ദീർഘനാളായി സമരത്തിലായിരുന്ന കനേഡിയൻ ഹിയറിംഗ് സർവീസസിലെ (Canadian Hearing Services) ജീവനക്കാരും മാനേജ്‌മെന്റും തമ്മിൽ ഒടുവിൽ താൽക്കാലിക കരാറിലെത്തി. ഇതുമായി ബന്ധപ്പെട്ട വോട്ടെടുപ്പ് ഇന്ന് (തിങ്കളാഴ്ച) നടക്കും. കനേഡിയൻ യൂണിയൻ ഓഫ് പബ്ലിക് എംപ്ലോയീസ് (CUPE) ലോക്കൽ 2073-ഉം കനേഡിയൻ ഹിയറിംഗ് സർവീസസും തമ്മിലാണ് കരാറിലെത്തിയത്. ഏപ്രിൽ 28 മുതൽ ജീവനക്കാർ സമരത്തിലായിരുന്നു. ഏകദേശം പത്ത് ആഴ്ചയോളം നീണ്ട ഈ സമരം ശ്രവണശേഷിയില്ലാത്ത സമൂഹത്തിന് വലിയ ബുദ്ധിമുട്ടുകളാണുണ്ടാക്കിയത്.
കരാറിന്റെ വിശദാംശങ്ങൾ നിലവിൽ പുറത്തുവിട്ടിട്ടില്ല. തിങ്കളാഴ്ച ജീവനക്കാർ കരാർ പരിശോധിച്ച് വോട്ടെടുപ്പിലൂടെ അംഗീകരിച്ചാൽ മാത്രമേ വിവരങ്ങൾ ലഭ്യമാകൂ.കരാർ അംഗീകരിക്കപ്പെട്ടാൽ, ജൂലൈ 14 തിങ്കളാഴ്ചയോടെ ജീവനക്കാർക്ക് ജോലിയിൽ പ്രവേശിക്കാൻ സാധിക്കും. ജീവനക്കാരെല്ലാം ജോലിയിലേക്ക് തിരികെയെത്താൻ കാത്തിരിക്കുകയാണെന്ന് CUPE 2073-ന്റെ പ്രസിഡന്റ് മാരാ വേൺ പറഞ്ഞു. ഈ സമരകാലയളവിൽ ബധിര, അന്ധ, കേൾവിശക്തി കുറഞ്ഞ വിഭാഗങ്ങളിൽപ്പെട്ടവരെല്ലാം തങ്ങളെ പിന്തുണച്ചെന്നും, തങ്ങളുടെ സമരത്തിൽ പങ്കുചേർന്നും, അവരുടെ ബുദ്ധിമുട്ടുകൾ പങ്കുവെച്ചും ഒപ്പമുണ്ടായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
CUPE 2073, ഒന്റാറിയോയിലെ 18 വ്യത്യസ്ത കമ്മ്യൂണിറ്റികളിലായി ഏകദേശം 200 ജീവനക്കാരെയാണ് പ്രതിനിധീകരിക്കുന്നത്. ഈ താൽക്കാലിക കരാർ അംഗീകരിക്കപ്പെടുകയാണെങ്കിൽ, ഈ മേഖലയിലെ സേവനങ്ങൾ സാധാരണ നിലയിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.



