ഒൻപത് ഒന്റാറിയോ ഫസ്റ്റ് നേഷൻസ് വിഭാഗങ്ങൾ കനേഡിയൻ സർക്കാരിന്റെ രണ്ട് പുതിയ നിയമങ്ങൾക്കെതിരെ കോടതിയെ സമീപിച്ചു. അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്ക് അതിവേഗം അനുമതി നൽകാൻ ഉദ്ദേശിച്ചുള്ള ഫെഡറൽ നിയമമായ ബിൽ C-5, ഒന്റാറിയോയിലെ ബിൽ 5 എന്നിവ ഭരണഘടനാ വിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്നും, ഈ നിയമങ്ങളിലെ ചില തർക്കവിഷയമായ ഭാഗങ്ങൾ നടപ്പിലാക്കുന്നത് തടയണമെന്നും ആവശ്യപ്പെട്ടാണ് അവർ ഒന്റാറിയോ സുപ്പീരിയർ കോടതിയിൽ ഹർജി സമർപ്പിച്ചത്. ഈ നിയമങ്ങൾ തങ്ങളുടെ സ്വയം നിർണ്ണയാവകാശങ്ങൾക്കും പരമ്പരാഗത ജീവിതരീതികൾക്കും വ്യക്തവും നിലവിലുള്ളതുമായ ഭീഷണിയാണെന്ന് ഈ തദ്ദേശീയ സമൂഹങ്ങൾ തങ്ങളുടെ നിയമപരമായ വെല്ലുവിളിയിൽ പറയുന്നു.
പുതിയ നിയമങ്ങൾ പദ്ധതികളുടെ ആദ്യഘട്ടത്തിൽ മാത്രം തങ്ങളുമായി കൂടിയാലോചന നടത്താൻ വ്യവസ്ഥ ചെയ്യുന്നുണ്ടെങ്കിലും, അത് കേവലം ഒരു തട്ടിപ്പാണെന്നും യഥാർത്ഥത്തിൽ തങ്ങളുടെ ഇടപെടലുകൾ പരിമിതപ്പെടുത്തുന്നുവെന്നും ഗോത്ര വിഭാഗങ്ങൾ ആരോപിക്കുന്നു. ഫെഡറൽ നിയമമായ ബിൽ C-5, ഖനികൾ, തുറമുഖങ്ങൾ, പൈപ്പ് ലൈനുകൾ തുടങ്ങിയ ‘ദേശീയ താൽപ്പര്യമുള്ള’ വലിയ പദ്ധതികൾക്ക് നിലവിലുള്ള നിയമങ്ങളെ മറികടന്ന് അതിവേഗം ഫെഡറൽ അനുമതി നൽകാൻ സർക്കാരിന് അധികാരം നൽകുന്നു. അതേസമയം, ഒന്റാറിയോയിലെ ബിൽ 5, ‘പ്രത്യേക സാമ്പത്തിക മേഖലകൾ’ സൃഷ്ടിച്ച് പ്രവിശ്യാ, മുനിസിപ്പൽ നിയമങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കാൻ സർക്കാരിനെ അനുവദിക്കുന്നു. തൽഫലമായി, ‘ദേശീയ താൽപ്പര്യമുള്ള’ പദ്ധതികൾക്ക് ഫെഡറൽ സർക്കാർ അനുമതി നൽകുന്നതും, ഒന്റാറിയോ ‘പ്രത്യേക സാമ്പത്തിക മേഖലകൾ’ നടപ്പിലാക്കുന്നതും തടയണമെന്ന് ഫസ്റ്റ് നേഷൻസ് കോടതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
ഈ നിയമങ്ങൾ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ താരിഫുകൾക്കെതിരെ കനേഡിയൻ വികസനം, പ്രത്യേകിച്ച് പ്രകൃതി വിഭവ വികസനം വേഗത്തിലാക്കാനുള്ള ഉപകരണങ്ങളാണെന്ന് ഫെഡറൽ, ഒന്റാറിയോ സർക്കാരുകൾ വാദിക്കുന്നു. എന്നാൽ, ഇത് വികസനത്തിന് എതിരായ ഒരു പോരാട്ടമല്ലെന്ന് ഫസ്റ്റ് നേഷൻസ് ചൂണ്ടിക്കാണിക്കുന്നു. മറിച്ച്, പദ്ധതികളുടെ യഥാർത്ഥ ചെലവുകൾ അവകാശപ്പെടുന്ന നേട്ടങ്ങളെക്കാൾ അധികമാകാതിരിക്കാൻ, ആവശ്യമായ വിവരങ്ങൾ ശേഖരിക്കുകയും അവകാശങ്ങളും സംരക്ഷണങ്ങളും മാനിക്കുകയും ചെയ്തുകൊണ്ട് ‘ശരിയായ രീതിയിൽ വികസനം നടപ്പിലാക്കുക’ എന്നതാണ് തങ്ങളുടെ നിലപാടെന്ന് അവർ പറയുന്നു. ഈ നിയമങ്ങൾ ഭരണഘടനാ വിരുദ്ധമാണെന്നും, ജീവിക്കാനുള്ള അവകാശം, സ്വാതന്ത്ര്യം, വ്യക്തിഗത സുരക്ഷ തുടങ്ങിയ മൗലികാവകാശങ്ങളെയും തുല്യതാവകാശങ്ങളെയും ലംഘിക്കുന്നുവെന്നും അവർ വാദിക്കുന്നു. സർക്കാരുകൾ നിയമങ്ങൾ പാസാക്കുമ്പോൾ, അവർ ഫസ്റ്റ് നേഷൻ ജനങ്ങളുമായി കൂടിയാലോചിക്കുമെന്ന് പറയുന്നുണ്ടെങ്കിലും, യാഥാർത്ഥ്യത്തിൽ ആ നിയമങ്ങൾ അവരുടെ അധികാരവും അവകാശവുമാണ് ഇല്ലാതാക്കുന്നത് എന്ന് ആദിവാസി നേതാക്കൾ ആരോപിക്കുന്നു. ഈ വാഗ്ദാനങ്ങൾ വെറും ശൂന്യവാക്കുകളായാണ് തെളിയുന്നതെന്ന് അവർ വ്യക്തമാക്കുന്നു. അട്ടവാപിസ്കട്ട് ഫസ്റ്റ് നേഷൻ വിഭാഗത്തിന്റെ ചീഫ് സിൽവിയ കൂസ്റ്റച്ചിൻ-മെറ്റാറ്റവാബിൻ പറയുന്നത്,”ഞങ്ങളുടെ ജീവിതരീതി ഒരു രാഷ്ട്രീയ കളിയുടെ പണയവസ്തു അല്ല. ഞങ്ങൾ ചേർന്നുനിൽക്കുന്ന ഭൂമിയിലും തലമുറകളുടെ ഭാവിയിലും വിപത്തുണ്ടാക്കുന്ന ഒരു അപകടകരമായ പാതയിലേക്ക് വലിയ പദ്ധതികളോടെ കുതിക്കുന്നത്, ഒരിക്കലും അംഗീകരിക്കാനാവില്ല.”എന്നാണ്



