വാൻകൂവർ കോസ്റ്റൽ ഹെൽത്ത് (വാൻകൂവർ തീരദേശ ആരോഗ്യ വകുപ്പ്) മെട്രോ വാൻകൂവറിലെ ഒട്ടനവധി ബീച്ചുകളിൽ ഇ.കോളി ബാക്ടീരിയയുടെ അളവ് അപകടകരമായ രീതിയിൽ വർധിച്ചതിനാൽ നീന്തൽ നിരോധിച്ചിരിക്കുകയാണ്. വാൻകൂവറിലെ ഇംഗ്ലീഷ് ബേ, കിറ്റ്സിലാനോ ബീച്ച്, സെക്കൻഡ് ബീച്ച്, സൺസെറ്റ് ബീച്ച്, തേഡ് ബീച്ച് എന്നിവയ്ക്കൊപ്പം ട്രൗട്ട് ലേക്കിലും നീന്തൽ അനുവദിക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. നോർത്ത് ഷോറിലെ ഡുണ്ടരാവേയിലും ലയൺസ് ബേ ബീച്ചിലും ഇതേ നിയന്ത്രണങ്ങൾ ബാധകമാണ്.
കനേഡിയൻ വിനോദ ജല ഗുണനിലവാര മാനദണ്ഡങ്ങൾ അനുസരിച്ച്, 100 മില്ലിലിറ്റർ വെള്ളത്തിൽ 400 ഇ.കോളി ബാക്ടീരിയ കണ്ടെത്തുകയോ അഞ്ച് സാമ്പിളുകളുടെ ശരാശരി 200 ഇ.കോളി കവിയുകയോ ചെയ്താൽ നീന്തൽ നിരോധനം പ്രാബല്യത്തിൽ വരുന്നു. ഇപ്പോൾ നടത്തിയ പരിശോധനയിൽ ചില സ്ഥലങ്ങളിൽ ഈ മാനദണ്ഡത്തിന്റെ നാലിരട്ടിയിലധികം ഇ.കോളി ബാക്ടീരിയ കണ്ടെത്തിയതായി അധികാരികൾ വെളിപ്പെടുത്തി.
ഇതുകൂടാതെ ജെറിക്കോ ബീച്ചും ആംബിൾസൈഡ് ബീച്ചും ഉൾപ്പെടുന്ന ഏഴ് ബീച്ചുകളിൽ കൂടുതൽ അന്വേഷണങ്ങൾ നടക്കുന്നുണ്ട്. ഇവിടെ പ്രതീക്ഷിച്ചതിലും കൂടുതൽ ബാക്ടീരിയ കണ്ടെത്തിയെങ്കിലും നിലവിൽ നീന്തൽ നിരോധനം ഏർപ്പെടുത്തിയിട്ടില്ല. പച്ചക്കറികളിലും ഗോമാംസത്തിലും കാണപ്പെടുന്ന ഇ.കോളി ബാക്ടീരിയ പ്രത്യേകിച്ച് കുട്ടികൾക്കും പ്രായമായവർക്കും അപകടകരമാണ്. മനുഷ്യരുടെയും മൃഗങ്ങളുടെയും മലമൂത്ര വിസർജ്ജനമാണ് ജലത്തിൽ ഇ.കോളി ബാക്ടീരിയ കടന്നുകൂടുന്നതിന്റെ പ്രധാന കാരണം.
E. coli threat: Swimming banned at Vancouver beaches!



