കാനഡയിലെ പ്രാവിശ്യ പ്രീമിയർമാരുടെ തൃദിന യോഗത്തിന് നാളെ (ജൂലൈ 21) ഒന്റാരിയോയിൽ തുടക്കമാവും. കാനഡ-യു.എസ്. ബന്ധങ്ങളിലും ആഭ്യന്തര വിഷയങ്ങളിലും നിർണായകമായ സമയത്താണ് ഈ കൂടിക്കാഴ്ച നടക്കുന്നത്. താരിഫുകളും വ്യാപാരവുമാണ് യോഗത്തിന്റെ പ്രധാന അജണ്ട. രാജ്യത്തിന്റെ ഭാവി സാമ്പത്തിക നയങ്ങൾ രൂപീകരിക്കുന്നതിൽ ഈ യോഗം നിർണായക പങ്കുവഹിക്കും. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ താരിഫ് ഭീഷണികളാണ് പ്രീമിയർമാർ പ്രധാനമായും ചർച്ച ചെയ്യുന്നത്. വ്യാപാര ചർച്ചകൾ, സ്റ്റീൽ, അലുമിനിയം വ്യവസായങ്ങളിൽ താരിഫുകൾ ഉണ്ടാക്കുന്ന നേരിട്ടുള്ള ആഘാതം, അന്തർ-പ്രവിശ്യാ വ്യാപാര തടസ്സങ്ങൾ നീക്കം ചെയ്യാനുള്ള ശ്രമങ്ങൾ, താരിഫുകളുടെ പ്രത്യാഘാതങ്ങൾ ലഘൂകരിക്കുന്നതിനായി പ്രധാന അടിസ്ഥാന സൗകര്യ, പ്രകൃതി വിഭവ പദ്ധതികൾ വേഗത്തിലാക്കുക എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു.
കൂടാതെ, ഈ വിഷയങ്ങളിൽ തദ്ദേശീയ സമൂഹങ്ങളുടെ ആശങ്കകളും ചർച്ച ചെയ്യും. ജൂലൈ 22-ന് പ്രധാനമന്ത്രി മാർക്ക് കാർണിയുമായി നടക്കുന്ന കൂടിക്കാഴ്ച യുണൈറ്റഡ് സ്റ്റേറ്റ്സുമായുള്ള വ്യാപാര ചർച്ചകൾക്ക് പുതിയ മാനം നൽകുമെന്നും പ്രതീക്ഷിക്കുന്നു.
കൗൺസിൽ ഓഫ് ദി ഫെഡറേഷന്റെ അധ്യക്ഷനായി ഒരു വർഷം പൂർത്തിയാക്കിയ ഒന്റാറിയോ പ്രീമിയർ ഡഗ് ഫോർഡാണ് ഈ യോഗത്തിന് ആതിഥേയത്വം വഹിക്കുന്നത്. ദേശീയ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനാണ് ഈ യോഗത്തിൽ മുൻഗണന നൽകുന്നതെന്ന് അദ്ദേഹം പ്രസ്താവനയിൽ അറിയിച്ചു. “പ്രസിഡന്റ് ട്രംപിന്റെ പുതിയ ഭീഷണിയോട് എങ്ങനെ പ്രതികരിക്കാമെന്നും കാനഡയുടെ സമ്പദ്‌വ്യവസ്ഥയുടെ പൂർണ്ണ സാധ്യതകൾ എങ്ങനെ പുറത്തുകൊണ്ടുവരാമെന്നും ഒരുമിച്ച് പ്രവർത്തിക്കാനുള്ള അവസരമാണിത്,” ഫോർഡ് കുറിച്ചു.
ജൂണിൽ ജി7 ഉച്ചകോടിയിൽ വെച്ച് ട്രംപും കാർണിയും ജൂലൈ 21-ഓടെ ഒരു വ്യാപാര കരാറിൽ എത്താൻ സമ്മതിച്ചിരുന്നുവെങ്കിലും, ട്രംപ് ആ സമയപരിധി ഓഗസ്റ്റ് 1 ലേക്ക് മാറ്റുകയും അതേ ദിവസം കാനഡയ്‌ക്കെതിരെ 35 ശതമാനം താരിഫ് ചുമത്താൻ ഉദ്ദേശിക്കുന്നതായി കാർണിയെ അറിയിക്കുകയും ചെയ്തു.
വ്യാപാര യുദ്ധം കാരണം അന്തർ-പ്രവിശ്യാ വ്യാപാരത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് അത്യാവശ്യമാണെന്ന് നോവാ സ്കോഷ്യ പ്രീമിയർ ടിം ഹ്യൂസ്റ്റൺ അഭിപ്രായപ്പെട്ടു. യു.എസിൽ നിന്നുള്ള സാമ്പത്തിക ഭീഷണികളോട് പ്രതികരിക്കാൻ ആഭ്യന്തര വ്യാപാര തടസ്സങ്ങൾ തകർക്കുന്നതിലൂടെയും മറ്റ് അന്താരാഷ്ട്ര വിപണികളിൽ അവസരങ്ങൾ വികസിപ്പിക്കുന്നതിലൂടെയും ഒരുമിച്ച് പ്രവർത്തിക്കുന്നതിന്റെ ഗുണം തങ്ങൾ കാണുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. അടിയന്തര മാനേജ്മെന്റ്, ഊർജ്ജ സുരക്ഷ, പരമാധികാരം, ദേശീയ സുരക്ഷ, ആരോഗ്യം, പൊതു സുരക്ഷ എന്നിവയെക്കുറിച്ചും പ്രീമിയർമാർ ചർച്ച ചെയ്യുമെന്ന് ഫോർഡ് അറിയിച്ചു. ഫെഡറൽ ഗവൺമെന്റ് ജാമ്യ നിയമങ്ങളിൽ പരിഷ്കാരങ്ങൾ കൊണ്ടുവരണമെന്ന് പ്രീമിയർമാർ ആവശ്യപ്പെടുന്നുണ്ട്. ഈ വിഷയവും കാർണിയുമായി ചൊവ്വാഴ്ച ചർച്ച ചെയ്യുമെന്ന് പ്രധാനമന്ത്രി കഴിഞ്ഞയാഴ്ച വ്യക്തമാക്കിയിരുന്നു.









