പൂർണ്ണ തോതിലുള്ള യുദ്ധം ആരംഭിച്ചതിന് ശേഷം യുക്രയ്ന് നേരെ റഷ്യ നടത്തിയ ഏറ്റവും വലിയ വ്യോമാക്രമണം റിപ്പോർട്ട് ചെയ്തു. ഒറ്റ രാത്രികൊണ്ട് 537 ഡ്രോണുകളും മിസൈലുകളുമാണ് റഷ്യ തൊടുത്തതെന്ന് യുക്രൈൻ വ്യോമസേന അറിയിച്ചു. ശനിയാഴ്ച വൈകുന്നേരം ആരംഭിച്ച് ആറ് മണിക്കൂറിലധികം നീണ്ടുനിന്ന ഈ ആക്രമണം കീവ്, ലിവിവ്, ഖാർകിവ്, ഖേർസൺ ഉൾപ്പെടെ രാജ്യത്തുടനീളമുള്ള നഗരങ്ങളെ ലക്ഷ്യമിട്ടു. റഷ്യയുടെ 475 ആക്രമണങ്ങളെ യുക്രൈൻ തടഞ്ഞെങ്കിലും, ഈ ആക്രമണം നിരവധി നാശനഷ്ടങ്ങൾ വരുത്തി. സാധാരണക്കാർക്ക് പരിക്കേൽക്കുകയും വീടുകൾക്കും അടിസ്ഥാന സൗകര്യങ്ങൾക്കും സംഭരണശാലകൾക്കും കേടുപാടുകൾ സംഭവിക്കുകയും ചെയ്തു.
ഈ ആക്രമണത്തിൽ യുക്രൈൻ F-16 പൈലറ്റ് മക്സിം ഉസ്റ്റിമെൻകോ കൊല്ലപ്പെട്ടു. അദ്ദേഹത്തിൻ്റെ വിമാനത്തിന് ഗുരുതരമായി കേടുപാടുകൾ സംഭവിക്കുന്നതിന് മുൻപ് ഏഴ് ആകാശ ലക്ഷ്യങ്ങളെയാണ് ഉസ്റ്റിമെൻകോ വെടിവെച്ചിട്ടത്.പ്രസിഡൻ്റ് വോലോഡിമർ സെലെൻസ്കി ദുഃഖം രേഖപ്പെടുത്തുകയും ശക്തമായ വ്യോമ പ്രതിരോധ സംവിധാനങ്ങളുടെ ആവശ്യകത ആവർത്തിക്കുകയും ചെയ്തു. അടുത്തിടെ പാശ്ചാത്യ സഖ്യകക്ഷികൾ നൽകിയ F-16 ജെറ്റുകൾ റഷ്യൻ മിസൈൽ ആക്രമണങ്ങളെ ചെറുക്കുന്നതിൽ യുക്രൈനിൻ്റെ നിർണായക ഭാഗമായി മാറിയിരുന്നു.
അമേരിക്കൻ പാട്രിയറ്റ് പോലുള്ള അത്യാധുനിക വ്യോമ പ്രതിരോധ സംവിധാനങ്ങളുടെ വിതരണം വേഗത്തിലാക്കാൻ സെലെൻസ്കി അന്താരാഷ്ട്ര സഖ്യകക്ഷികളോടും പ്രത്യേകിച്ച് യു.എസ്, യൂറോപ്പ് എന്നിവിടങ്ങളോടും അഭ്യർത്ഥിച്ചു. “ബാലിസ്റ്റിക്, മറ്റ് മിസൈലുകളിൽ നിന്നും, ഡ്രോണുകളിൽ നിന്നും, ഭീകരതയിൽ നിന്നും” യുക്രൈന് സംരക്ഷണം ആവശ്യമാണെന്ന് ഊന്നിപ്പറഞ്ഞുകൊണ്ട്, റഷ്യയുടെ വർദ്ധിച്ചുവരുന്ന ആക്രമണങ്ങളെ നേരിടാൻ കൂടുതൽ രാഷ്ട്രീയ ഇച്ഛാശക്തിയും നേതൃത്വവും സെലെൻസ്കി ആവശ്യപ്പെട്ടു. അതേസമയം, അതിർത്തിക്ക് സമീപമുണ്ടായ ആക്രമണങ്ങളോട് പ്രതികരിച്ച് പോളണ്ട് തങ്ങളുടെ പ്രതിരോധ സംവിധാനങ്ങളെ സജ്ജമാക്കി നിർത്തി.
ഒരു തിരിച്ചടി എന്ന നിലയിൽ, ക്രിമിയയിലെ കിറോവ്സ്കെ വ്യോമതാവളത്തിൽ ഡ്രോൺ ആക്രമണം നടത്തിയെന്നും റഷ്യൻ ഹെലികോപ്റ്ററുകളും ഒരു പാൻസിർ-എസ്1 വ്യോമ പ്രതിരോധ സംവിധാനവും നശിപ്പിച്ചെന്നും യുക്രൈൻ അവകാശപ്പെട്ടു



