സർണിയയിൽ നടന്ന മയക്കുമരുന്ന് കടത്ത് അന്വേഷണത്തിനൊടുവിൽ ഒരാൾക്കെതിരെ കേസെടുത്തു. വ്യാഴാഴ്ച ട്രാഫിക് സ്റ്റോപ്പിനിടെ സർണിയ പോലീസ് മേജർ കേസ് ആക്ഷൻ ടീം (MCAT) സ്കാർബറോ സ്വദേശിയായ 23 വയസ്സുകാരനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളുടെ വാഹനത്തിൽ നടത്തിയ പരിശോധനയിൽ 10.5 ഔൺസ് കൊക്കെയ്ൻ, 13 ഔൺസ് മെത്താംഫെറ്റാമൈൻ, 8 ഔൺസ് ഫെന്റാനിൽ (ഇതിൽ പകുതി ശുദ്ധമായ ഫെന്റാനിൽ) എന്നിവ കണ്ടെടുത്തു.
പിടിച്ചെടുത്ത മയക്കുമരുന്നിന്റെ ഏകദേശ മൂല്യം 222,069 ഡോളർ വരും. കൂടാതെ, പോലീസ് 7,900 ഡോളർ പണവും പിടിച്ചെടുത്തിട്ടുണ്ട്. ഇയാൾ താമസിച്ചിരുന്ന എയർബിഎൻബിയിൽ നടത്തിയ പരിശോധനയിൽ 12,140 ഡോളർ പണം, ഫുഡ് കളറിംഗ്, സിപ്പ്ലോക്ക് ബാഗുകൾ (പാക്കേജിംഗ്), 7.34 ഗ്രാം MDMA, പ്രവർത്തിക്കുന്ന ഡിജിറ്റൽ സ്കെയിൽ എന്നിവയും കണ്ടെത്തി.
അതേസമയം, പ്രതിക്കെതിരെ മയക്കുമരുന്ന് കൈവശം വെക്കുക, അത് വിതരണം ചെയ്യുക, 5,000-ഡോളറിൽ അധികം വിലവരുന്ന കുറ്റകൃത്യത്തിലൂടെ സമ്പാദിച്ച വസ്തുക്കൾ കൈവശം വെക്കുക തുടങ്ങിയ കാര്യങ്ങൾക്ക് കേസെടുത്തിട്ടുണ്ട്.



