വാഷിംഗ്ടൺ: വിവാദമായ ജെഫ്രി എപ്സ്റ്റീൻ കേസ് കൈകാര്യം ചെയ്തതുമായി ബന്ധപ്പെട്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ രൂക്ഷ വിമർശനവുമായി ഇലോൺ മസ്‌ക് രംഗത്ത്. ‘എപ്സ്റ്റീൻ ഫയലുകൾ’ പുറത്തുവിടുമെന്ന വാഗ്ദാനം ട്രംപ് പാലിച്ചില്ലെന്ന് മസ്‌ക് തന്റെ എക്സ് കുറിപ്പുകളിലൂടെ ആരോപിച്ചു. ഈ വിഷയത്തെ എപ്സ്റ്റീൻ തട്ടിപ്പെന്ന് ട്രംപ് വിശേഷിപ്പിച്ചതിനെയും മസ്‌ക് പരിഹസിച്ചു.
“അയ്യോ, ഇതെല്ലാം ഒരു തട്ടിപ്പാണെന്ന് മനസ്സിലാക്കുന്നതിന് മുമ്പ് എപ്സ്റ്റീൻ ആത്മഹത്യ ചെയ്തുവെന്ന് എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല” എന്നായിരുന്നു മസ്‌കിന്റെ പരിഹാസം.
എപ്‌സ്റ്റീൻ കേസിനെക്കുറിച്ചുള്ള പ്രധാന വിവരങ്ങൾ ട്രംപ് മറച്ചുവെച്ചതായും മസ്‌ക് ആരോപിച്ചു. “ഇത് വ്യക്തമായും ഒരു മറവാണ്, അഴിമതി ഒരു തട്ടിപ്പല്ല” എന്ന് വാദിച്ച ഒരു അക്കൗണ്ടിന് മറുപടിയായാണ് ട്രംപ് പ്രതികരിച്ചത്.
എപ്സ്റ്റീന്റെ ഒരു ക്ലയിന്റിനെയും പ്രോസിക്യൂട്ട് ചെയ്തിട്ടില്ലെന്നും മസ്‌ക് ചൂണ്ടിക്കാട്ടി. എപ്സ്റ്റീൻ ഫയലുകളിലുള്ള ട്രംപിന്റെ വിശ്വാസ്യതയെയും മസ്‌ക് ചോദ്യം ചെയ്തു. ഫയലുകൾ പുറത്തുവിടുന്നില്ലെങ്കിൽ ആളുകൾക്ക് അദ്ദേഹത്തിൽ എങ്ങനെ വിശ്വാസമുണ്ടാകുമെന്ന് മസ്‌ക് ചോദിച്ചു. അതേസമയം, എപ്സ്റ്റീൻ വിഷയത്തിൽ പ്രത്യേക പ്രോസിക്യൂട്ടറെ നിയമിക്കില്ലെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കിയിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് കൂടുതൽ തെളിവുകളുണ്ടെങ്കിൽ അത് പുറത്തുവിടാൻ യുഎസ് അറ്റോർണി ജനറൽ പാം ബോണ്ടിയോട് ട്രംപ് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് അറിയിച്ചു. ഡെമോക്രാറ്റുകളുടെ സമ്മർദ്ദത്തെ ട്രംപ് ഒരു രാഷ്ട്രീയ ആക്രമണമായാണ് കാണുന്നതെന്നും ലീവിറ്റ് കൂട്ടിച്ചേർത്തു.
ഇതിനിടെ, എപ്സ്റ്റീൻ വിഷയത്തിൽ വിമർശനം ഉന്നയിക്കുന്നവർക്കെതിരെയും ഡോണൾഡ് ട്രംപ് രംഗത്തെത്തി. ട്രൂത്ത് സോഷ്യലിലൂടെ നടത്തിയ പ്രതികരണത്തിൽ, തനിക്കു വേണ്ടി നിലയുറപ്പിച്ച മെയ്ക്ക് അമേരിക്ക ഗ്രെയ്റ്റ് എഗെയ്ൻ (MAGA) കൂട്ടായ്മയെയും ട്രംപ് തള്ളിപ്പറഞ്ഞു. ഇനി അവരുടെ പിന്തുണ ആവശ്യമില്ലെന്നും, അവരെ ദുർബലരെന്നും ഡെമോക്രാറ്റുകളുടെ കൈകളിലെ കളിപ്പാട്ടങ്ങളെന്നും ട്രംപ് വിശേഷിപ്പിച്ചു. വിമർശനം കുറയ്ക്കാനും എപ്സ്റ്റീനിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനു പകരം ‘അമേരിക്ക ആദ്യം’ എന്ന അജണ്ടയുമായി ബന്ധപ്പെട്ട വിശാലമായ ലക്ഷ്യങ്ങളിലേക്ക് ശ്രദ്ധ തിരിക്കാനും ട്രംപ് MAGA കൂട്ടായ്മയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഉന്നത രാഷ്ട്രീയക്കാരുടെയും ബിസിനസുകാരുടെയും സെലിബ്രിറ്റികളുടെയും ലൈംഗിക ആവശ്യങ്ങൾക്കായി പ്രായപൂർത്തിയാകാത്തവരെ കടത്തിയെന്ന കുറ്റം ചുമത്തപ്പെട്ട ജെഫ്രി എപ്സ്റ്റീനെതിരായ അന്വേഷണത്തിൽ ട്രംപിന്റെ പേരുണ്ടെന്നാണ് മസ്‌ക് ഇപ്പോൾ ആരോപിച്ചിരിക്കുന്നത്. 2005-ൽ ആരംഭിച്ച അന്വേഷണത്തിൽ എപ്സ്റ്റീൻ 36 പെൺകുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുകയും ആക്രമിക്കുകയും ചെയ്തതായി കണ്ടെത്തിയിരുന്നു. 2008-ൽ ശിക്ഷിക്കപ്പെട്ട ഇയാൾക്ക് 13 മാസം മാത്രമാണ് ജയിലിൽ കഴിയേണ്ടി വന്നത്. 2019 ജൂലൈയിൽ വീണ്ടും അറസ്റ്റിലായ ജെഫ്രി എപ്സ്റ്റീൻ ആ വർഷം ഓഗസ്റ്റിൽ ജയിലിൽ ആത്മഹത്യ ചെയ്യുകയായിരുന്നു.
ഇതിനുശേഷം ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളിൽ പങ്കാളികളായവർക്കെതിരായ നിയമനടപടികൾ നിർത്തിവെച്ചു. “എപ്സ്റ്റീൻ ഫയലുകൾ” എന്നറിയപ്പെടുന്ന അന്വേഷണ വിവരങ്ങളും രേഖകളും ഭാഗികമായി മാത്രമേ ഇതുവരെ പുറത്തുവിട്ടിട്ടുള്ളൂ. ഈ ഫയലുകളിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, മൈക്കൽ ജാക്‌സൺ, അലക് ബാൾഡ്‌വിൻ, ഹാർവി വെയ്ൻസ്റ്റൈൻ, ബിൽ ക്ലിന്റൺ, കെവിൻ സ്പേസി, നവോമി കാംബെൽ, പ്രിൻസ് ആൻഡ്രൂ തുടങ്ങിയ പ്രമുഖരുടെ പേരുകളുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്. ഇവരുടെ പങ്കാളിത്തത്തെക്കുറിച്ചുള്ള വിവരങ്ങൾ ഇനിയും പൊതുജനങ്ങൾക്ക് ലഭ്യമാക്കിയിട്ടില്ല.



