അഭിനയ മികവുകൊണ്ട് ഏവരെയും അതിശയിപ്പിച്ച താരമാണ് മലയാളത്തിന്റെ പ്രിയപ്പെട്ട മോഹൻലാൽ. എന്നാൽ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടത്തിന്റെ ഒരു ഭാഗം അദ്ദേഹത്തിന് സ്വന്തമാണെന്ന് നിങ്ങൾക്കറിയാമോ?. ദുബായിലെ ബുർജ് ഖലീഫയുടെ 29-ാം നിലയിൽ ഒരു അപ്പാർട്ട്മെന്റ് മോഹൻലാലിനുണ്ട്. 14 വർഷം മുൻപ് ഭാര്യ സുചിത്രയുടെ പേരിലാണ് ലാൽ ഈ അപ്പാർട്ട്മെന്റ് വാങ്ങിയത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ബോളിവുഡ് സിനിമാ പേജുകളിൽ ഇക്കാര്യം വന്നതോടെയാണ് വിവരങ്ങൾ വീണ്ടും വൈറലായത്. ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടത്തിൽ ഫ്ളാറ്റ് സ്വന്തമാക്കിയ ഇന്ത്യയിലെ ഒരേ ഒരു സെലിബ്രേറ്റി എന്ന വിശേഷണത്തോടെ തമിഴ് – തെലുങ്ക്, ഹിന്ദി സിനിമാ പേജുകളിലും ഈ വാർത്ത വൈറലായിരുന്നു. എന്നാൽ, ഇക്കാര്യം നിങ്ങൾ ഇപ്പോഴാണോ അറിയുന്നത് എന്ന ചോദ്യവുമായി മലയാളി ആരാധകരും എത്തിയിരുന്നു.
2011 ൽ ആണ് മോഹൻലാൽ ബുർജ് ഖലീഫയിലെ 29-ാം നിലയിൽ ഒരു ഫ്ലാറ്റ് സ്വന്തമാക്കുന്നത്. മൂന്നര കോടി രൂപയ്ക്കാണ് 940 സ്ക്വയർഫീറ്റിലുള്ള ഒറ്റ മുറി ഫ്ലാറ്റ് താരം വാങ്ങിയത്. മുൻകൂട്ടി പ്ലാൻ ചെയ്ത് വാങ്ങിയതൊന്നും ആയിരുന്നില്ല, നേരത്തെ തന്നെ മോഹൻലാലിന് ദുബായിലെ ഏറ്റവും സമ്പന്നമായ സ്ഥലം എന്നറിയപ്പെടുന്ന അറേബ്യൻ റാഞ്ചസിൽ ഒരു വില്ലയുണ്ട്. ദുബായിൽ അടിക്കടി പോകുന്നതുകൊണ്ടും, സുഹൃത്തുക്കൾക്കും കുടുംബത്തിനുമൊപ്പം സമയം ചെലവഴിക്കാനാണ് വില്ല വാങ്ങിയത്. അതിന് പുറമെ ബുർജ് ഖലീഫയിൽ ഒരു ഫ്ളാറ്റ് വാങ്ങുക എന്നത് അപ്രതീക്ഷിതമായി എടുത്ത തീരുമാനമായിരുന്നു എന്നാണ് മോഹൻലാൽ തന്നെ നേരത്തെ പറഞ്ഞിരുന്നത്. ഈ ഫ്ലാറ്റിലൂടെ ദുബായി നഗരത്തിന്റെ അതിമനോഹരമായ കാഴ്ച കാണാം എന്നും പറയപ്പെടുന്നു. ദുബായിൽ ചിത്രീകരിച്ച മോഹൻലാലിന്റെ കാസനോവ എന്ന ചിത്രത്തിൽ ഈ ഫ്ലാറ്റിലെ രംഗങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.
Mohanlal owns a flat in Dubai’s Burj Khalifa



