സെൻട്രൽ ഒന്റാറിയോയുടെയും തെക്കൻ ഭാഗങ്ങളെയും അതിശക്തമായ ചൂട് തുടരുന്ന സാഹചര്യത്തിൽ, എൻവയൺമെൻ്റ് ആൻഡ് ക്ലൈമറ്റ് ചേഞ്ച് കാനഡ (ECC) ചൂട് മുന്നറിയിപ്പ് പ്രഖ്യാപിച്ചു. ജൂലൈ 5 ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. ECCയുടെ പ്രവചനം അനുസരിച്ച്, ഈ വാരാന്ത്യത്തിൽ താപനില 30 ഡിഗ്രി സെൽഷ്യസിനു മുകളിൽ എത്തുകയും, ഹ്യുമിഡെക്സ് (ഈർപ്പവും താപനിലയും ചേർന്നുള്ള അനുഭവേദ്യ താപനില) കണക്കാക്കുമ്പോൾ അത് 40 ഡിഗ്രി സെൽഷ്യസിനോടടുത്ത് എത്തുകയും ചെയ്യും.
ബാറി മുതൽ വടക്ക് വാഷാഗോ വരെയും, തെക്ക് വിൻസർ വരെയുമുള്ള പ്രദേശങ്ങൾ ഈ മുന്നറിയിപ്പിന്റെ പരിധിയിൽ വരും. എന്നാൽ ഗ്രേവൻഹേഴ്സ്റ്റ്, മുസ്കോക, ഹൺട്സ്വില്ലെ, ഹാലിബർട്ടൺ എന്നിവിടങ്ങളിൽ നിലവിൽ മുന്നറിയിപ്പില്ല.
അന്തരീക്ഷ മലിനീകരണവും ചൂട് മൂലമുള്ള അസ്വസ്ഥതകളും (heat exhaustion) സംബന്ധിച്ച് പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ECC നിർദ്ദേശിച്ചു. ചൂട് ക്ഷീണത്തിൻ്റെ പ്രധാന ലക്ഷണങ്ങളിൽ തലവേദന, ഛർദ്ദി, തലകറക്കം, തീവ്രമായ ക്ഷീണം, അമിതമായ ദാഹം, മൂത്രത്തിന് ഇരുണ്ട നിറം എന്നിവ ഉൾപ്പെടുന്നു. ഇത്തരം സാഹചര്യങ്ങളിൽ ശരിയായ അളവിൽ വെള്ളം കുടിക്കാനും തണുപ്പുള്ള സ്ഥലങ്ങളിൽ വിശ്രമിക്കാനും അധികൃതർ നിർബന്ധമായും ആവശ്യപ്പെട്ടു.



