കാനഡയുടെ സാമ്പത്തിക ഭാവിയെയും ദേശീയ ഏകീകരണത്തെയും കുറിച്ചുള്ള സുപ്രധാന ചർച്ചകൾക്ക് വേദിയായി മസ്കോകയിൽ ഈയാഴ്ച നടന്ന പ്രീമിയർമാരുടെ ത്രിദിന ഉച്ചകോടി. ദേശീയ സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്തുക, വ്യാപാര തടസ്സങ്ങൾ നീക്കുക, വലിയ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്ക് രൂപം നൽകുക എന്നിവയായിരുന്നു ഉച്ചകോടിയുടെ പ്രധാന ലക്ഷ്യങ്ങൾ. വർദ്ധിച്ചു വരുന്ന യു.എസ്-കാനഡ വ്യാപാര സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ “Start buying Canadia” എന്ന ഒന്റാരിയോ പ്രീമിയർ ഡഗ് ഫോർഡിന്റെ ആഹ്വാനം ശ്രദ്ധേയമായി. കാനഡ ഒരു സാമ്പത്തിക ശക്തികേന്ദ്രമാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.
ഉച്ചകോടി ആരംഭിച്ചത് ഇന്റിജൻസ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയോടെയായിരുന്നു. വിഭവ-അടിസ്ഥാന സൗകര്യ വികസന പദ്ധതികളിൽ ഇന്റിജൻസ് സമൂഹങ്ങൾക്ക് തുല്യ പങ്കാളിത്തം ഉറപ്പാക്കേണ്ടതിന്റെ പ്രാധാന്യം ഈ ചർച്ചകളിൽ ഉയർന്നു വന്നു.
അസംബ്ലി ഓഫ് ഫസ്റ്റ് നേഷൻസ് നാഷണൽ ചീഫ് സിൻഡി വുഡ്ഹൗസ് നെപിനാക്, തദ്ദേശീയ ജനതയെ പ്രധാന പദ്ധതികളിൽ “പിന്നീട് ചിന്തിക്കേണ്ട ഒന്നായി” കണക്കാക്കരുതെന്നും മറിച്ച്, അവർക്ക് തുല്യ പങ്കാളിത്തം നൽകണമെന്നും ആവശ്യപ്പെട്ടു. സാമ്പത്തിക അനുരഞ്ജനത്തിനും വികസനത്തിനും വേണ്ടി ഇന്റിജൻസ് നേതൃത്വവുമായി ഔദ്യോഗികമായി ഒരു ഫസ്റ്റ് മിനിസ്റ്റേഴ്സ് മീറ്റിംഗ് നടത്തണമെന്ന ആശയത്തിന് ബ്രിട്ടീഷ് കൊളംബിയ പ്രീമിയർ ഡേവിഡ് എബി, ആൽബെർട്ട പ്രീമിയർ ഡാനിയേൽ സ്മിത്ത് എന്നിവർ പിന്തുണ പ്രഖ്യാപിച്ചു.
വ്യാപാരം ഉച്ചകോടിയിലെ ഒരു പ്രധാന ആശങ്കയായിരുന്നു. യു.എസുമായുള്ള പുതിയ വ്യാപാര കരാറിനായുള്ള ഓഗസ്റ്റ് 1 ലെ പുതുക്കിയ സമയ പരിധിക്ക് മുമ്പായി വ്യക്തത വരുത്തണമെന്ന് പ്രീമിയർമാർ ആവശ്യപ്പെട്ടു. ഒരു കരാറിൽ എത്തിച്ചേരാനായില്ലെങ്കിൽ, കനേഡിയൻ ഉൽപ്പന്നങ്ങൾക്ക് 35% താരിഫ് ചുമത്താൻ യു.എസ് പദ്ധതിയിടുന്നുണ്ട്. ഈ വിഷയത്തിൽ പ്രധാനമന്ത്രി മാർക്ക് കാർണി പ്രീമിയർമാരുമായി കൂടിക്കാഴ്ച നടത്തി പുതിയ വിവരങ്ങൾ നൽകുമെന്ന് പ്രതീക്ഷിക്കുന്നു. ഫെഡറൽ തലത്തിലുള്ള വ്യാപാര ചർച്ചകൾ തുടരുമ്പോൾ തന്നെ, പ്രീമിയർമാർ പ്രവിശ്യാ തലത്തിലുള്ള വ്യാപാര തടസ്സങ്ങൾ കുറയ്ക്കാനും പുതിയ അന്താരാഷ്ട്ര വിപണികൾ കണ്ടെത്താനും ശ്രമിക്കുന്നുണ്ട്.
ആഭ്യന്തരമായും ആഗോളതലത്തിലും സ്വതന്ത്രവും തുറന്നതുമായ വ്യാപാരത്തിനായുള്ള ആവശ്യം സാസ്കച്ചെവൻ പ്രീമിയർ സ്കോട്ട് മോ വീണ്ടും ഉന്നയിച്ചു.
ഊർജ്ജ സുരക്ഷ, ജാമ്യപരിഷ്കരണം, കാട്ടുതീ പോലുള്ള അടിയന്തര സാഹചര്യങ്ങളോടുള്ള പ്രതികരണം, കുടിയേറ്റം, ആരോഗ്യ സംരക്ഷണം എന്നിവയും ഉച്ചകോടിയിലെ പ്രധാന അജണ്ടകളിൽ ഉൾപ്പെട്ടിരുന്നു. കാനഡയുടെ സാമ്പത്തിക ശക്തിയും തദ്ദേശീയ പങ്കാളിത്തത്തിന്റെ പ്രാധാന്യവും ഊന്നിപ്പറഞ്ഞ ഈ ഉച്ചകോടി, രാജ്യത്തിന്റെ ഭാവി വികസനത്തിന് വ്യക്തമായ ദിശാബോധം നൽകുന്നതായി കണക്കാക്കപ്പെടുന്നു. ഉച്ചകോടി ബുധനാഴ്ച അന്തിമ പത്രസമ്മേളനത്തോടെ സമാപിക്കും.



