കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും വിജയങ്ങൾ വ്യത്യസ്തമായ സർപ്രൈസുകൾ നൽകി ആസ്വദിക്കുകയും ആഘോഷിക്കുകയും ചെയ്യുന്നവരാണ് നമ്മളിൽ പലരും. അത്തരത്തിൽ ഡോക്ടറേറ്റ് നേടിയെ ഭർത്താവിന് ഭാര്യ നൽകിയ സർപ്രൈസാണ് ഇപ്പോൾ സമൂഹമാധ്യമത്തിൽ വൈറലാകുന്നത്. ക്രിസ്റ്റീന അമാൻഡ ഹാർട്ട്‌ലി എന്ന യുവതിയാണ് കഥയിലെ താരം.
ഒരു കേക്കുണ്ടാക്കിയാണ് ക്രിസ്റ്റീന പിഎച്ച്ഡി വിജയകരമായി പൂർത്തിയാക്കിയ ഭർത്താവിന് സർപ്രൈസൊരുക്കിയത്. എന്നാൽ ആ കേക്ക് ഇ.കോളി ബാക്ടീരിയുടെ ആകൃതിയിലാണ് എന്നതാണ് ശ്രദ്ധേയം. കേക്കുണ്ടാക്കുന്നതിന്റെ വീഡിയോ ക്രിസ്റ്റീന സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ചു. ‘ഭർത്താവിന്റെ പിഎച്ച്ഡി ഗ്രാജ്വേഷൻ ദിവസം രാവിലെ മൂന്ന് മണിക്ക് ഞാൻ ഇ.കോളി കേക്ക് ഉണ്ടാക്കുന്നു’ എന്ന അടിക്കുറിപ്പോടെയാണ് ക്രിസ്റ്റീന വീഡിയോ പോസ്റ്റ് ചെയ്തത്. ഹൃദയത്തിന്റെ ആകൃതിയിലുള്ള കേക്കിനെ ‘ആൾട്ടർ’ ചെയ്താണ് അവർ ഇ.കോളി കേക്ക് ഉണ്ടാക്കിയത്. ‘നിങ്ങൾ ഒരു ഇ.കോളി കേക്ക് കഴിക്കുമോ’ എന്നും പോസ്റ്റിൽ ക്രിസ്റ്റീന ചോദിച്ചു. വെള്ളത്തെ മലിനമാക്കുകയും ഒട്ടേറെ ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമാകുകയും ചെയ്യുന്ന അതേ ഇ.കോളി ബാക്ടീരിയ എന്താണ് കേക്കിൽ എന്ന അത്ഭുതമായിരുന്നു കേക്ക് കണ്ട എല്ലാവർക്കും.
എന്നാൽ അതിനുള്ള ഉത്തരം വളരെ ലളിതമാണ്. ക്രിസ്റ്റീനയുടെ ഭർത്താവിന്റെ പിഎച്ച്ഡി ഗവേഷണ വിഷയം ഇ.കോളി ബാക്ടീരിയയുമായി ബന്ധപ്പെട്ടതായിരുന്നു. ക്രിസ്റ്റീന പോസ്റ്റ് ചെയ്ത വീഡിയോ ഇൻസ്റ്റഗ്രാമിൽ 67 ലക്ഷത്തിലേറെ പേരാണ് കണ്ടത്. 25,000 ലൈക്കുകളും ആയിരക്കണക്കിന് കമന്റുകളും വീഡിയോയ്ക്ക് ലഭിച്ചു.



