വർധിച്ചുവരുന്ന അതിശക്തമായ കാലാവസ്ഥാ വ്യതിയാനങ്ങളെ നേരിടാൻ കാനഡയുടെ വൈദ്യുതി ഗ്രിഡ് വേണ്ടത്ര സജ്ജമല്ലെന്ന് ടോറന്റോ യൂണിവേഴ്സിറ്റിയിലെ വിദഗ്ധർ മുന്നറിയിപ്പ് നൽകി. കാലാവസ്ഥാ മാറ്റവും കഠിനമായ കാലാവസ്ഥാ സംഭവങ്ങളും കാനഡയുടെ വൈദ്യുതി മേഖലയിൽ എങ്ങനെ സ്വാധീനം ചെലുത്തുന്നു എന്നതിനെക്കുറിച്ചുള്ള, രണ്ട് ഭാഗങ്ങളുള്ള ഒരു റിപ്പോർട്ടിന്റെ ആദ്യ ഭാഗമാണിത്.
കാട്ടുതീ, വെള്ളപ്പൊക്കം, അപ്രതീക്ഷിത തകർച്ചകൾ തുടങ്ങിയ കാലാവസ്ഥാ അപകടങ്ങൾ വർധിക്കുമ്പോൾ വൈദ്യുതി കേബിളുകൾ തകരുകയും, പവർ സ്റ്റേഷനുകൾ വെള്ളത്തിൽ മുങ്ങുകയും, വൈദ്യുതി തൂണുകൾക്ക് തീ പിടിക്കുകയും ചെയ്യുന്നു. ഇത്തരം സാഹചര്യങ്ങളിൽ വൈദ്യുതി ഗ്രിഡിന് വലിയ തകരാറുണ്ടാകാനുള്ള സാധ്യത വളരെ ഉയർന്നതാണെന്ന് യൂണിവേഴ്സിറ്റി ഓഫ് ടോറന്റോയിലെ ഗ്രിഡ് മോഡേണൈസേഷൻ സെന്റർ ഡയറക്ടർ അലി ഹൂഷ്യാർ പറയുന്നു. “നമ്മുടെ വൈദ്യുതി ഗ്രിഡ് സാധാരണയായി ഒരു ഘടകം തകരാറിലായാലും പ്രവർത്തിക്കാൻ രൂപകൽപ്പന ചെയ്തതാണ്. എന്നാൽ, നിലവിലെ സാഹചര്യങ്ങളിൽ ഒരേ സമയം പല ഘടകങ്ങൾ തകരാറിലാകുന്നത് വലിയ പ്രശ്നങ്ങൾക്ക് വഴിവെക്കുന്നു,” ഹൂഷ്യാർ കൂട്ടിച്ചേർത്തു.
NERC (നോർത്ത് അമേരിക്കൻ ഇലക്ട്രിക് റിലയബിലിറ്റി കോർപ്പറേഷൻ) ഏപ്രിലിൽ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം, കാനഡയിലെ മിക്ക പ്രവിശ്യകളും അതിശക്തമായ കാലാവസ്ഥാ സമയത്ത് വൈദ്യുതിയില്ലായ്മ നേരിടാൻ സാധ്യതയുണ്ട്. അടുത്ത 5-10 വർഷത്തിനുള്ളിൽ വൈദ്യുതിയുടെ ആവശ്യം വർദ്ധിക്കുകയും ഫോസിൽ ഇന്ധനത്തിൽ പ്രവർത്തിക്കുന്ന പവർ പ്ലാന്റുകൾ ഒഴിവാക്കുകയും ചെയ്യുന്നത് വടക്കേ അമേരിക്കയുടെ പകുതിയിലധികം പ്രദേശങ്ങളെ ബ്ലാക്കൗട്ട് ഭീഷണിയിലാക്കും. “നമുക്ക് മുൻപുണ്ടായിരുന്ന സുരക്ഷാ മാർജിനുകൾ ഇപ്പോൾ ഇല്ല” NERC റിപ്പോർട്ട് മാനേജർ മാർക്ക് ഓൾസൺ പറയുന്നു.
ക്യുബെക്കും നോവ സ്കോഷിയയും 2033 ഓടെ ഏറ്റവും കൂടുതൽ അപകടസാധ്യത നേരിടുന്ന മേഖലകളായി കണക്കാക്കപ്പെടുന്നുണ്ട്. ക്യൂബെക്കിൽ മാത്രം 10 ഗിഗാവാട്ട് വൈദ്യുതിയുടെ കുറവുണ്ടാകാം, പ്രത്യേകിച്ച് കഠിനമായ ശൈത്യകാലങ്ങളിൽ. നോവ സ്കോഷിയക്ക് കഴിഞ്ഞ 12 വർഷമായി ആവശ്യത്തിന് ഊർജ്ജം ലഭിക്കാത്ത ചരിത്രമുണ്ട്. 2013 മുതൽ 2023 വരെ കാനഡയിലുണ്ടായ 10 പ്രധാന കാലാവസ്ഥാ ദുരന്തങ്ങൾ ഏകദേശം 2 കോടി ഉപഭോക്താക്കളുടെ വൈദ്യുതി വിച്ഛേദനത്തിന് കാരണമായെന്ന് ഇലക്ട്രിസിറ്റി കാനഡയുടെ റിപ്പോർട്ട് വ്യക്തമാക്കുന്നു.
കാനഡ വൈദ്യുതി ശൃംഖല വികസിപ്പിച്ചതിൽ മുൻപന്തിയിലായിരുന്നതിനാൽ, ഇപ്പോൾ പഴയ ഇൻഫ്രാസ്ട്രക്ചറുകൾ നേരത്തെ തന്നെ തകരാറിലാകുന്നു എന്നാണ് ഹൂഷ്യാർ പറഞ്ഞത്. 2021-ലെ ബി.സി.യിലെ “ഹീറ്റ് ഡോം” (ഉയർന്ന ചൂട്), 619 പേരുടെ മരണത്തിനിടയാക്കി. 2023 ജൂലൈയിൽ വൈദ്യുതി ഉപയോഗം 8% വർദ്ധിച്ചു. നോവ സ്കോഷിയയിൽ മണിക്കൂറിൽ 80 കിലോമീറ്ററിലധികം വേഗതയുള്ള കാറ്റിന്റെ എണ്ണം 33% വർദ്ധിച്ചു, 2024-ൽ മാത്രം ഏകദേശം 1000 വൈദ്യുതി തടസ്സങ്ങളുണ്ടായി. 2022-ലെ “ഡെരെച്ചോ” കൊടുങ്കാറ്റ് ഒന്റാറിയോയെയും ക്യൂബെക്കിനെയും തകർത്തു. 8 പേർ മരിക്കുകയും 2 ലക്ഷത്തിലധികം പേർക്ക് വൈദ്യുതി നഷ്ടപ്പെടുകയും ചെയ്തു. ഒറ്റ ദിവസം കൊണ്ട് ഒരു ബില്യൺ ഡോളറിന്റെ ഇൻഷുറൻസ് നഷ്ടവും ഹൈഡ്രോ ഒട്ടാവയ്ക്ക് മാത്രം 70 മില്യൺ ഡോളറിന്റെ നഷ്ടവും സംഭവിച്ചു.
കാലാവസ്ഥാ മാറ്റത്തിനൊപ്പം വൈദ്യുതിയുടെ ആവശ്യവും വർദ്ധിച്ചുവരികയാണെന്ന് ഇലക്ട്രിസിറ്റി കാനഡ പ്രസിഡന്റ് ഫ്രാൻസിസ് ബ്രാഡ്ലി പറയുന്നു. ഇലക്ട്രിക് വാഹനങ്ങൾ, ഹീറ്റ് പമ്പുകൾ, ഡാറ്റാ സെന്ററുകൾ എന്നിവയെല്ലാം വൈദ്യുതിയുടെ ഉപയോഗം വർദ്ധിപ്പിക്കുന്നു. 2050 ഓടെ ഒന്റാറിയോയിൽ വൈദ്യുതി ആവശ്യം 75% വർദ്ധിക്കുമെന്നും മാനിറ്റോബയിൽ അടുത്ത 20 വർഷത്തിനുള്ളിൽ ഇത് ഇരട്ടിയാകാൻ സാധ്യതയുണ്ടെന്നും പ്രവചനമുണ്ട്. “നാളെ നമ്മുക്ക് വലിയ പ്രശ്നങ്ങളുണ്ടാകില്ല. പക്ഷേ 5-10 വർഷത്തിനുള്ളിൽ ആവശ്യങ്ങൾ നിറവേറ്റാൻ നമ്മുടെ സംവിധാനങ്ങൾ മന്ദഗതിയിലാണ്, അത് ആശങ്കയുണ്ടാക്കുന്നു”എന്ന് ബ്രാഡ്ലി മുന്നറിയിപ്പ് നൽകി.
കാനഡയുടെ വൈദ്യുതി ശൃംഖലയ്ക്ക് കാലപ്പഴക്കമുണ്ടെന്നും കാലാവസ്ഥാ പ്രതിരോധ ശേഷി കുറവാണെന്നും ഈ റിപ്പോർട്ട് വ്യക്തമാക്കുന്നു. അതിനാൽ, പുതിയ സാങ്കേതികവിദ്യകളും പുനരുപയോഗ ഊർജ്ജ സ്രോതസ്സുകളും അടിയന്തരമായി ആവശ്യമാണ്. ഈ മാറ്റങ്ങൾ അനിവാര്യമാണെന്നും വൈകാതെ തന്നെ നടപ്പിലാക്കേണ്ടതുണ്ടെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നുണ്ട്.



