്സിൻറെ പോക്കറ്റിലേക്ക് കൈ കടത്തി. മറ്റൊരാൾ തലയ്ക്കിടിച്ച് നിലത്ത് വീഴ്ത്തി. കൂട്ടത്തിലെ മൂന്നാമൻ മൂർച്ചേറിയ ബ്ലേഡ് എടുത്ത് സൗരഭിൻറെ കഴുത്തിനോട് ചേർത്ത് വച്ചു. ഉടൻ തന്നെ സൗരഭ് കൈ കൊണ്ട് പ്രതിരോധിച്ചു. ഇതോടെയാണ് കൈയിൽ സാരമായ പരുക്കേറ്റത്.
കൈ അറുത്തതിന് പുറമെ ചുമലിലും പുറത്തും അക്രമികൾ കുത്തിപ്പരുക്കേൽപ്പിക്കുകയും ചെയ്തു. സൗരഭിൻറെ നട്ടെല്ലിന് പരുക്കേൽക്കുകയും നിരവധി അസ്ഥികൾ ഒടിയുകയും ചെയ്തിട്ടുണ്ട്. മാരകമായി മുറിവേറ്റ താൻ എങ്ങനെയൊക്കെയോ നടന്ന് സഹായം തേടിയെന്നും ആളുകൾ ആശുപത്രിയിൽ എത്തിക്കുകയായിരുന്നുവെന്നും സൗരഭ് പറയുന്നു,
സൗരഭിനെ ആക്രമിച്ച അഞ്ച് കൗമാരക്കാരും അറസ്റ്റിലായെന്ന് ഓസീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. അയർലൻഡിൽ ഇന്ത്യൻ വിദ്യാർത്ഥി വംശീയ ആക്രമണത്തിന് ഇരയായ അതേ ദിവസമാണ് സൗരഭും ആക്രമിക്കപ്പെട്ടത്. കഴിഞ്ഞയാഴ്ചയും ഓസ്ട്രേലിയയിൽ ഇന്ത്യക്കാരന് നേരെ ആക്രമണം ഉണ്ടായിരുന്നു. പാർക്കിങിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് ചരൺപ്രീത് സിങ് എന്നയാളാണ് ആക്രമിക്കപ്പെട്ടത്.
Indian attacked in Australia



