ടൊറന്റോയിൽ രഥയാത്രയ്ക്ക് നേരെ അജ്ഞാതർ മുട്ടയെറിഞ്ഞ സംഭവം വലിയ വിവാദങ്ങൾക്ക് തിരികൊളുത്തി.ഇസ്കോണിന്റെ 53-ാമത് വാർഷിക രഥയാത്രക്ക് നേരെയാണ് ആക്രമണമുണ്ടായത്. രഥയാത്രക്കിടെ സമീപത്തെ കെട്ടിടത്തിൽ നിന്ന് ആരോ മുട്ടയെറിയുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.
ഇതേത്തുടർന്ന്, സംഘ്ന ബജാജ് എന്നയാൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച കുറിപ്പ് ശ്രദ്ധ നേടി. “അടുത്തെ കെട്ടിടത്തിൽ നിന്ന് ആരോ ഞങ്ങൾക്ക് നേരെ മുട്ടയെറിഞ്ഞു. എങ്കിലും ഞങ്ങൾ യാത്ര നിർത്തിയില്ല. കാരണം, ജഗന്നാഥ ഭഗവാൻ തെരുവിലിറങ്ങുമ്പോൾ ഒരു വിദ്വേഷത്തിനും ഞങ്ങളെ തകർക്കാൻ കഴിയില്ല,” എന്ന് അദ്ദേഹം പറയുന്നു. സംഭവത്തിൽ ടൊറന്റോയിലെ എൻആർഐ പ്രതികരണവുമായി രംഗത്തെത്തി.
മുൻ ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക് ഈ സംഭവത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. സംഭവത്തിന്റെ ചിത്രങ്ങൾ അദ്ദേഹം എക്സിൽ പങ്കുവെക്കുകയും വിദേശകാര്യ മന്ത്രാലയം ഇതിനെതിരെ ശക്തമായി പ്രതിഷേധം അറിയിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. “കാനഡയിലെ ടൊറന്റോയിൽ രഥയാത്ര ആഘോഷങ്ങൾക്കിടെ ഭക്തർക്ക് നേരെ മുട്ടയെറിഞ്ഞെന്ന റിപ്പോർട്ടുകളിൽ അഗാധമായ ദുഃഖമുണ്ട്. ഇത് ഭക്തരുടെ വികാരങ്ങളെ വ്രണപ്പെടുത്തുക മാത്രമല്ല, ഒഡീഷയിലെ ജനങ്ങൾക്ക് കടുത്ത വേദനയുണ്ടാക്കുകയും ചെയ്യുന്നു,” അദ്ദേഹം കുറിച്ചു.



