അമേരിക്കയുടെ സ്വാതന്ത്ര്യദിനമായ ജൂലൈ 4-ന് ഒട്ടാവ സിറ്റി ഹാളിൽ അമേരിക്കൻ പതാക ഉയർത്തി ആചരിച്ചു. ഒട്ടാവയിലെ മറിയൻ ഡ്യുവാർ പ്ലാസയിൽ നടന്ന പ്രത്യേക ചടങ്ങിൽ യു.എസ്. അംബാസഡർ പീറ്റർ ഹൂക്‌സ്ട്രാ, ഓട്ടാവ മേയർ മാർക്ക് സട്ട്‌ക്ലിഫ്, അമേരിക്കൻ ചേംബർ ഓഫ് കൊമേഴ്സിന്റെ കാനഡ പ്രസിഡൻ്റ് റിക്ക് ടാചക് എന്നിവർ പങ്കെടുത്തു. നഗരത്തിൻ്റെ പതാക ഉയർത്തൽ പ്രോട്ടോക്കോൾ അനുസരിച്ചുള്ള നടപടിയാണിതെന്നും, കാനഡ-യുഎസ് ബന്ധത്തിലെ ഔദ്യോഗികതയും ദീർഘകാല സൗഹൃദവും ഈ പതാക പ്രതിനിധീകരിക്കുന്നുവെന്നും സിറ്റി ഓഫ് ഒട്ടാവയുടെ പ്രോട്ടോക്കോൾ ഉപദേശകൻ ഡാനിയേൽ ഫ്രാങ്കൂർ വ്യക്തമാക്കി.
ചടങ്ങിന് ശേഷം സംസാരിച്ച മേയർ മാർക്ക് സട്ട്‌ക്ലിഫ്, സ്വാതന്ത്ര്യദിനം കാനഡയും അമേരിക്കയും തമ്മിലുള്ള പങ്കാളിത്തത്തിൻ്റെ ആഴവും സാംസ്കാരിക ബന്ധങ്ങളും ശക്തിപ്പെടുത്താനുള്ള സുപ്രധാന അവസരമാണെന്ന് വ്യക്തമാക്കി. നിലവിലുള്ള വ്യാപാര തർക്കങ്ങൾ കാരണം ഈ വർഷം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം അല്പം വഷളായിരുന്നെങ്കിലും, ബന്ധങ്ങൾ ഇപ്പോഴും ശക്തമാണെന്നും ബിസിനസ് തലത്തിൽ ഇരുരാജ്യങ്ങൾക്കും പരസ്പര വളർച്ചയ്ക്ക് വലിയ സാധ്യതകളുണ്ടെന്നും അംബാസഡർ ഹൂക്‌സ്ട്രാ ചൂണ്ടിക്കാട്ടി.
ഒട്ടാവ സിറ്റി ഹാൾ വിവിധ രാജ്യങ്ങളുടെ ദേശീയ ദിനങ്ങൾ ആചരിക്കുന്നതിൽ മുന്നിലാണ്. ഈ വർഷം ഇതുവരെ 190-ൽ അധികം രാജ്യങ്ങളുടെ ദേശീയ പതാകകൾ ഇവിടെ ഉയർത്തിയിട്ടുണ്ട്. ജൂലൈ 4-ന് തന്നെ റുവാണ്ടയുടെ ‘വിമോചന ദിനം’ ആഘോഷിക്കുന്നതിൻ്റെ ഭാഗമായി അവരുടെ ദേശീയ പതാകയും ഇവിടെ ഉയർത്തപ്പെടും. നയതന്ത്രബന്ധങ്ങൾക്കും സാംസ്കാരിക കൈമാറ്റങ്ങൾക്കും ഒട്ടാവ നൽകുന്ന പ്രാധാന്യം ഇതിലൂടെ വ്യക്തമാണ്.



