സമൂഹമാധ്യമങ്ങളിൽ, പ്രത്യേകിച്ച് ടിക് ടോക്കിൽ, ഇപ്പോൾ വലിയ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്ന ഒരു വ്യായാമരീതിയാണ് “ജാപ്പനീസ് വോക്കിങ്” അഥവാ “ഇന്റർവെൽ വാക്കിംഗ് ട്രെയിനിംഗ്”. പുതിയതായി തോന്നാമെങ്കിലും, വർഷങ്ങളായി നിലവിലുള്ള ഈ വ്യായാമമുറ ശരീരത്തിന്റെ ഊർജ്ജസ്വലത വർദ്ധിപ്പിക്കാനും, ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും, കൊഴുപ്പ് കുറയ്ക്കാനും സഹായിക്കുമെന്നാണ് പറയപ്പെടുന്നത്. പ്രത്യേക ഉപകരണങ്ങളോ വലിയ പരിശീലനമോ ആവശ്യമില്ലാത്ത ഈ രീതിക്ക് ദിവസവും 30 മിനിറ്റിൽ താഴെ സമയം മാത്രം മതി എന്നത് ഇതിന്റെ പ്രധാന ആകർഷണങ്ങളിൽ ഒന്നാണ്.
ഈ വ്യായാമത്തിന്റെ അടിസ്ഥാനം 3-3 സൈക്കിളാണ്. അതായത്, 30 മിനിറ്റ് ഒരേ വേഗതയിൽ നടക്കുന്നതിന് പകരം, മൂന്ന് മിനിറ്റ് വേഗത്തിലും അടുത്ത മൂന്ന് മിനിറ്റ് സാവധാനത്തിലും നടക്കുക. ഇത് 30 മിനിറ്റ് നേരത്തേക്ക് തുടരണം. ടൈപ്പ് 2 പ്രമേഹമുള്ളവരിൽ ഗ്ലൈസെമിക് നിയന്ത്രണം മെച്ചപ്പെടുത്താനും ജീവിതശൈലീ രോഗങ്ങളും മെറ്റബോളിക് രോഗങ്ങളും കുറയ്ക്കാനും ഈ രീതി വളരെ ഫലപ്രദമാണെന്ന് കനേഡിയൻ സയൻസ് പബ്ലിഷിംഗിന്റെ ‘അപ്ലൈഡ് ഫിസിയോളജി, ന്യൂട്രീഷൻ, മെറ്റബോളിസം’ എന്ന ജേണലിൽ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിൽ പറയുന്നു.
ഈ രീതി ആദ്യമായി വികസിപ്പിച്ചത് 2009-ൽ ജപ്പാനിലെ പ്രായമായവർക്ക് വേണ്ടിയായിരുന്നു. അവർക്ക് കുറഞ്ഞ സൗകര്യങ്ങളും മേൽനോട്ടവും കൊണ്ട് സ്വന്തമായി വ്യായാമം ചെയ്യാനും ശാരീരികക്ഷമത നിലനിർത്താനും വേണ്ടിയായിരുന്നു ഇത്. ഇന്റർവെൽ വാക്കിംഗ് ട്രെയിനിംഗ് പ്രായമായവർക്കും ദുർബലരായ വ്യക്തികൾക്കും വളരെ ഫലപ്രദമായ ഒരു പരിശീലനമാണ്. ഇത് ശാരീരികക്ഷമത, പേശീബലം, ആരോഗ്യ സൂചകങ്ങൾ എന്നിവ ഗണ്യമായി വർദ്ധിപ്പിക്കുന്നു. ടൊറന്റോ ആസ്ഥാനമായുള്ള പോഷകാഹാര സപ്ലിമെന്റ് കമ്പനിയായ ഫസ്റ്റ് പ്ലേസ് ഫ്യുവലിന്റെ സഹസ്ഥാപകനും ഫിറ്റ്നസ് വിദഗ്ദ്ധനുമായ ബ്രെന്റ് ബിഷപ്പ് ഈ രീതിയെ ഒരു “ഫലപ്രദമായ” മാർഗ്ഗമെന്നാണ് വിശേഷിപ്പിക്കുന്നത്.
60 വയസ്സുള്ളവർക്കും വ്യായാമം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കും ഇത് വളരെ അനുയോജ്യമാണ്. വേഗത്തിൽ നടക്കുന്നത് ഹൃദയമിടിപ്പ് 80 ശതമാനം വരെ വർദ്ധിപ്പിക്കാൻ സഹായിക്കും, ഇത് ഹൃദയാരോഗ്യത്തിന് ഉത്തമമാണ്. കൂടാതെ, നടക്കുന്നത് തലച്ചോറിലേക്കുള്ള രക്തയോട്ടം വർദ്ധിപ്പിക്കുകയും മറവിരോഗ സാധ്യത കുറയ്ക്കുകയും ഓർമ്മശക്തിയും ചിന്താശേഷിയും മെച്ചപ്പെടുത്തുകയും ചെയ്യും. “ഏറ്റവും കുറഞ്ഞ വിലമതിപ്പുള്ള വ്യായാമങ്ങളിൽ ഒന്നാണിത്. പലരും ഇത് വേണ്ടത്ര ചെയ്യുന്നില്ല. ഇരുന്നുള്ള ജീവിതം കൂടുകയും നടപ്പും ചലനങ്ങളും കുറയുകയും ചെയ്യുന്നു,”എന്ന് ബിഷപ്പ് പറയുന്നു. സന്ധികളിൽ അമിത സമ്മർദ്ദം ചെലുത്താതെ സുരക്ഷിതമായി എല്ലാ ദിവസവും ചെയ്യാൻ കഴിയുന്ന ഒരു വ്യായാമമാണിത്. ഈ ട്രെൻഡ് വിദഗ്ദ്ധർക്ക് നേരത്തെ അറിയാമായിരുന്ന കാര്യങ്ങളെയാണ് ഊന്നിപ്പറയുന്നതെന്നും, ഇത് യഥാർത്ഥത്തിൽ ആരോഗ്യത്തിന് ഏറെ ഗുണകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു, പ്രത്യേകിച്ച് മധ്യവയസ്കരായവർക്കും പ്രായമായവർക്കും വിട്ടുമാറാത്ത അസുഖങ്ങളോ പരിക്കുകളോ ഉള്ളവർക്കും. എന്നിരുന്നാലും, ഹൃദയ സംബന്ധമായ വ്യായാമങ്ങൾക്കൊപ്പം സ്ട്രെങ്ത്, വെയ്റ്റ് ട്രെയിനിംഗിനും പ്രാധാന്യം നൽകേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം ഓർമ്മിപ്പിക്കുന്നു. “ഫലങ്ങൾ ലഭിക്കുന്നത് സ്ഥിരതയിലൂടെയാണ്,”എന്നും ബിഷപ്പ് പറയുന്നു.
Japanese walking goes viral; This 30-minute workout will change you; know more



