ഒന്റാരിയോയിൽ കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതിൽ തങ്ങൾ മാതൃകയാണെന്ന് സർക്കാരുകൾ പലപ്പോഴും അവകാശപ്പെടാറുണ്ടെങ്കിലും, വോൾഫ്, ആംഹെർസ്റ്റ് ദ്വീപുകളിലേക്കുള്ള വൈദ്യുത ഫെറികൾ ഇപ്പോഴും ഡീസൽ ഇന്ധനത്തിലാണ് ഓടുന്നത്. കഴിഞ്ഞ വേനൽ മുതൽ സർവീസ് ആരംഭിച്ച ഈ ഫെറികൾക്ക് ആവശ്യമായ ചാർജിംഗ് സംവിധാനങ്ങൾ ഇതുവരെ പൂർണ്ണമായി സ്ഥാപിച്ചിട്ടില്ല. ഇത് സർക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങൾക്കും യാഥാർത്ഥ്യത്തിനും ഇടയിലുള്ള വലിയ അന്തരമാണ് തുറന്നുകാട്ടുന്നത്.
രേഖകൾ പ്രകാരം, ഈ ഫെറികൾ ലക്ഷക്കണക്കിന് ലിറ്റർ ഡീസൽ ഇതിനോടകം കത്തിച്ചു തീർത്തു. ഓരോ ഫെറിക്കും പ്രതിമാസം 150,000 ഡോളർ മുതൽ 200,000 ഡോളർ വരെയാണ് ഇന്ധനത്തിനായി ചിലവഴിക്കുന്നത്. കനേഡിയൻ നികുതിദായകരുടെ പണമാണ് ഇങ്ങനെ പാഴാക്കപ്പെടുന്നത്. ആംഹെർസ്റ്റ് ഐലൻഡർ II (AI2) ഇടയ്ക്കിടെ വൈദ്യുതി ഉപയോഗിച്ച് പ്രവർത്തിക്കുന്നുണ്ടെങ്കിലും, വോൾഫ് ഐലൻഡർ IV (WI4) പൂർണ്ണമായും വൈദ്യുതീകരിക്കാൻ 2027 വരെ എടുത്തേക്കാമെന്ന് ഒന്റാരിയോ ഗതാഗത മന്ത്രാലയം (MTO) അറിയിച്ചു.
2018-ൽ വൈദ്യുത ഫെറികൾ പ്രഖ്യാപിച്ചപ്പോൾ വലിയ പ്രതീക്ഷയിലായിരുന്നു പരിസ്ഥിതി പ്രവർത്തകനായ മാർക്ക് സിബ്ലിയെപ്പോലുള്ളവർ. എന്നാൽ ഇപ്പോഴത്തെ സ്ഥിതി അദ്ദേഹത്തെ നിരാശനാക്കിയിരിക്കുകയാണ്. ‘നമ്മൾ നേരിടുന്നത് ഒരു കാലാവസ്ഥാ പ്രതിസന്ധിയാണ്, അത് അടിയന്തിര നടപടികൾ ആവശ്യപ്പെടുന്നു. സർക്കാർ വേണ്ടത്ര വേഗതയിലും വ്യാപ്തിയിലും നീങ്ങുന്നില്ല എന്നതിൻ്റെ ലക്ഷണമാണിത്’,എന്ന് സിബ്ലി പറഞ്ഞു. വൈദ്യുത ഫെറികളിലൂടെ പ്രതിവർഷം 7.4 ദശലക്ഷം കിലോഗ്രാം കാർബൺ ഡൈ ഓക്സൈഡ് പുറന്തള്ളുന്നത് കുറയ്ക്കാനാകുമെന്നായിരുന്നു നേരത്തെയുള്ള അവകാശവാദം. ഇത് ഏകദേശം 1,357 കാറുകൾ റോഡിൽ നിന്ന് ഒഴിവാക്കുന്നതിന് തുല്യമാണ്. എന്നാൽ നിലവിലെ ഡീസൽ ഉപയോഗം ഈ ലക്ഷ്യങ്ങൾക്ക് വിഘാതമാവുകയാണ്.
വൈദ്യുത ഫെറികളുടെ പൂർണ്ണമായ പ്രവർത്തനം വൈകുന്നത് ഗതാഗതക്കുരുക്കിനും യാത്രാസമയ വർദ്ധനവിനും കാരണമാകുന്നുണ്ടെന്ന് കിംഗ്സ്റ്റൺ എം.പി.പി ടെഡ് സൂ ചൂണ്ടിക്കാട്ടി. വൈദ്യുതീകരണം പൂർത്തിയായാൽ നിലവിലുള്ള 80 മിനിറ്റ് യാത്രാസമയം 60 മിനിറ്റായി കുറയ്ക്കാൻ സാധിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. നിലവിൽ വൈദ്യുത ചാർജിംഗ് സൗകര്യങ്ങൾ ഭാഗികമായി പ്രവർത്തിക്കുന്നുണ്ടെന്നും, ഫെറികൾ പൂർണ്ണമായും വൈദ്യുതീകരിക്കാൻ ശ്രമം തുടരുകയാണെന്നും ഗതാഗത മന്ത്രാലയം അറിയിച്ചു. എന്നിരുന്നാലും, ഈ ‘വൈദ്യുത’ ഫെറികൾ ഇപ്പോഴും ഡീസലിൽ ഓടുന്നതും അത് മൂലമുണ്ടാകുന്ന ഭീമമായ ചിലവും സർക്കാരിന്റെ കാലാവസ്ഥാ സംരക്ഷണ പ്രതിബദ്ധതയെ ചോദ്യം ചെയ്യുന്ന ഒന്നാണ്.



