പരസ്യ ചിത്ര നിർമാണ മേഖലയിലെ ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച സംവിധായകരിൽ ഒരാളാണ് പ്രകാശ് വർമ, ഈയിടെ ഇറങ്ങിയ തുടരും സിനിമയിലെ സുപ്രധാന വേഷത്തിലൂടെ ഒരു താരം എന്ന നിലയിലും അദ്ദേഹം പ്രശസ്തി നേടി കഴിഞ്ഞിരിക്കുന്നു.
തുടരും എന്ന സിനിമയിലൂടെ ഒന്നിച്ച പ്രകാശ് വർമയും സൂപ്പർ താരം മോഹൻലാലും ഒരു പരസ്യചിത്രത്തിനായി വീണ്ടും ഒന്നിച്ചിരിക്കുന്നു. ഒരു പുതിയ ആഭരണ ബ്രാണ്ടിന്റെ പരസ്യത്തിനായാണ് ഇവർ ഒന്നിച്ചിരിക്കുന്നത്.
മോഹൻലാൽ മോഹൻലാൽ ആയി തന്നെ പ്രത്യക്ഷപ്പെടുന്ന പരസ്യത്തിൽ ഡയറക്ടർ വേഷത്തിൽ പ്രകാശ് വർമ തന്നെയാണ്. മോഹൻലാലിന് ഷോട്ടുകളെ കുറിച്ച് പറഞ്ഞു കൊടുക്കുന്നതിനിടയിൽ പ്രധാന സ്ത്രീ കഥാപാത്രത്തെ മോഹൻലാലിനെ ഡയറക്ടർ പരിചയപെടുത്തുന്നു…
അടുത്ത ഷോട്ടിൽ അവരുടെ കഴുത്തിൽ നിന്നും അഴിച്ചു മാറ്റുന്ന ആഭരണത്തിൽ ലാലിന്റെ കണ്ണുകൾ ഉടക്കുന്നു.
അയാളുടെ കണ്ണുകളിൽ ആഭരണത്തെ കൊതിക്കുന്ന,അത് ഒന്ന് മാറിൽ അണിയാൻ ആഗ്രഹിക്കുന്ന ഒരു സ്ത്രീയുടെ വെമ്പൽ പ്രകടമാണ്.
അടുത്ത ഷോട്ടിൽ മോഹൻലാൽ ഒരു ചമ്മിയ മുഖത്തോടെ എന്തോ കള്ളത്തരം ചെയ്ത പോലെ ആരെങ്കിലും കാണുന്നുണ്ടോ എന്ന് പുറകിലേക്ക് തിരിഞ്ഞു നോക്കി തന്റെ ക്ലാസ്സിക് സ്റ്റൈലിൽ രണ്ട് തോളും ചലിപ്പിച്ചു നടന്നു നീങ്ങുന്നു
അടുത്ത ഷോട്ടിൽ ഷൂട്ടിംഗ് സൈറ്റിൽ നിന്നും പ്രധാന ആഭരണം കാണാതായതായി കാണിക്കുന്നു.
അതെ സമയം ക്യാരവനിൽ മോഹൻലാൽ തന്റെ കഴുത്തിൽ ആ ആഭരണം അണിഞ്ഞു അതിന്റെ വശ്യത ആസ്വദിക്കുകയാണ് ഒരു നർത്തകിയെപ്പോലെയോ, കഥകളികാരിയെ പോലെയോ സ്ത്രൈണത കലർന്ന മുദ്രകൾ കാണിച്ചു അയാൾ കണ്ണാടി നോക്കി തന്റെ ആഭരങ്ങൾ ആസ്വദിക്കുന്നു,പശ്ചാത്തലമായി “സുന്ദരം….. ലോക സുന്ദരം…. തൃലോക സുന്ദരം….“എന്ന കഥകളി പദം പോലെയുള്ള സംഗീതവും.
എന്നാൽ ആഭരണം കാണാതായ വിവരം പ്രധാന താരമായ ലാലിനെ അറിയിക്കാൻ ഡയറക്ടർ പ്രകാശ് വർമ്മ ക്യാരവാനിലേക്ക് പോകുന്നു വാതിൽ തുറന്ന അയാൾ കാണുന്നത് കാണാതായ ആഭരണം അണിഞ്ഞു ആസ്വദിക്കുന്ന ലാലിനെയാണ് ആഭരണം കാണാൻ ഇല്ലെന്ന വാർത്ത പറയാനായി വന്ന അയാൾ ആഭരണം മോഷ്ടിക്കപെട്ടിട്ടില്ല എന്ന ആശ്വാസവും മോഹൻലാൽ സ്ത്രീകളുടെ ആഭരണം അണിഞ്ഞു നിൽക്കുന്നത്തിലെ അമ്പരപ്പും കണ്ടു അയാളുടെ പ്രതികരണം അത്ഭുതം കലർന്ന ഒരു ‘എ’ എന്ന ശബ്ദത്തിൽ ഒതുക്കുന്നു.
പ്രകാശ് വർമയെ കണ്ട ലാൽ ഒരു സ്ത്രീയെന്നോണം അയാളുടെ കൂടുതൽ തുറന്ന മാറിടം മേൽ വസ്ത്രം കൊണ്ട് ചേർത്തു പിടിക്കുന്നു. എന്നിട്ട് സ്ത്രൈണത കലർന്ന ശബ്ദത്തോടെ ചിരിക്കുന്നു എന്നിട്ട് ഒരു ഡയലോഗും ‘ആരും കൊതിച്ചു പോകും’
നരസിംഹം ആയും എമ്പുരാൻ ആയും മലയാളികൾ കൊണ്ടാടുന്ന പുരുഷത്വത്തിന്റെ പ്രതീകമായ ലാൽ അയത്നലളിതമായി ഒരു സ്ത്രീയായി അല്ലെങ്കിൽ അർദ്ധനാരിയായി പകർന്നാടിയിരികിക്കുന്നു…കമല ദളത്തിലും വാനപ്രസ്ഥത്തിലും ഇരുവരിലും നമ്മൾ കണ്ട ലാലിന്റെ അതെ പകർന്നാട്ടം ഒരു പരസ്യ ചിത്രമാണെങ്കിൽ കൂടി നമുക്ക് വീണ്ടും കാണാൻ കഴിഞ്ഞിരിക്കുന്നു.മോഹൻലാലിനെ പോലെയുള്ള ഒരു താരത്തെ ഇത്തരം കോൺസെപ്റ്റ് എടുത്തു പരസ്യ ചിത്രമെടുക്കാൻ കാണിച്ച അണിയറക്കാർക്കും അത് അഭിനയിക്കാൻ മോഹൻലാൽ കാണിച്ച ധീരതയെയും അഭിനന്ദിക്കേണ്ടിയിരിക്കുന്നു. ഇക്കാരണങ്ങൾ കൊണ്ട് തന്നെ മിക്ക ടീവി ചാനലുകളും ഒരു വാർത്തയായി തന്നെ ഈ പരസ്യം കാണിച്ചു കഴിഞ്ഞിരിക്കുന്നു..
കുറഞ്ഞ സമയം കൊണ്ട് തന്നെ വൈറൽ ആയ പരസ്യം ഉഗ്രൻ മാർക്കറ്റിംഗ് തന്ത്രത്തിന്റെയും മികച്ച പരസ്യങ്ങളുടെ പ്രാധാന്യവും വിളിച്ചോതുന്നതോടൊപ്പം തന്നെ മോഹൻലാൽ എന്ന താരത്തെ, അഭിനയിതാവിനെ എങ്ങനെ ഉപയോഗിക്കണം എന്ന പാഠം കൂടി നൽകുന്നു.



