വാഷിങ്ടൺ: ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട് തനിക്കെതിരെ പ്രസിദ്ധീകരിച്ച വാർത്തക്കെതിരെ വാൾസ്ട്രീറ്റ് ജേർണലിനും അതിന്റെ മാതൃസ്ഥാപനമായ ന്യൂസ് കോർപ്പറേഷൻ ഉടമ റൂപർട്ട് മർഡോക്കിനും രണ്ട് റിപ്പോർട്ടർമാർക്കുമെതിരെ 10 ബില്യൺ ഡോളർ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഡോണൾഡ് ട്രംപ് മാനനഷ്ടക്കേസ് ഫയൽ ചെയ്തിരിക്കുകയാണ്. 2003-ൽ എപ്സ്റ്റീന് അയച്ച ജന്മദിനാശംസാ കാർഡിൽ ലൈംഗിക ചുവയുള്ള ചിത്രങ്ങൾ ഉൾപ്പെട്ടിരുന്നു എന്ന വാൾസ്ട്രീറ്റ് ജേർണലിന്റെ റിപ്പോർട്ടിനെതിരെയാണ് ട്രംപിന്റെ നിയമനടപടി.
ലേഖനത്തിൽ സംഭവത്തിന് വിശ്വാസ്യത നൽകുന്ന യാതൊന്നും ഇല്ലെന്നും റിപ്പോർട്ടർമാർ കത്ത് നേരിട്ട് കണ്ടിട്ടുണ്ടോ എന്നും ട്രംപിന്റെ പരാതിയിൽ ചോദ്യം ഉന്നയിക്കുന്നുണ്ട്. ഫ്ലോറിഡയിലെ സതേൺ ഡിസ്ട്രിക്റ്റ് ഫെഡറൽ കോടതിയിലാണ് കേസ് ഫയൽ ചെയ്തിരിക്കുന്നത്. റിപ്പോർട്ടിനെതിരെ കേസ് കൊടുക്കുമെന്ന് ട്രംപ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. കേസ് ഫയൽ ചെയ്തതിന് പിന്നാലെ, “തെറ്റായതും, അപകീർത്തിപ്പെടുത്തുന്നതുമായ വാർത്ത നൽകിയ എല്ലാവർക്കുമെതിരെ ‘പവർഹൗസ്’ കേസ് നൽകി. ഈ കേസിൽ റൂപർട്ടും അദ്ദേഹത്തിന്റെ സുഹൃത്തുക്കളും മണിക്കൂറുകൾ മൊഴി നൽകേണ്ടി വരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു,” എന്ന് ട്രംപ് തന്റെ ട്രൂത്ത് സോഷ്യൽ അക്കൗണ്ടിൽ കുറിച്ചു.
ഉന്നത രാഷ്ട്രീയക്കാർ, ബിസിനസുകാർ, സെലിബ്രിറ്റികൾ എന്നിവരുടെ ലൈംഗിക ആവശ്യങ്ങൾക്കായി പ്രായപൂർത്തിയാകാത്തവരെ കടത്തിയെന്ന കുറ്റം ചുമത്തപ്പെട്ടയാളാണ് ജെഫ്രി എപ്സ്റ്റീൻ. കരീബിയൻ ദ്വീപിലും ന്യൂയോർക്ക്, ഫ്ലോറിഡ, ന്യൂ മെക്സിക്കോ എന്നിവിടങ്ങളിലെ വീടുകളിലും എപ്സ്റ്റീനും അയാളുടെ ഉന്നത ബന്ധങ്ങളുള്ള അതിഥികളും ലൈംഗികമായി ഉപയോഗിച്ചിരുന്നു എന്ന് ആരോപിച്ച് നിരവധി സ്ത്രീകൾ നേരത്തെ രംഗത്ത് വന്നിരുന്നു. 2005-ൽ 14 വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചതായുള്ള പരാതിയെ തുടർന്നാണ് എപ്സ്റ്റീനെതിരെ അന്വേഷണം ആരംഭിക്കുന്നത്.
ഈ അന്വേഷണത്തിൽ 36 പെൺകുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുകയും ആക്രമിക്കുകയും ചെയ്തതായി കണ്ടെത്തി. രണ്ട് കേസുകളിൽ ഇയാൾ കുറ്റം സമ്മതിക്കുകയും 2008-ൽ ശിക്ഷിക്കപ്പെടുകയും ചെയ്തു. പിന്നീട് 2019 ജൂലൈയിൽ പ്രായപൂർത്തിയാകാത്തവരെ ലൈംഗിക ആവശ്യങ്ങൾക്കായി കടത്തിയെന്ന കുറ്റത്തിന് ജെഫ്രി എപ്സ്റ്റീൻ വീണ്ടും അറസ്റ്റിലായി. ബാലലൈംഗികപീഡന പരമ്പരയുമായി ബന്ധപ്പെട്ട വിചാരണക്കിടെ 2019 ഓഗസ്റ്റിൽ ജെഫ്രി എപ്സ്റ്റീൻ ജയിലിൽ ആത്മഹത്യ ചെയ്യുകയായിരുന്നു.
എപ്സ്റ്റീനുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണങ്ങളും രേഖകളുടെ അവലോകനങ്ങളും അമേരിക്കൻ ഭരണകൂടം അംഗീകരിച്ചിട്ടുണ്ടെങ്കിലും, തിരഞ്ഞെടുത്ത രേഖകൾ മാത്രമേ ഇതുവരെ പുറത്തുവിട്ടിട്ടുള്ളൂ. ട്രംപ്, പോപ്പ് ഐക്കൺ മൈക്കൽ ജാക്സൺ, നടൻ അലക് ബാൾഡ്വിൻ, ചലച്ചിത്ര നിർമ്മാതാവ് ഹാർവി വെയ്ൻസ്റ്റൈൻ എന്നിവർ ജെഫ്രി എപ്സ്റ്റീന്റെ കോൺടാക്റ്റ് ലിസ്റ്റിലുണ്ടായിരുന്ന എണ്ണമറ്റ സെലിബ്രിറ്റികളിൽ ഉൾപ്പെടുന്നുവെന്ന് 2025 ഫെബ്രുവരിയിൽ അമേരിക്കൻ നീതിന്യായ വകുപ്പിന്റെ ഒരു രേഖയിൽ വെളിപ്പെടുത്തിയിരുന്നു. ഈ കേസ് ട്രംപിന്റെ രാഷ്ട്രീയ ഭാവിയെയും മാധ്യമ സ്വാതന്ത്ര്യത്തെയും കുറിച്ചുള്ള ചർച്ചകൾക്ക് വീണ്ടും വഴിയൊരുക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
Content Highlights: Trump sue case against The Wall street journal over Epstein report



