ഇന്ത്യൻ സിനിമാ ലോകത്തിനു മുന്നിൽ ഒരു പുതിയ യുഗത്തിന്റെ തുടക്കം കുറിക്കുന്ന രൺബീർ കപൂർ, യഷ്, സായ് പല്ലവി എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന നിതേഷ് തിവാരിയുടെ ബ്രഹ്മാണ്ഡ ചിത്രം രാമായണയുടെ ടൈറ്റിൽ ടീസർ പുറത്തിറങ്ങി. ഇന്ത്യൻ ഇതിഹാസമായ രാമായണത്തെ അടിസ്ഥാനമാക്കി ഒരുക്കുന്ന ഈ ചിത്രം രണ്ട് ഭാഗങ്ങളായാണ് തിയേറ്ററുകളിലെത്തുക. ആദ്യഭാഗം 2026 ദീപാവലിക്കും രണ്ടാം ഭാഗം 2027 ദീപാവലിക്കും റിലീസ് ചെയ്യും.
ചലച്ചിത്ര പ്രേമികളെ ഏറ്റവും കൂടുതൽ ആവേശത്തിലാഴ്ത്തുന്ന വിവരമാണ് ഹാൻസ് സിമ്മറും എ ആർ റഹ്മാനും ഒന്നിച്ച് സംഗീതം നിർവ്വഹിക്കുന്നു എന്നത്. ഹോളിവുഡിലെ പ്രശസ്ത സംഗീത സംവിധായകനായ ഹാൻസ് സിമ്മറും ഇന്ത്യയുടെ മൊസാർട്ട് എന്നറിയപ്പെടുന്ന എ.ആർ. റഹ്‌മാനും ചേർന്നുള്ള ഈ കൂട്ടുകെട്ട് ലോകസിനിമയിൽ ഒരു ചരിത്ര നിമിഷമാണ്. ഇരുവരുടെയും സംഗീത പ്രതിഭ രാമ-രാവണ യുദ്ധത്തിന് ഗംഭീരമായ ശബ്ദാനുഭവം നൽകുമെന്ന കാര്യത്തിൽ സംശയമില്ല.
835 കോടി രൂപയുടെ ബജറ്റിൽ നിർമ്മിക്കപ്പെടുന്ന ഈ സിനിമ ഇന്ത്യയിലെ ഏറ്റവും വലിയ സിനിമകളിൽ ഒന്നായി മാറുകയാണ്. സണ്ണി ഡിയോൾ ഹനുമാനായും, ലാറ ദത്ത കൈകേയിയായും, രാകുൽ പ്രീത് സിങ്ങ് ശൂർപണഖയായും അഭിനയിക്കും. ബോബി ഡിയോൾ കുംഭകർണനായി എത്തുമെന്നും സൂചനകളുണ്ട്. നമിത് മല്‍ഹോത്രയും യഷും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം.
ടീടീസറിൽ കണ്ട ദൃശ്യങ്ങളും സാങ്കേതിക മികവും ഈ സിനിമ ഇന്ത്യൻ സിനിമയ്ക്ക് ഒരു പുതിയ വഴിത്തിരിവാകുമെന്ന് ഉറപ്പുനൽകുന്നു. രാമായണത്തിന്റെ ആത്മീയതയും ആധുനിക സിനിമാ സാങ്കേതിക വിദ്യയുടെ മികവും സംയോജിപ്പിക്കുന്ന ഈ ചലച്ചിത്രം ഇന്ത്യൻ സിനിമാ ചരിത്രത്തിലെ ഒരു നാഴികക്കല്ലായി മാറുമെന്നത് വ്യക്തമാണ്.



