ലോകത്തിലെ തന്നെ ഏറ്റവും വലിയ ഇലക്ട്രോണിക് സംഗീത മേളകളിലൊന്നായ ബെൽജിയം ടുമോറോലാൻഡ് ഫെസ്റ്റിവലിൽ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് കനേഡിയൻ യുവതി കുഴഞ്ഞ് വീണ് മരിച്ചു. സംഭവത്തിൽ ബെൽജിയൻ പോലീസ് അന്വേഷണം ആരംഭിച്ചു. ആന്റ്‌വെർപ്പ് പ്രോസിക്യൂട്ടർ ഓഫീസ് എ.എഫ്.പിയോട് അറിയിച്ചതാണ് ഈ വിവരം. വെള്ളിയാഴ്ച മേളയുടെ ഉദ്ഘാടന രാത്രിയിൽ പങ്കെടുത്ത പതിനായിരക്കണക്കിന് പേരിൽ ഒരാളായ 35 വയസ്സുകാരിയുടെ മരണകാരണം കണ്ടെത്താനാണ് അധികൃതർ ശ്രമിക്കുന്നത്.
ആന്റ്‌വെർപ്പിനടുത്ത് ബൂമിൽ നടന്ന ഫെസ്റ്റിവലിനിടെ യുവതിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. തുടർന്ന് സ്ഥലത്ത് വെച്ച് പ്രഥമശുശ്രൂഷ നൽകി ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും പിന്നീട് മരണം സംഭവിക്കുകയായിരുന്നുവെന്ന് സംഘാടകർ അറിയിച്ചു.
അവരുടെ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും പ്രിയപ്പെട്ടവരെയും ഞങ്ങൾ ഓർക്കുന്നു,” ടുമോറോലാൻഡ് വക്താവ് ഡെബി വിൽമ്സെൻ പറഞ്ഞു.
ഡേവിഡ് ഗ്വെട്ട, ലോസ്റ്റ് ഫ്രീക്വൻസീസ്, ഷാർലറ്റ് ഡി വിറ്റ് തുടങ്ങിയ പ്രമുഖ ഡിജെമാർ അണിനിരക്കുന്ന ടുമോറോലാൻഡ്, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഇലക്ട്രോണിക് സംഗീത പ്രേമികളെ ആകർഷിക്കുന്ന ഒരു മേളയാണ്.
രണ്ട് വാരാന്ത്യങ്ങളിലായി നടക്കുന്ന ഈ മേളയിൽ ഏകദേശം 4 ലക്ഷത്തോളം ആളുകൾ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ ആഴ്ച മേളയുടെ പ്രധാന സ്റ്റേജിന് തീപിടിച്ച് വലിയ നാശനഷ്ടമുണ്ടായതിനെ തുടർന്ന് പരിപാടി മുടങ്ങുമോ എന്ന ആശങ്കയുണ്ടായിരുന്നു. എന്നാൽ, സംഘാടകർ അതിവേഗം “ബദൽ ക്രമീകരണങ്ങൾ” ഒരുക്കിയതോടെ മേള നിശ്ചയിച്ച പ്രകാരം മുന്നോട്ട് പോകുകയായിരുന്നു.



