ടൊറന്റോയിലെ TTC ബസിൽ യാത്രക്കാരനെ ആക്രമിച്ച കേസിലെ പ്രതികൾക്കായി തിരച്ചിൽ ഊർജിതമാക്കി പോലീസ്. ഇതുമായി ബന്ധപ്പെട്ട് സംഭവത്തിലെ പ്രതികളുടെ ചിത്രങ്ങൾ പോലീസ് പുറത്തുവിട്ടിട്ടുണ്ട്. ജൂൺ 28-ന് രാത്രി 11:40 ഓടെ കോസ്ബേൺ, ബ്രോഡ്വ്യൂ അവന്യൂസ് ഭാഗത്തുള്ള TTC ബസിലാണ് ആക്രമണമുണ്ടായത്.
ബസിലുണ്ടായിരുന്ന രണ്ട് പേർ യാത്രക്കാരനായ യുവാവിൻ്റെ അടുത്തേക്ക് വന്ന് ബഹളം വെക്കുകയും, പിന്നീട് മർദ്ദിച്ച ശേഷം ബസിൽ നിന്ന് പുറത്തേക്ക് തള്ളിയിടുകയുമായിരുന്നുവെന്ന് പോലീസ് പറയുന്നു. ആക്രമണത്തിന് ഇരയായ വ്യക്തിയുടെ പരിക്ക് ഗുരുതരമല്ലെന്ന് പോലീസ് അറിയിച്ചു. ആക്രമണശേഷം ഇരുവരും സംഭവസ്ഥലത്ത് നിന്ന് കോസ്ബേൺ അവന്യൂവിലൂടെ കിഴക്കൻ ദിശയിലേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു.
പ്രതികളിലൊരാളായ പുരുഷന് ഏകദേശം 30 വയസ്സും, ആറടി മൂന്നിഞ്ച് ഉയരവും, മെലിഞ്ഞ ശരീരവും, ഇളം തവിട്ടുനിറത്തിലുള്ള നീണ്ട മുടിയുമുണ്ട്. ഇയാൾ വെള്ള നിറമുള്ള ബനിയനും അതിനു മുകളിൽ നീല ഷർട്ടും നീല ജീൻസും വെള്ള ഷൂസുമാണ് ധരിച്ചിരുന്നത്. രണ്ടാമത്തെ പ്രതിയായ സ്ത്രീക്ക് ഏകദേശം 30 വയസ്സും അഞ്ചടി മൂന്നിഞ്ച് ഉയരവും സാധാരണ ശരീരപ്രകൃതിയും തവിട്ടുനിറമുള്ള നീണ്ട മുടിയുമുണ്ട്. ഇവർ കണ്ണടയും വെള്ള ബനിയനും കറുത്ത ഷോർട്സുമാണ് ധരിച്ചിരുന്നത്. ഇവരെക്കുറിച്ച് എന്തെങ്കിലും വിവരങ്ങൾ ലഭിക്കുന്നവർ 416-808-5500 എന്ന നമ്പറിലോ അല്ലെങ്കിൽ 416-222-TIPS (8477) എന്ന നമ്പറിൽ ക്രൈം സ്റ്റോപ്പേഴ്സിനെ രഹസ്യമായി അറിയിക്കുകയോ ചെയ്യണമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അഭ്യർത്ഥിച്ചു.



