മെട്രോലിങ്ക്‌സിൻ്റെ പുതിയ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി (സിഇഒ) മൈക്കിൾ ലിൻഡ്സെ ചുമതലയേറ്റു. ജൂലൈ ഒന്ന് മുതൽ മൂന്ന് വർഷത്തേക്കാണ് അദ്ദേഹത്തെ സ്ഥിരം സിഇഒ ആയി നിയമിച്ചിരിക്കുന്നത്. നിയമന വ്യവസ്ഥകൾ പ്രകാരം, ലിൻഡ്സെയ്ക്ക് പ്രതിവർഷം 6,86,000 ഡോളർ ശമ്പളം ലഭിക്കും. ഇതിന് പുറമെ, അടിസ്ഥാന ശമ്പളത്തിൻ്റെ 20% വരെ പ്രകടന ബോണസിനും അദ്ദേഹം അർഹനാണ്. അതായത്, പ്രതിവർഷം ഏകദേശം 1,37,000 ഡോളർ വരെ ബോണസായി ലഭിക്കാൻ സാധ്യതയുണ്ട്. മുൻ സിഇഒയെ അപേക്ഷിച്ച് ലിൻഡ്സെയുടെ ശമ്പളം കുറവാണെങ്കിലും, കാര്യമായൊരു ബോണസിന് അദ്ദേഹത്തിന് അർഹതയുണ്ടാകുമെന്നാണ് പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
ലിൻഡ്സെയുടെ നിയമനവുമായി ബന്ധപ്പെട്ട് പുറത്തുവിട്ട വിവരങ്ങൾ പ്രകാരം, അദ്ദേഹത്തിന് ആറ് ആഴ്ചത്തെ ശമ്പളത്തോടുകൂടിയ അവധിയും ലഭിക്കും. മുൻ സിഇഒമാർക്ക് ലഭിച്ചിരുന്ന ബോണസ് ഘടനയ്ക്ക് സമാനമാണിത് എന്നാണ് സർക്കാർ വൃത്തങ്ങൾ അറിയിക്കുന്നത്. ഓരോ വർഷവും പുതിയ സിഇഒയുടെ പ്രകടനം വിലയിരുത്തിയ ശേഷമായിരിക്കും ബോണസ് നൽകണമോ എന്ന് ഏജൻസിയുടെ ബോർഡ് ചെയർമാൻ തീരുമാനിക്കുക. ലിൻഡ്സെയുടെ നേതൃത്വത്തെ ഗതാഗത മന്ത്രി പ്രഭ്മീത് സർക്കാരിയ പ്രശംസിച്ചിരുന്നു. “വളരെ കുറഞ്ഞ സമയം കൊണ്ട് മൈക്കിൾ ലിൻഡ്സെയും അദ്ദേഹത്തിന്റെ നേതൃത്വവും മെട്രോലിങ്ക്‌സിലേക്ക് കൊണ്ടുവന്ന കാഴ്ചപ്പാടും എന്നെ വളരെയധികം ആകർഷിച്ചു,”എന്ന് ജൂൺ 25-ന് നടന്ന വാർത്താസമ്മേളനത്തിൽ സർക്കാരിയ പറഞ്ഞിരുന്നു.
മുൻ സിഇഒ ഫിൽ വെർസ്റ്ററുടെ രാജിക്ക് പിന്നാലെ 2024 ഡിസംബറിൽ ലിൻഡ്സെ ഇടക്കാല സിഇഒ ആയി ചുമതലയേറ്റിരുന്നു. കഴിഞ്ഞ വർഷം പ്രവിശ്യയിലെ ഏറ്റവും ഉയർന്ന ശമ്പളം വാങ്ങുന്ന നാലാമത്തെ ഉദ്യോഗസ്ഥനായിരുന്നു വെർസ്റ്റർ; 8,83,000 ഡോളറായിരുന്നു അദ്ദേഹത്തിൻ്റെ ശമ്പളം. 2011-ൽ 9.1 ബില്യൺ ഡോളർ ചിലവ് പ്രതീക്ഷിച്ചാണ് ക്രോസ്‌ടൗൺ എൽആർടി നിർമ്മാണം ആരംഭിച്ചത്. എന്നാൽ, 2022-ലെ കണക്കുകൾ പ്രകാരം പദ്ധതി ചിലവ് 12.8 ബില്യൺ ഡോളറായി വർദ്ധിച്ചു. ഈ പദ്ധതി തുടർച്ചയായി വൈകുന്നതിൽ പ്രതിപക്ഷ പാർട്ടികൾ മെട്രോലിങ്ക്‌സിനെതിരെ രൂക്ഷമായ വിമർശനം ഉന്നയിച്ചിരുന്നു.
പുതിയ സിഇഒ ആയ മൈക്കിൾ ലിൻഡ്സെയ്ക്ക് ഈ പ്രതിസന്ധികളെല്ലാം മറികടക്കേണ്ടതുണ്ട്. ഗ്രീൻ പാർട്ടി നേതാവ് മൈക്ക് ഷ്രൈനർ അഭിപ്രായപ്പെട്ടത്, ബോണസ് നൽകുമ്പോൾ മെട്രോലിങ്ക്‌സ് അടിസ്ഥാന പ്രതീക്ഷകൾക്കപ്പുറം പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നാണ്.
എൻഡിപി ട്രാൻസിറ്റ് വിമർശക ഡോളി ബീഗം, എഗ്ളിന്റൺ ക്രോസ്‌ടൗൺ തുറക്കുന്നത് ലിൻഡ്സെയുടെ പ്രധാന മുൻഗണനയായിരിക്കണമെന്ന് ആവശ്യപ്പെട്ടു. കൃത്യസമയത്തും ബഡ്ജറ്റിലും പദ്ധതികൾ പൂർത്തിയാക്കി ജനങ്ങളുടെ വിശ്വാസം തിരികെ പിടിക്കേണ്ടത് ലിൻഡ്സെയുടെ ഉത്തരവാദിത്തമാണെന്ന് ലിബറൽ ട്രാൻസിറ്റ് വിമർശക ആൻഡ്രിയ ഹേസൽ വ്യക്തമാക്കി. താൻ ഒരു ടൊറന്റോ നിവാസിയെന്ന നിലയിലും യാത്രികനെന്ന നിലയിലും ഈ മേഖലയിലെ ഗതാഗത സംവിധാനത്തിന്റെ പ്രാധാന്യം മനസ്സിലാക്കുന്നുണ്ടെന്ന് ലിൻഡ്സെ പ്രസ്താവനയിൽ അറിയിച്ചു.
Michael Lindsay appointed as permanent CEO of Metrolinks!



