ക്യുബെക്കിൽ സർക്കാർ വിരുദ്ധ ഗൂഢാലോചന നടത്തി ഭൂമി പിടിച്ചെടുക്കാൻ ശ്രമിച്ച കേസിൽ നാല് പ്രതികളിൽ ഒരാൾക്ക് ജാമ്യം. 33 വയസ്സുകാരനായ മാത്യു ഫോർബ്സിനാണ് ക്യുബെക് കോടതി ജാമ്യം അനുവദിച്ചത്. ജിപിഎസ് ട്രാക്കിംഗ് ബ്രേസ്‌ലെറ്റ് ധരിക്കണം എന്ന് ഉൾപ്പെടെയുള്ള കർശന വ്യവസ്ഥകളോടെയാണ് ജാമ്യം.
കേസിലെ മറ്റ് മൂന്ന് പ്രതികളായ സൈമൺ ആൻഗേഴ്സ്-ഓഡെറ്റ്, റാഫേൽ ലാഗാസെ, മാർക്ക്-ഓറേൽ ചാബോട്ട് എന്നിവർ ജൂലൈ 24-നും 25-നും നടക്കുന്ന ജാമ്യാപേക്ഷയുടെ വാദം വരെ കസ്റ്റഡിയിൽ തുടരും. ചാബോട്ടും ഫോർബ്സും കനേഡിയൻ സായുധ സേനയിലെ സജീവ അംഗങ്ങളാണ്. നാല് പ്രതികളെയും കഴിഞ്ഞ ആഴ്ചയാണ് ക്യുബെക്കിൽ നിന്ന് അറസ്റ്റ് ചെയ്തത്.
ക്യുബെക് സ്വദേശികളായ ചാബോട്ടും ലാഗാസെയും, ന്യൂവിൽ സ്വദേശിയായ ആൻഗേഴ്സ്-ഓഡെറ്റും ഭീകരപ്രവർത്തനത്തിന് സഹായിച്ചുൾപ്പെടെയുള്ള നിരവധി കേസുകളിൽ പ്രതികളാണ്. പോണ്ട്-റൂജ് സ്വദേശിയായ മാത്യു ഫോർബ്സിനെതിരെ തോക്കുകൾ, നിരോധിത ഉപകരണങ്ങൾ, സ്ഫോടകവസ്തുക്കൾ എന്നിവ കൈവശം വെച്ചതടക്കമുള്ള കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.



