തമിഴ് ചലച്ചിത്ര ലോകം ആകാംഷയോടെ കാത്തിരിക്കുന്ന സൂപ്പർസ്റ്റാർ രജനികാന്തിന്റെ ‘കൂലി’ എന്ന ചിത്രത്തിലെ രണ്ടാമത്തെ ഗാനം ‘മോണിക്ക’ കഴിഞ്ഞ ദിവസം പുറത്തിറങ്ങി. ഒരു മാസ് ഡാൻസ് നമ്പറായ ഈ ഗാനത്തിൽ പൂജ ഹെഗ്ഡെയും സൗബിൻ ഷാഹിറുമാണ് പ്രധാന വേഷങ്ങളിൽ എത്തിയത്. ഗാനം റിലീസ് ചെയ്തതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ചർച്ചയാകുന്നത് സൗബിൻ ഷാഹിറിന്റെ മികച്ച ഡാൻസ് നമ്പറുകളാണ്. പൂജ ഹെഗ്ഡെയെപ്പോലുള്ള ഒരു പ്രഗത്ഭയായ നർത്തകിയെ പോലും സൗബിൻ തൻ്റെ പ്രകടനത്തിലൂടെ അതിശയിപ്പിച്ചു എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം.
ഏത് സൂപ്പർതാരത്തിന്റെ ഒപ്പം പ്രത്യക്ഷപ്പെട്ടാലും നൃത്തത്തിൽ തൻ്റെതായ വ്യക്തിമുദ്ര പതിപ്പിക്കുന്ന പൂജ ഹെഗ്ഡെയെ ഇത്തവണ സൗബിൻ ഷാഹിർ പിന്നിലാക്കിയെന്നാണ് കമന്റുകൾ സൂചിപ്പിക്കുന്നത്. സൗബിന്റെ ഡാൻസ് സ്റ്റെപ്പുകൾ സോഷ്യൽ മീഡിയയിൽ എഡിറ്റുകളായും റീലുകളായും നിറയുകയാണ്. സൺ ടിവിയുടെ യൂട്യൂബ് ചാനലിൽ ഗാനം റിലീസ് ചെയ്ത വീഡിയോയ്ക്ക് താഴെയും സൗബിനെ അഭിനന്ദിച്ചുകൊണ്ട് നിരവധി കമന്റുകൾ എത്തിയിട്ടുണ്ട്. ഏത് കഥാപാത്രത്തെയും തൻ്റേതായ ശൈലിയിൽ മികച്ചതാക്കുന്ന സൗബിൻ്റെ മറ്റൊരു മുഖം ലോകേഷ് കനകരാജ് ഈ ചിത്രത്തിലൂടെ കാണിച്ചുതരുമെന്നാണ് പലരും പ്രതീക്ഷിക്കുന്നത്.
ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത് അനിരുദ്ധ് രവിചന്ദറാണ്, വിഷ്ണു ഇടവന്റെ വരികൾക്ക് സുബ് ലശിണിയും അനിരുദ്ധ് രവിചന്ദറും ചേർന്നാണ് ‘മോണിക്ക’ ഗാനം ആലപിച്ചിരിക്കുന്നത്. റാപ് ചെയ്തിരിക്കുന്നത് അസൽ കോലാറാണ്. നേരത്തെ പുറത്തിറങ്ങിയ ‘ചികിട്ടു’ എന്ന ഗാനത്തിനും മികച്ച സ്വീകാര്യത ലഭിച്ചിരുന്നു. രജനികാന്തും ലോകേഷ് കനകരാജും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ‘കൂലി’. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് ചിത്രം നിർമ്മിക്കുന്നത്. ബോളിവുഡ് താരം ആമിർ ഖാൻ അതിഥി വേഷത്തിൽ എത്തുന്നു എന്നതും ചിത്രത്തിന്റെ ആകർഷണീയത വർദ്ധിപ്പിക്കുന്നു.
നാഗാർജുന അക്കിനേനി, ഉപേന്ദ്ര, സത്യരാജ്, ശ്രുതി ഹാസൻ, റീബ മോണിക്ക ജോൺ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. മലയാളത്തിലെ പ്രശസ്ത ഛായാഗ്രഹകൻ ഗിരീഷ് ഗംഗാധരൻ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് ഫിലോമിൻ രാജാണ്. ‘കൂലി’ 2025 ഓഗസ്റ്റ് 14 ന് തിയേറ്ററുകളിൽ റിലീസ് ചെയ്യും.



