സസ്കച്ചെവാൻ തൊഴിൽ വിപണിയിൽ റെക്കോർഡ് വളർച്ച രേഖപ്പെടുത്തി. 2025 ജൂണിൽ പ്രവിശ്യയിൽ 26,300 മുഴുവൻ സമയ ജോലികളാണ് പുതുതായി സൃഷ്ടിക്കപ്പെട്ടത്. 4.9% മാത്രമാണ് ഇവിടുത്തെ തൊഴിലില്ലായ്മ നിരക്ക്, ഇത് കാനഡയിലെ എല്ലാ പ്രവിശ്യകളിലും വെച്ച് ഏറ്റവും കുറഞ്ഞ നിരക്കാണ്. ദേശീയ ശരാശരിയായ 6.9% നെക്കാൾ വളരെ താഴെയാണിത്. ഇപ്പോൾ സസ്കച്ചെവാനിൽ മുൻപെങ്ങുമില്ലാത്തവിധം ആളുകൾ ജോലി ചെയ്യുന്നുണ്ട്. ആരോഗ്യ സംരക്ഷണം, നിർമ്മാണം, പൊതുഭരണം തുടങ്ങിയ മേഖലകളിലാണ് ഈ വർദ്ധനവ് പ്രധാനമായും കണ്ടുവരുന്നത്.
ആരോഗ്യ സംരക്ഷണം, സാമൂഹ്യ സഹായം: 11,800 പുതിയ ജോലികൾ ഈ മേഖലയിൽ ഉണ്ടായി, ഇത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 12.7% വർദ്ധനവ് രേഖപ്പെടുത്തുന്നു.
നിർമ്മാണം: 6,500 പുതിയ ജോലികൾ, 14.5% വർദ്ധനവ്.
പൊതുഭരണം: 5,000 പുതിയ ജോലികൾ, 13.6% വർദ്ധനവ്.
ഈ വളർച്ച വൈവിധ്യമാർന്ന ഒരു തൊഴിൽ ശക്തിയെ വളർത്തുന്നതിനും സഹായിക്കുന്നുണ്ട്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച്, റിസർവേഷനുകൾക്ക് പുറത്തുള്ള തദ്ദേശീയരായ ആളുകളുടെ തൊഴിൽ 10.2% വർദ്ധിച്ചു. ഇത് തുടർച്ചയായ 12-ാം മാസമാണ് വർദ്ധനവ് രേഖപ്പെടുത്തുന്നത്. തദ്ദേശീയരായ യുവജനങ്ങളുടെ തൊഴിലിൽ 21.8% വർദ്ധനവ് ഉണ്ടായി. വനിതകളും തൊഴിൽ മേഖലയിൽ കാര്യമായ മുന്നേറ്റം ഉണ്ടായിട്ടുണ്ട്.13,200 പുതിയ ജോലികളിലാണ് വനിതകൾ നിയമനം നേടിയത്. വനിതകളുടെ തൊഴിൽ മേഖലയിൽ 4.6% വർദ്ധനവ് രേഖപ്പെടുത്തി.
സസ്കച്ചെവാനിലെ നഗരങ്ങളും ഈ വിജയഗാഥയിൽ പങ്കുചേരുന്നു. സസ്കറ്റൂണും റെജീനയും മുൻപന്തിയിലാണ്. 2024 ജൂണിനെ അപേക്ഷിച്ച് സസ്കറ്റൂണിലെ 3.8% തൊഴിൽ വർദ്ധിച്ചു, റെജീനയിൽ 4.4% വർദ്ധനവ് രേഖപ്പെടുത്തി. കാനഡയിലെ പ്രധാന നഗരങ്ങളിൽ ഏറ്റവും കുറഞ്ഞ തൊഴിലില്ലായ്മ നിരക്കുകളിലൊന്നാണ് സസ്കറ്റൂണിലേത് (4.6%), റെജീനയിലും (4.9%) സമാനമായ സ്ഥിതിയാണ്.



