കാനഡയുടെ സൗന്ദര്യവും സംസ്കാരവും അടുത്തറിയാൻ അവസരമൊരുക്കി ‘കാനഡ സ്ട്രോങ്ങ് പാസ്’ പദ്ധതിക്ക് തുടക്കമായി. ഈ വേനൽക്കാലത്ത് കാനഡയിൽ യാത്ര ചെയ്യാനിഷ്ടപ്പെടുന്നവർക്ക്, ഈ പാസ് ഉപയോഗിച്ച് രാജ്യത്തെ മ്യൂസിയങ്ങളിലും ഗാലറികളിലും സൗജന്യമായോ കുറഞ്ഞ നിരക്കിലോ പ്രവേശനം നേടാം.
കനേഡിയൻ ഐഡന്റിറ്റി ആൻഡ് കൾച്ചർ മന്ത്രി സ്റ്റീവൻ ഗ്വിൽബോൾട്ട് നടത്തിയ പ്രഖ്യാപനം അനുസരിച്ച്, 86 മ്യൂസിയങ്ങളിലും ഗാലറികളിലും ഈ പദ്ധതി വഴി പ്രവേശനം ലഭിക്കും. 17 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് ഇവിടെ സൗജന്യമായി കയറാം. 18 മുതൽ 24 വയസ്സു വരെ പ്രായമുള്ള യുവജനങ്ങൾക്ക് ടിക്കറ്റ് നിരക്കിൽ 50 ശതമാനം ഇളവും ലഭിക്കും. പദ്ധതിയിൽ ഉൾപ്പെട്ട മ്യൂസിയങ്ങളുടെയും ഗാലറികളുടെയും പേരുവിവരങ്ങൾ കാനഡ സ്ട്രോങ്ങ് പാസ് വെബ്സൈറ്റിൽ ലഭ്യമാണ്.
2025 സെപ്റ്റംബർ 2 വരെ ‘കാനഡ സ്ട്രോങ്ങ് പാസ്’ ലഭ്യമാകും. ഇത് കുടുംബങ്ങൾക്ക് പണം ലാഭിക്കാനും കാനഡയുടെ പ്രകൃതിയെയും സംസ്കാരത്തെയും അടുത്തറിയാനും സഹായിക്കും. അതോടൊപ്പം, രാജ്യത്തുടനീളമുള്ള ടൂറിസം വ്യവസായത്തെയും പ്രാദേശിക സമ്പദ്‌വ്യവസ്ഥയെയും തൊഴിലവസരങ്ങളെയും ഇത് പിന്തുണയ്ക്കും.
രാജ്യത്തെ പ്രവിശ്യാ, ടെറിട്ടോറിയൽ മ്യൂസിയങ്ങളെയും ഗാലറികളെയും പദ്ധതിയുടെ ഭാഗമാവാൻ ക്ഷണിച്ചിട്ടുണ്ട്. പ്രവേശന ചെലവ് കുറയ്ക്കുന്നതിന് കനേഡിയൻ സർക്കാർ സഹായവും നൽകും. കാനഡയുടെ സമ്പന്നമായ സാംസ്കാരിക ചരിത്രവും പാരമ്പര്യങ്ങളും അടുത്തറിയാൻ ഇതൊരു മികച്ച അവസരമായിരിക്കും.
Canada Strong Pass has arrived!



