ന്യൂ ബ്രൺസ്‌വിക്കിലെ സെന്റ് ജോണിലുള്ള ലില്ലി തടാകം നീന്തുന്നതിനായി താൽക്കാലികമായി അടച്ചു. പൊതുജനാരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ തടാകത്തിൽ ഉയർന്ന അളവിൽ ഇ-കോളി ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്നാണ് നഗരസഭ ഈ നടപടി സ്വീകരിച്ചത്. അടുത്ത അറിയിപ്പ് ഉണ്ടാകുന്നത് വരെ തടാകത്തിൽ നീന്തുന്നതിന് വിലക്കുണ്ടാകും.
ജനങ്ങൾക്കായി മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടെന്നും, സന്ദർശകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും വിവരങ്ങൾ നൽകുന്നതിനുമായി ലൈഫ് ഗാർഡ് സേവനങ്ങൾ തടാകത്തിൽ തുടരുമെന്നും അധികൃതർ അറിയിച്ചു. “ആരോഗ്യവകുപ്പ് സുരക്ഷിതമെന്ന് ഉറപ്പാക്കും വരെ നീന്തൽ മേഖല അടച്ചിടും,” വ്യാഴാഴ്ച പുറത്തിറക്കിയ പത്രക്കുറിപ്പിൽ നഗരസഭ വ്യക്തമാക്കി.
കൂടുതൽ പരിശോധനകൾ നടത്തുമെന്നും വിവരങ്ങൾ ലഭ്യമാകുന്ന മുറയ്ക്ക് പൊതുജനങ്ങളെ അറിയിക്കുമെന്നും നഗരസഭ അറിയിച്ചു. ഈ സാഹചര്യത്തിൽ തടാകത്തിൽ ഇറങ്ങുന്നത് പൂർണ്ണമായും ഒഴിവാക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.



