ഹാമിൽട്ടണിലെ ലൈറ്റ് റെയിൽ ട്രാൻസിറ്റ് (LRT) പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി അടുത്തയാഴ്ച ഒരു പ്രധാന ജംഗ്‌ഷൻ താൽക്കാലികമായി അടച്ചിടുമെന്ന് നഗരഭരണകൂടം അറിയിച്ചു. വാർഡ് 4-ൽ ഉൾപ്പെടുന്ന മെയിൻ സ്ട്രീറ്റ് ഈസ്റ്റും പാർക്‌ഡെയിൽ അവന്യൂവും ചേരുന്ന ജംഗ്ഷനാണ് തിങ്കളാഴ്ച മുതൽ ബുധനാഴ്ച വരെ മൂന്ന് ദിവസത്തേക്ക് അടച്ചിടുന്നത്. വലിയ വാട്ടർമെയിൻ പൈപ്പ് സ്ഥാപിക്കുന്നതിനുള്ള ജോലികൾക്കായാണ് ഈ അടച്ചിടൽ.
റോഡുകൾ സുരക്ഷിതവും സ്ഥിരതയുള്ളതുമാക്കാനും ഭാവിയിൽ LRT പ്രവർത്തനത്തിനായി തയ്യാറാക്കാനുമുള്ള പ്രാഥമിക നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമാണിത്. റോഡ് അടച്ചിടുന്നതുമൂലം ജനങ്ങൾക്കും വ്യാപാര സ്ഥാപനങ്ങൾക്കും ഉണ്ടാകുന്ന അസൗകര്യങ്ങളിൽ നഗരഭരണകൂടം ഖേദം പ്രകടിപ്പിച്ചു. പ്രവർത്തനങ്ങളിൽ സഹകരിക്കുന്ന ജനങ്ങൾക്ക് നന്ദിയും അറിയിച്ചു
മക്മാസ്റ്റർ യൂണിവേഴ്സിറ്റിയും ഈസ്റ്റ്‌ഗേറ്റ് മാളും തമ്മിലുള്ള 14 കിലോമീറ്റർ ദൂരത്തിൽ മെട്രോലിങ്ക്‌സിന്റെ നേതൃത്വത്തിൽ നിർമ്മാണം നടക്കുന്ന ഈ LRT പ്രോജക്ട്, നഗരത്തിന്റെ കേന്ദ്ര ഭാഗങ്ങളിലൂടെ സഞ്ചരിക്കും. 2025 മേയ് മാസത്തിൽ അന്തിമമാക്കിയ പദ്ധതി പ്രകാരം, നഗരത്തിലെ പല സ്ഥലങ്ങളിലും നിർമ്മാണ പ്രവർത്തനങ്ങൾ വളരെ വേഗത്തിൽ മുന്നേറുകയാണ്. പാർക്‌ഡെയിലിന്റെ പടിഞ്ഞാറേ ഭാഗത്തുള്ള ചെറിയ റോഡുകൾ വാഹന ഉപയോക്താക്കൾക്ക് ബദൽ മാർഗ്ഗമായി ഉപയോഗിക്കാം. ബസ് സർവീസുകളിലുണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങൾ ബന്ധപ്പെട്ട ഔദ്യോഗിക വെബ്സൈറ്റിൽ അപ്‌ഡേറ്റ് ചെയ്തിട്ടുണ്ട്.
സിവിൽ, യൂട്ടിലിറ്റി മാറ്റങ്ങൾ, പാലങ്ങൾ, നടപ്പാതകൾ, ട്രാഫിക് ലൈറ്റുകൾ എന്നിവ ഉൾപ്പെടുന്ന പ്രധാന നിർമ്മാണ ജോലികൾക്കായി നിർമ്മാണ കമ്പനിയെ തിരഞ്ഞെടുക്കുന്നതിനുള്ള ടെൻഡർ നടപടികൾ പുരോഗമിക്കുകയാണ്. റെയിൽ പാളങ്ങൾ സ്ഥാപിക്കുന്നതിനുള്ള മറ്റൊരു ടെൻഡർ പിന്നീട് ആരംഭിക്കും. നിർമ്മാണ കാലാവധിക്കായുള്ള സമയക്രമം കമ്പനി, മെട്രോലിങ്ക്‌സ്, നഗരഭരണകൂടം എന്നിവർ ചേർന്ന് നിശ്ചയിക്കും.



