വിൻഡ്സർ നഗരത്തിൽ നടന്ന വലിയ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് 38 വയസ്സുകാരിയായ ഒരു യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. ഈ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നതിനിടെ, ഇവർക്കെതിരെ നിരവധി കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്.
ഒന്റാറിയോയിലെ ഹാൽഡിമാൻഡിൽ വെച്ച് കെയ്‌ല ബ്ലാക്ക് (38) എന്ന യുവതിയാണ് അറസ്റ്റിലായത്. ജൂലൈ 9-ന് വിൻഡ്സർ പോലീസ് ഇവർക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. തുടർന്ന്, ജൂലൈ 11-ന് ഒ.പി.പി. (Ontario Provincial Police) ഇവരെ അറസ്റ്റ് ചെയ്യുകയും പിന്നീട് വിൻഡ്സർ പോലീസ് കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.
2025 മേയിൽ, വിൻഡ്സർ പോലീസ് ഫിനാൻഷ്യൽ ക്രൈംസ് യൂണിറ്റിന് ഒരു കറൻസി എക്സ്ചേഞ്ച് സ്ഥാപനത്തിൽ വലിയ തട്ടിപ്പ് നടന്നതായി റിപ്പോർട്ട് ലഭിച്ചതോടെയാണ് അന്വേഷണം ആരംഭിച്ചത്. അന്വേഷണത്തിൽ, ഡൂഗാൾ അവന്യൂവിലുള്ള സ്ഥാപനത്തിലേക്ക് കള്ള കനേഡിയൻ പാസ്പോർട്ട് ഉപയോഗിച്ച് എത്തിയ ഒരു സ്ത്രീ 130,000 യു.എസ്. ഡോളർ കൈപ്പറ്റിയതായി കണ്ടെത്തുകയായിരുന്നു.
കെയ്‌ല ബ്ലാക്കിനെതിരെ ഗുരുതരമായ നിരവധി കുറ്റങ്ങളാണ് പോലീസ് ചുമത്തിയിരിക്കുന്നത്. 5,000 ഡോളറിന് മുകളിലുള്ള തട്ടിപ്പ് (Fraud over $5,000), കള്ളവഞ്ചന വഴി 5,000 ഡോളറിന് മുകളിലുള്ള തുക കൈപ്പറ്റൽ (Obtaining by false pretenses over $5,000), തട്ടിപ്പിലൂടെ ലഭിച്ച സ്വത്ത് കൈവശം വെക്കൽ (Possession of property obtained by crime over $5,000), മറ്റൊരാളുടെ തിരിച്ചറിയൽ രേഖ കൈവശം വെക്കൽ (Possession of another person’s identification), തിരിച്ചറിയൽ മോഷണം (Identity theft), തിരിച്ചറിയൽ തട്ടിപ്പ് (Identity fraud), കള്ള പാസ്പോർട്ട് ഉപയോഗിക്കൽ (Uttering a forged passport) ഇവയൊക്കെയാണ് യുവതിയുടെ പേരിൽ ചുമത്തിയ കുറ്റങ്ങൾ.
ഈ കേസുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ അറിയുന്നവർക്ക് 519-255-6700, ext. 4330 എന്ന നമ്പറിൽ വിൻഡ്സർ ഫിനാൻഷ്യൽ ക്രൈംസ് യൂണിറ്റുമായി ബന്ധപ്പെടാം. കൂടാതെ, വിൻഡ്സർ & എസെക്സ് കൗണ്ടി ക്രൈം സ്റ്റോപ്പേഴ്സുമായി 519-258-8477 (TIPS) എന്ന നമ്പറിൽ പേര് വെളിപ്പെടുത്താതെയും വിവരങ്ങൾ നൽകാം. www.catchcrooks.com എന്ന വെബ്സൈറ്റ് വഴിയും ഓൺലൈനായി വിവരങ്ങൾ കൈമാറാവുന്നതാണ്. ഈ തട്ടിപ്പിനെക്കുറിച്ച് എന്തെങ്കിലും പുതിയ വിവരങ്ങൾ ലഭിക്കുമോ എന്ന് പോലീസ് ഉറ്റുനോക്കുകയാണ്.



