ഒട്ടാവയിലെ ബൈവാർഡ് മാർക്കറ്റിൽ ഈ കഴിഞ്ഞ മാസങ്ങളിൽ വലിയ സന്ദർശകത്തിരക്കാണ് അനുഭവപ്പെട്ടത്. ഇത് കഴിഞ്ഞ രണ്ടു വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന കണക്കാണ്. ഒട്ടാവ നഗരത്തിൻ്റെ വെബ്സൈറ്റിൽ ലഭ്യമായ കണക്കുകൾ പ്രകാരം, മെയ് മാസത്തിൽ 2.81 മില്യണും ജൂണിൽ 2.58 മില്യൺ ആളുകളുമാണ് ബൈവാർഡ് മാർക്കറ്റ് സന്ദർശിച്ചത്.
2023 ജനുവരിയിൽ കണക്കുകൾ രേഖപ്പെടുത്താൻ തുടങ്ങിയതിന് ശേഷം, ഒരു മാസത്തിൽ ഇത്രയധികം ആളുകൾ സന്ദർശിക്കുന്നത് ഇതാദ്യമായാണ്. 2024 മെയ് മാസത്തിൽ 1.59 മില്യണും, കഴിഞ്ഞ വർഷം ജൂണിൽ 1.84 മില്യണും ആളുകൾ മാത്രമാണ് എത്തിയിരുന്നത്. മൊബൈൽ ഫോൺ വിവരങ്ങൾ ഉപയോഗിച്ചാണ് കാൽനടയാത്രക്കാരുടെ എണ്ണം കണക്കാക്കുന്നത്. നഗരത്തിൻ്റെ സാമ്പത്തിക സ്ഥിതി മനസ്സിലാക്കാൻ ഇത് സഹായിക്കുമെന്ന് അധികൃതർ പറയുന്നു.
ബൈവാർഡ് മാർക്കറ്റിനെ കൂടുതൽ ആകർഷകമാക്കാൻ ഒട്ടാവ നഗരം പല പദ്ധതികളും ആവിഷ്കരിക്കുന്നുണ്ട്. വില്ല്യം സ്ട്രീറ്റിന്റെയും ബൈവാർഡ് മാർക്കറ്റ് സ്ക്വയറിന്റെയും നവീകരിക്കണം ഇതിന്റെ ഭാഗമാണ്. രാത്രികാലങ്ങളിൽ സുരക്ഷ ഉറപ്പാക്കാനും കച്ചവടക്കാരെ സഹായിക്കാനുമായി ‘നൈറ്റ് അംബാസഡർമാരെ’ നിയമിച്ചിട്ടുണ്ട്. കൂടുതൽ വാഹനങ്ങൾക്ക് പാർക്കിംഗ് സൗകര്യം ഒരുക്കുന്നതിൻ്റെ ഭാഗമായി വൈകുന്നേരം 7:30 വരെ പണം നൽകി പാർക്ക് ചെയ്യാനുള്ള സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. ബൈവാർഡ് മാർക്കറ്റ് 2027-ൽ തങ്ങളുടെ 200-ാം വാർഷികം ആഘോഷിക്കാൻ ഒരുങ്ങുകയാണ്.
Byward Market is bustling with activity!



