ഷാഹി കബീർ സംവിധാനം ചെയ്ത് ദിലീഷ് പോത്തനും റോഷൻ മാത്യുവും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച “റോന്ത്” എന്ന ചിത്രം തിയേറ്റർ റണ്ണിന് ശേഷം ഒടിടി റിലീസിന് ഒരുങ്ങുന്നു. ജൂലൈ 22 മുതൽ ജിയോ സിനിമയിൽ ചിത്രം സ്ട്രീമിംഗ് ആരംഭിക്കും. “ഇലവീഴാപൂഞ്ചിറ” എന്ന ചിത്രത്തിന് ശേഷം ഷാഹി കബീർ സംവിധാനം ചെയ്ത ഈ സിനിമ, അദ്ദേഹത്തിന്റെ തന്നെ തിരക്കഥയിൽ സൂപ്പർഹിറ്റായ “ഓഫീസർ ഓൺ ഡ്യൂട്ടി”ക്ക് ശേഷമുള്ള ഏറ്റവും പുതിയ ചിത്രമെന്ന നിലയിൽ ഏറെ ശ്രദ്ധ നേടിയിരുന്നു.
ചിത്രത്തിന്റെ മേക്കിംഗിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ചില യഥാർത്ഥ സംഭവങ്ങളെ സിനിമയിൽ അവതരിപ്പിച്ച രീതിക്ക് വിമർശനങ്ങൾ നേരിടേണ്ടി വന്നെങ്കിലും, ചിത്രത്തിന്റെ മറ്റ് സാങ്കേതികവും കലാപരവുമായ ഘടകങ്ങൾ പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും ഒരുപോലെ പ്രശംസ പിടിച്ചുപറ്റി. രണ്ട് പോലീസുകാരുടെ ഔദ്യോഗിക ജീവിതത്തിലൂടെയും വ്യക്തി ജീവിതത്തിലൂടെയും സഞ്ചരിക്കുന്ന ഒരു ത്രില്ലർ ചിത്രമാണ് “റോന്ത്”. യോഹന്നാൻ എന്ന കർക്കശക്കാരനായ പോലീസ് കഥാപാത്രമായി ദിലീഷ് പോത്തൻ എത്തുമ്പോൾ, ദിൻനാഥ് എന്ന പോലീസ് ഡ്രൈവറെ റോഷൻ മാത്യു അവതരിപ്പിക്കുന്നു. കണ്ണൂർ ജില്ലയിലെ ഇരിട്ടി ആയിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകളിൽ ഒന്ന്.
ഒരു രാത്രി പട്രോളിങ്ങിനിറങ്ങുന്ന ഈ രണ്ട് പോലീസ് ഉദ്യോഗസ്ഥർക്ക് നേരിടേണ്ടി വരുന്ന അപ്രതീക്ഷിത അനുഭവങ്ങളിലൂടെയാണ് സിനിമയുടെ കഥ മുന്നോട്ട് പോകുന്നത്. ഫെസ്റ്റിവൽ സിനിമാസിന്റെ ബാനറിൽ പ്രമുഖ സംവിധായകൻ രതീഷ് അമ്പാട്ട്, രഞ്ജിത്ത് ഇവിഎം, ജോജോ ജോസ് എന്നിവരും ജംഗ്ലീ പിക്ചേഴ്സിനു വേണ്ടി വിനീത് ജെയിനും ചേർന്നാണ് ചിത്രം നിർമ്മിച്ചത്. അമൃത പാണ്ഡേയാണ് സഹ നിർമ്മാതാവ്. ടൈംസ് ഗ്രൂപ്പിന്റെ സബ്സിഡറി കമ്പനിയായ ജംഗ്ലീ പിക്ച്ചേഴ്സ് മലയാളത്തിൽ നിർമ്മിക്കുന്ന ആദ്യ ചിത്രമെന്ന പ്രത്യേകതയും റോന്തിനുണ്ട്. ജോസഫ്, ഇലവീഴാ പൂഞ്ചിറ തുടങ്ങിയ ചിത്രങ്ങൾക്ക് മനോഹരമായ ദൃശ്യഭാഷയൊരുക്കിയ മനേഷ് മാധവനാണ് റോന്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്.
സുധി കോപ്പ, അരുൺ ചെറുകാവില്‍, ക്രിഷാ കുറുപ്പ്, നന്ദനുണ്ണി, സോഷ്യൽ മീഡിയ താരങ്ങളായ ലക്ഷ്മി മേനോൻ, ബേബി നന്ദുട്ടി എന്നിവരും ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അനിൽ ജോൺസൺ സംഗീത സംവിധാനം നിർവഹിച്ച ചിത്രത്തിലെ ഗാനരചന അൻവർ അലിയാണ്. പ്രവീൺ മംഗലത്ത് എഡിറ്റിംഗും ദിലീപ് നാഥ് പ്രൊഡക്ഷൻ ഡിസൈനും നിർവഹിച്ചു. മികച്ച സാങ്കേതിക മികവോടെ ഒരുക്കിയിരിക്കുന്ന ഈ ചിത്രം ഒടിടി റിലീസിലൂടെ കൂടുതൽ പ്രേക്ഷകരിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.



